Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാം മുംബൈ ഇന്ത്യൻസ്; ഒറ്റയാൻമാരുടെ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് നിലവിലെ ചാംപ്യൻമാർ

എ.ഹരിപ്രസാദ്
Author Details
Mumbai-Indians-1

ഇന്ത്യൻ പ്രീമിയർ ലീഗ് എന്നു കേട്ടാൽ മനസിൽ തെളിയുന്ന ആദ്യ ചിത്രങ്ങളിലൊന്നാകും മുംബൈ ഇന്ത്യൻസിന്റെ വിജയാഘോഷം.. വൻ‍ സന്നാഹവുമായെത്തി കിരീടം നേടാതെ മടങ്ങുന്ന ടീമെന്ന പേരുദോഷത്തോടെ ഐപിഎൽ പ്രയാണം തുടങ്ങിയ ടീമാണ് മുംബൈ. ലീഗ് പത്താമുദയം പിന്നിട്ടെത്തുമ്പോൾ നീലപ്പടയുടെ വീര്യവും വിലാസവും വേറെ ‘ലെവൽ’ ആണ്. മൂന്നു കിരീടവുമായി വിജയത്തിളക്കത്തിൽ എതിരാളികളെ പിന്നിലാക്കി ജ്വലിക്കുകയാണ് മുംബൈയുടെ ഇന്ത്യൻസ്.

പോയ വർഷം കിരീടം ഉയർത്തിയ ടീമിൽ അടിമുടി മാറ്റവുമായാണ് ഇക്കുറി മുംബൈയുടെ വരവ്. പക്ഷേ ടീമിന്റെ ന്യൂക്ലിയസ് എന്നു പറയാവുന്ന താരങ്ങളെ നിലനിർത്തിയിട്ടുമുണ്ട്.. മുൻവർഷം കളിച്ചവരിൽ ഏഴു പേരെ മാത്രം ഒപ്പം ചേർത്തിട്ടുള്ള സംഘത്തിനു നാലാം കിരീടം ഏറ്റുവാങ്ങാനുള്ള സന്നാഹവും കരുത്തും ബാക്കി.

ഒറ്റയാൻമാരുടെ സാന്നിധ്യം

വിജയത്തിടമ്പേറ്റിയ മുംബൈയുടെ ഭാഗമായിരുന്ന ഒറ്റയാൻമാരിൽ തന്നെയാണ് ടീമിന്റെ കാതൽ. ഫ്ലോട്ടിങ് ബാറ്റ്സ്മാൻമാരുടെ സ്വപ്നക്കൂടാരം കൂടിയാണ് മുംബൈ. ഒറ്റയ്ക്കു കളി ജയിപ്പിക്കുന്ന കനപ്പെട്ട പേരുകളാണ് ആ കൂട്ടത്തിലുള്ളത്. ക്യാപ്റ്റൻ കൂടിയായ ‘ഹിറ്റ്മാൻ’ രോഹിത് ശർമയിൽ തുടങ്ങുന്നു വിജയക്കൂട്ടിന്റെ മൂലമന്ത്രം. ബാറ്റിങ്ങിൽ ടീമിന്റെ ആണിക്കല്ലായ രോഹിതിനൊപ്പം ഓൾറൗണ്ടർമാരായ കിറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും തിരികെയെത്തുന്നതോടെ എതിരാളികളെ സംബന്ധിച്ചിടത്തോളം മുംബൈയുടെ ഭീഷണി അതേപടി തുടരും.

വിൻഡീസ് താരം എവിൻ ലൂയിസും ജെ.പി.ഡുമിനിയും ഏതാനും ഇന്ത്യൻ താരങ്ങളും കൂടി പുതുതായെത്തുന്നുണ്ട് ഈ നിരയിലേയ്ക്ക്. ഇതോടെ മുംബൈയുടെ ബാറ്റിങ്ങിനു പഴയ ആഴം തന്നെ കൈവരും. ജസ്പ്രിത് ബുമ്രയും മിച്ചൽ മക്‌ലീനഘനും ബോളിങ് എൻഡിലും പഴയ മുഖങ്ങളായെത്തും.

ബോളിങ് തരംഗം ആകാൻ

പഴയ മുംബൈയും പുതിയ മുംബൈയും എന്ന വേർതിരിവ് വന്നിട്ടുണ്ടെങ്കിൽ അതു ബോളിങ് നിരയിലാണ്. പണ്ടേ സുസജ്ജമായ ബോളിങ് കരുത്തിനെ ഒരു പടി കൂടി ഉയരത്തിലാക്കിയാണ് ഇത്തവണ ടീമെത്തുന്നത്. ഡെത്ത് എൻഡ് സ്പെഷലിസ്റ്റ് ബുമ്രയും മക്‌ലീനഘനും ഓൾറൗണ്ടർമാരും തുടരുന്ന പേസ് നിരയിലേയ്ക്കു പുതുതായെത്തുന്നവരെ കാണുക– മുസ്തഫിസുർ റഹ്മാൻ, പാറ്റ് കമ്മിൻസ്, ബെൻ കട്ടിങ്. മലിംഗയുടെ കാലത്തെ അതിലേറെ ശൗര്യമുള്ള പുതുതലമുറയുമായി പൊളിച്ചെഴുതുകയാണ് മുംബൈ.

സ്പിൻ വിഭാഗത്തിലും കാണാം തലമുറമാറ്റം. പക്ഷേ ഹർഭജനും കാൺ ശർമയ്ക്കും പകരം നിൽക്കാൻ അഖില ധനഞ്ജയയ്ക്കും കൗമാരതാരം രാഹുൽ ചാഹറിനും കഴിയുമോയെന്നതു കണ്ടു തന്നെ അറിയണം.

നാട്ടിലെ താരങ്ങൾ

ആഭ്യന്തര ക്രിക്കറ്റിലെ ഉശിരൻ പ്രതിഭകളെ മിന്നും താരങ്ങളാക്കി മാറ്റുന്ന പതിവുള്ളവരാണ് മുംബൈ ഇന്ത്യൻസ്. അജ്ഞാത നക്ഷത്രങ്ങളെ സൃഷ്ടിക്കാനും മുംബൈ സ്കൗട്ടിനെ കഴിഞ്ഞേ ലീഗിൽ ആളുള്ളൂ. ഇക്കുറിയും ആ വഴിയ്ക്കു ചില താരങ്ങളെ ടീം കണ്ടുവച്ചിട്ടുണ്ട്. സൂര്യകുമാർ യാദവ്, സിദ്ധേഷ് ലാഡ്, ഇഷാൻ കിഷൻ, അനുകൂൽ റോയി, തജീന്ദർ സിങ് ധില്ലൻ തുടങ്ങിയവരാണു സയമം തെളിയാൻ ഊഴം കാത്തുള്ളവർ.

മലയാളി താരം എം.ഡി. നിധീഷും മായങ്ക് മാർക്കണ്ഡേയും ഉൾപ്പെടെ ചില അറിയപ്പെടാത്ത താരങ്ങളും വാങ്കഡെയിലെ സംഘത്തിലുണ്ട്. ഇവർ നാളത്തെ ബുമ്രയും പാണ്ഡ്യയും ആയി മാറുന്ന കാഴ്ചയ്ക്കു കൂടിയാകും മുംബൈ കണക്കുകൂട്ടുന്നത്.

TOP GUNS

∙ രോഹിത് ശർമ
മൽസരം: 258
റൺസ്: 7030
ആവറേജ്: 32.39
സ്ട്രൈക്ക് റേറ്റ്: 132.66

∙കിറോൺ പൊള്ളാർഡ്
മൽസരം: 413
റൺസ്: 8048
ആവറേജ്: 30.14
സ്ട്രൈക്ക് റേറ്റ്: 151.13

∙എവിൻ ലൂയിസ്
മൽസരം: 84
റൺസ്: 2657
ആവറേജ്: 34.06
സ്ട്രൈക്ക് റേറ്റ്: 146.06

∙ ജസ്പ്രിത് ബുമ്ര
മൽസരം: 111
വിക്കറ്റ്: 128
ഇക്കോണമി: 7.26
സ്ട്രൈക്ക് റേറ്റ്: 19

∙ മുസ്തഫിസുർ
മൽസരം: 63
വിക്കറ്റ്: 78
ഇക്കോണമി: 6.94
സ്ട്രൈക്ക് റേറ്റ്: 18.1

DREAM ELEVEN

എവിൻ ലൂയിസ്
ഇഷാൻ കിഷൻ
രോഹിത് ശർമ
സൂര്യകുമാർ യാദവ്
ക്രുനാൽ പാണ്ഡ്യ
കിറോൺ പൊള്ളാർഡ്
ഹാർദിക് പാണ്ഡ്യ
തജീന്ദർ സിങ് ധില്ലൻ
ജസ്പ്രിത് ബുമ്ര
രാഹുൽ ചാഹർ
മുസ്തഫിസുർ റഹ്മാൻ