ജയ്പുർ∙ ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ ജയ്ദേവ് ഉനദ്കട്, വരുൺ ചക്രവർത്തി എന്നിവർ വിലയേറിയ താരങ്ങൾ. 8.4 കോടി രൂപയാണ് ഇരുവർക്കും ലഭിച്ചത്. 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ജയ്ദേവിനെ പഴയ ടീമായ രാജസ്ഥാൻ തന്നെ വീണ്ടും ടീമിലെടുത്തപ്പോൾ, വെറും 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ വരുൺ ചക്രവർത്തിയെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ വർഷം 11.5 കോടി രൂപയ്ക്ക് ടീമിലെടുത്ത ഉനദ്കടിനെ ടീമിൽ നിലനിർത്താതെ ലേലത്തിനു വിട്ട രാജസ്ഥാൻ, വീണ്ടും കോടികൾ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. അതേസമയം, വരുൺ ചക്രവർത്തിയുടേത് അപ്രതീക്ഷിത താരോദയമായി. ആഭ്യന്തര ക്രിക്കറ്റിലെയും തമിഴ്നാട് പ്രീമിയർ ലീഗിലെയും മിന്നും പ്രകടനമാണ് വരുണിനെ ടീമുകളുടെ പ്രിയങ്കരനാക്കിയത്.
രണ്ടു കോടി അടിസ്ഥാന വിലയുമായി ലേലത്തിനെത്തി 7.2 കോടി രൂപ നേടിയ യുവ ഇംഗ്ലണ്ട് വിസ്മയം സാം കറനാണ് വിലയിൽ രണ്ടാമതുള്ളത്. വാശിയേറിയ ലേലത്തിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബാണ് കറനെ സ്വന്തമാക്കിയത്. 6.4 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഉച്ചകഴിഞ്ഞ് 3.30 മുതൽ ജയ്പുരിൽ നടന്ന താരലേലത്തിൽ 351 പേരിൽനിന്ന് ആകെ 60 താരങ്ങളെയാണ് വിവിധ ടീമുകൾ വിളിച്ചെടുത്തത്. ഇതിൽ 40 ഇന്ത്യൻ താരങ്ങളും 20 വിദേശ താരങ്ങളും ഉൾപ്പെടുന്നു. ഇത്രയും താരങ്ങൾക്കായി 107 കോടിയോളം രൂപയാണ് എല്ലാ ടീമുകളും ചേർന്ന് ചെലവഴിച്ചത്.
∙ നാലു പേർക്ക് അഞ്ചു കോടി
ഇത്തവണത്തെ താരലേലത്തിൽ നാലു പേർ അഞ്ചു കോടി രൂപ സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, മോഹിത് ശർമ, ശിവം ദുബെ, വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത്‌വയ്റ്റ് എന്നിവരാണ് അഞ്ചു കോടി നേടിയത്. ബ്രാത്ത്‌വയ്റ്റിനെ കൊൽക്കത്തയും അക്സർ പട്ടേലിനെ ഡൽഹിയും മോഹിത് ശർമയെ ചെന്നൈയും ശിവം ദുബെയെ ആർസിബിയും അഞ്ചു കോടിക്ക് ടീമിലെത്തിച്ചു.
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും 4.8 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബിലെത്തി. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവർന്ന വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്മയർ 4.2 കോടിക്ക് ആർസിബിയിലെത്തി. മറ്റൊരു വിൻഡീസ് താരം നിക്കോളാസ് പുരാനെ 4.2 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ 2.2 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും ശ്രീലങ്കൻ താരം ലസിത് മലിംഗയെ അടിസ്ഥാന വിലയായ 2 കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.
∙ കരുത്തുകാട്ടി പ്രഭ്സിമ്രാൻ, രണ്ടാംവരവിൽ യുവി
20 ലക്ഷം രൂപയിൽനിന്ന് 4.8 കോടിയിലേക്കെത്തിയ പതിനേഴുകാരൻ താരം പ്രഭ്സിമ്രാൻ സിങ്ങും ലേലത്തിലെ താരസാന്നിധ്യമായി. പഞ്ചാബിൽനിന്നുള്ള ഈ യുവതാരത്തെ കിങ്സ് ഇലവൻ തന്നെ സ്വന്തമാക്കി. ഉത്തർപ്രദേശിൽനിന്നുള്ള അക്ഷ്ദീപ് സിങ്ങിനെ 3.6 കോടി രൂപയ്ക്ക് ആർസിബിയും ബരീന്ദർ സ്രാനെ 3.4 കോടിക്ക് മുംബൈയും സ്വന്തമാക്കി. 1.5 കോടി രൂപയ്ക്ക് ആർസിബിയിലെത്തിയ പതിനഞ്ചുകാരൻ താരം പ്രയാസ് റായ് ബർമനും ശ്രദ്ധേയനായി. ടെസ്റ്റ് ക്രിക്കറ്റിലൂടെ ആരാധകരുടെ ശ്രദ്ധ കവർന്ന ആന്ധ്രാ താരം ഹനുമ വിഹാരിയെ രണ്ടു കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അതിവേഗ ബോളിങ്ങിലൂടെ ശ്രദ്ധേയനായ വരുൺ ആരോണിനെ 2.4 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി.
മറ്റു കോടിപതികൾ: ഷെർഫെയ്ൻ റുഥർഫോർഡ് (രണ്ടു കോടി, ഡൽഹി), ലോക്കി ഫെർഗൂസൻ (1.6 കോടി, കൊൽക്കത്ത), വൃദ്ധിമാൻ സാഹ (1.2 കോടി, ഹൈദരാബാദ്), ഇഷാന്ത് ശർമ (1.1 കോടി, ഡൽഹി), ഒഷാനെ തോമസ് (1.1 കോടി, രാജസ്ഥാൻ), മാർട്ടിൻ ഗപ്റ്റിൽ (1 കോടി, ഹൈദരാബാദ്), ജോയ് ഡെൻലി (1 കോടി, കൊൽക്കത്ത), മോയ്സസ് ഹെൻറിക്വസ് (1 കോടി, പഞ്ചാബ്).
ആദ്യ ഘട്ടത്തിൽ വാങ്ങാനാളില്ലാതെ പോയ യുവരാജ് സിങ് രണ്ടാം വരവിൽ മുംബൈയിലെത്തി. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ ആരും വാങ്ങാനാളില്ലാതെ പോയ മാർട്ടിൻ ഗപ്റ്റിൽ അടിസ്ഥാന വിലയായ ഒരു കോടിക്ക് ഹൈദരാബാദിലെത്തി.
∙ മലയാളികളുടെ മാനം കാത്ത് ദേവദത്ത്
മലയാളി താരങ്ങൾക്കു പൊതുവെ നിരാശ സമ്മാനിച്ച ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ മാനം കാത്തത് ഒരു പതിനെട്ടുകാരനാണ്. അണ്ടർ 19 ടീമിൽ അംഗമായ ദേവദത്ത് പടിക്കൽ. ദേവദത്തിനെ 20 ലക്ഷം രൂപയ്ക്ക് ആർസിബിയാണ് സ്വന്തമാക്കിയത്. മലയാളികൾക്ക് അഭിമാനമായി കേരള രഞ്ജി ടീം അംഗം കൂടിയായ ജലജ് സക്സേനയെ 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
അതേസമയം, ലേലത്തിനുണ്ടായിരുന്ന മലയാളി താരങ്ങളായ സച്ചിൻ ബേബി, വിഷ്ണു വിനോദ്, സന്ദീപ് വാരിയർ എന്നിവരെ ടീമിലെടുക്കാൻ ആരും തയാറായില്ല.
∙ ലേലത്തിലെ ലക്ഷാധിപതികൾ
റോയൽ ചാലഞ്ചേഴ്സ്: ഹിമ്മത്ത് സിങ് (65 ലക്ഷം), ഗുർകീരത് മാൻ (50 ലക്ഷം), ഹെൻറിക് ക്ലാസ്സൻ (50 ലക്ഷം), മിലിന്ദ് കുമാർ (20 ലക്ഷം)
മുംബൈ ഇന്ത്യൻസ്: അൻമോൽപ്രീത് സിങ് (80 ലക്ഷം), റാസിഖ് ദാർ, പങ്കജ് ജസ്വാൾ (എല്ലാവരും 20 ലക്ഷം)
കിങ്സ് ഇലവൻ പഞ്ചാബ്: ഹാർഡസ് വിൽജോയൻ (75 ലക്ഷം), ദർശൻ നൽകാണ്ഡെ (30 ലക്ഷം), സർഫ്രാസ് ഖാൻ (25 ലക്ഷം), അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, മുരുകൻ അശ്വിൻ (എല്ലാവരും 20 ലക്ഷം)
രാജസ്ഥാൻ റോയൽസ്: ലിയാം ലിവിങ്സ്റ്റൺ (50 ലക്ഷം), ആഷ്ടൺ ടേണർ (50 ലക്ഷം), ശശാങ്ക് സിങ് (30 ലക്ഷം), റിയാൻ പരാഗ്, മനൻ വോഹ്റ, ശുഭം രഞ്ജനെ (എല്ലാവരും 20 ലക്ഷം)
ഡൽഹി ക്യാപിറ്റൽസ്: കീമോ പോൾ (50 ലക്ഷം), ബണ്ഡാരു അയ്യപ്പ, അങ്കുഷ് ബെയിൻസ്, നാഥു സിങ് (എല്ലാവരും 20 ലക്ഷം)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഹാരി ഗുർണി (75 ലക്ഷം), പൃഥ്വി രാജ് യാര, നിഖിൽ നായിക്, അൻറിച്ച് നോർട്ട്ചെ, ശ്രീകാന്ത് മുദെ (എല്ലാവരും 20 ലക്ഷം)
ചെന്നൈ സൂപ്പർ കിങ്സ്: റുട്ടുരാജ് ഗെയ്ക്‌വാദ് (20 ലക്ഷം)
∙ വാങ്ങാൻ ആളില്ലാതെ പോയ ചിലർ
ബ്രണ്ടൻ മക്കല്ലം, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ഹാഷിം അംല, ജയിംസ് നീഷാം, കോറി ആൻഡേഴ്സൻ, ഏഞ്ചലോ മാത്യൂസ്, ജേസൺ ഹോൾഡർ, ലൂക്ക് റോഞ്ചി, ഡാൻ ക്രിസ്റ്റ്യൻ, മുഷ്ഫിഖുർ റഹിം, മോണി മോർക്കൽ, ഡെയ്‌ൽ സ്റ്റെയിൻ, കുശാൽ പെരേര, മനോജ് തിവാരി, ചേതേശ്വർ പൂജാര, ആദം സാംപ, ഫാബിയൻ അലൻ, സിക്കന്ദർ റാസ, രാഹുൽ ശർമ
ലേലത്തിന്റെ തൽസമയ വിവരണത്തിലേക്ക്...