റഷ്യയിൽ നിന്ന് വലിയ ടീമുകളുടെ രോദനം; ഈ ബസ് സ്റ്റാൻഡ് വിട്ടു പോകണം!

വര: മജേഷ്

ഈ തന്ത്രം കളിയുടെ രസം കെടുത്തും. ബോക്സിനു മുന്നിൽ ബസ് ഇറക്കുന്നത് ഗോളുകൾ ഇല്ലാതാക്കുന്നു. ഇത്തരം ടീമുകൾക്കെതിരെയുള്ള മൽസരം ബുദ്ധിമുട്ടേറിയതാണ്. - മാനുവൽ ന്യൂയർ (2016 യൂറോ കപ്പിനിടെ)

പുല്ലു തിന്നുകയുമില്ല, ഒട്ടു തീറ്റിക്കുകയുമില്ല എന്നു പറഞ്ഞതു പോലെയാവുകയാണ് ലോകകപ്പിലെ ചില കളികൾ. അർജന്റീനയെ പിടിച്ചു കെട്ടാൻ ഐസ്‍ലൻഡ് പ്രയോഗിച്ച അതേ തന്ത്രം കഴിഞ്ഞ ദിവസം സ്പെയ്നിനെതിരെ ഇറാനും പുറത്തെടുത്തതോടെ ശരാശരി കളിപ്രേമികൾ തികഞ്ഞ അമർഷത്തിലാണ്. പെനൽറ്റി ബോക്സിനു മുന്നിൽ വിലങ്ങനെയൊരു വലിയ ബസ് നിർത്തിയിട്ടാൽ എന്തു സംഭവിക്കുമോ അതു തന്നെ സ്ഥിതി. സുന്ദരൻ പന്തുകളി കാണാൻ കാത്തിരിക്കുന്നവർ കളി തന്നെ വെറുത്തു പോകുന്ന അവസ്ഥ. ഫുട്ബോളിനെ രക്ഷിക്കാൻ ഈ ബസ് ഉടൻ സ്റ്റാൻഡ് വിടണമെന്ന് അവർ പറഞ്ഞു പോയാൽ കുറ്റപ്പെടുത്താനാകില്ല.

ഗോൾകീപ്പർ മുതൽ സ്ട്രൈക്കർമാർ വരെ സ്വന്തം ഗോൾ പോസ്റ്റിൽ കൈയും നെഞ്ചും വിരിച്ചു പിടിച്ചു നിൽക്കുന്ന പ്രതിരോധക്കളി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അവതരിക്കപ്പെട്ട നെഗറ്റീവ് ഫുട്ബോൾ ശൈലിയാണ്. ഈ തന്ത്രത്തിന് പാർക്കിങ് ദ് ബസ് എന്നു പേരു വരാൻ കാരണക്കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ പിന്നീട് ഈ തന്ത്രത്തിന്റെ ആശാനുമായി.

ഫുട്ബോളിന്റെ സ്വാഭാവിക ഒഴുക്കു നിലയ്ക്കുന്നുവെന്നതാണ് ഇതിനെതിരെയുള്ള ആക്ഷേപം. ലോകകപ്പിൽ എങ്ങനെയും തോൽവി ഒഴിവാക്കാനും സമനില നേടാനും കുഞ്ഞൻ ടീമുകൾ ഒപ്പിക്കുന്ന ഈ തന്ത്രം ഇനിയുമാവർത്തിക്കപ്പെട്ടേക്കാം; ഒരു പക്ഷേ നോക്കൗട്ട് റൗണ്ട് വരെയെങ്കിലും!

ഇറാനെതിരെ കളിയുടെ 79% നേരത്തും പന്ത് സ്പെയിൻ താരങ്ങളുടെ കാലുകളിലായിരുന്നു. ഐസ്‌ലൻഡിനെതിരെ അർജന്റീനയുടെ ബോൾ പൊസെഷൻ 78%. കാലിൽ പന്തുണ്ടായിട്ടും ബസ് മുന്നിൽക്കിടക്കുന്നതിനാൽ ഗോളടിക്കാനോ ഷോട്ടെടുക്കാനോ പറ്റാത്ത അവസ്ഥ.

ക്ലീൻ ഷീറ്റ് യുദ്ധതന്ത്രം

ഇംഗ്ലിഷ് ലീഗുകളിലും മറ്റും തരംതാഴ്ത്തപ്പെടൽ ഭീഷണി നേരിടുന്ന കുഞ്ഞൻ ടീമുകൾ ക്ലീൻ ഷീറ്റും അതുവഴി വിലപ്പെട്ടൊരു പോയിന്റും എന്ന ലക്ഷ്യത്തോടെ സ്വീകരിച്ചുപോന്നതാണ് എല്ലാം മറന്നുള്ള ഈ പ്രതിരോധം. ടീമിലെ പത്തു പേരും ബോക്സിൽ നിലയുറപ്പിച്ച് എതിരാളികളുടെ വഴി തടയുന്ന ഏർപ്പാടാണിത്.

യൂറോ വഴി ലോകകപ്പിൽ

ഇക്കഴിഞ്ഞ ഫ്രാൻസ് യൂറോ കപ്പോടെയാണ് ദേശീയ ടീമുകൾ കളിയിൽ ബസിറക്കിത്തുടങ്ങിയത്. ഐസ്‌ലൻ‌ഡും സ്ലൊവാക്യയും നയിച്ച ‘നെഗറ്റീവ്’ തന്ത്രം യൂറോയുടെ നിറംകെടുത്തിയെന്ന് ആരോപണമുയർന്നിരുന്നു. പോർച്ചുഗലിനെതിരെ ഒൻപതു പേരെ പ്രതിരോധത്തിനു നിയോഗിച്ചാണ് ഐസ്‌ലൻഡ് സമനില പിടിച്ചത്. സ്ലൊവാക്യ ഇംഗ്ലണ്ടിനെതിരെ ഒരുപടി കൂടി കടന്ന പ്രതിരോധത്തിനു ഒരുമ്പെട്ടു. പരമ്പരാഗത പ്രതിരോധക്കാരായ ഇറ്റലിക്കാരൊക്കെ ആ കളി കണ്ട് അന്തം വിട്ടുകാണും!