കൊച്ചി ∙ മഞ്ഞപ്പടയുടെ പ്രതിരോധസേനയിലെ ലഫ്റ്റനെന്റ് ഇനി ക്യാപ്റ്റൻ. ഐഎസ്എൽ നാലാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകനായി സന്ദേശ് ജിങ്കാനെ പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കണ്ടെത്തലായി മാറിയ ഇരുപത്തിനാലുകാരൻ ജിങ്കാൻ ബെർബറ്റോവും വെസ് ബ്രൗണും ഇയാൻ ഹ്യൂമും പോലുള്ള വൻതോക്കുകളുള്ള ടീമിന്റെ ദൗത്യമാണേറ്റെടുക്കുന്നത്.
ബ്ലാസ്റ്റേഴ്സിനോടു മഞ്ഞ നിറം പോലെ തന്നെ ചേർന്നു നിൽക്കുന്ന താരമാണ് ചണ്ഡിഗഡ് സ്വദേശിയായ ഈ യുവാവ്. ഗോൾ ലൈൻ സേവുകളും ടാക്ലിങ്ങുകളുമെല്ലാമായി ജിങ്കാൻ ടീമിനെ രക്ഷപ്പെടുത്തിയതിനു കൈയും കണക്കുമില്ല. സീസണിനു മുൻപായി ഐഎസ്എൽ ടീമുകൾ പുനഃസംഘടിപ്പിച്ചപ്പോൾ ആരാധകർ ആദ്യമുന്നയിച്ച പേരും ജിങ്കാന്റേതാണ്. ടീം മാനേജ്മെന്റിന്റെ ചിന്ത മറ്റു വഴിയ്ക്കെന്ന തോന്നലുകൾ ഉയർന്നപ്പോൾ ആരാധകർ ജിങ്കാനു വേണ്ടി പരസ്യമായി രംഗത്തിറങ്ങി.
ഒടുവിൽ രാജ്യത്തേറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പ്രതിരോധക്കാരനായി ജിങ്കാനെ ബ്ലാസ്റ്റേഴ്സ് തിരിച്ചെടുത്തു. പ്രതിവർഷം ഒന്നേകാൽ കോടിയിലേറെ രൂപയാണ് ഈ ആറടി രണ്ടിഞ്ച് ഉയരക്കാരന്റെ പ്രതിഫലം. ജിങ്കാന്റെ കളി കണ്ടവരാരും ഈ തുക കേട്ടു ഞെട്ടിയിരിക്കില്ല. ഫുട്ബോൾ ജീവിതത്തിനുതന്നെ ഭീഷണിയായൊരു പരുക്കിൽനിന്നു മോചിതനായതിനു പിന്നാലെയാണ് ജിങ്കാൻ ആദ്യ ഐഎസ്എലിലേക്കു കടന്നുവന്നത്.
കൂടുതൽ ഐഎസ്എൽ വാർത്തകൾക്ക്: www.manoramaonline.com/isl
സെൻട്രൽ ഡിഫൻസിൽ കളിക്കാൻ വന്ന ഇരുപത്തിയൊന്നുകാരൻ പയ്യനെ അന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇടത്തും വലത്തും വിങ്ങുകളിലായി നെട്ടോട്ടമോടിച്ചു. പക്ഷേ ജിങ്കാൻ കുലുങ്ങിയില്ല. തെരുവിൽ പന്ത് തട്ടി വളർന്നവനെന്നു പറഞ്ഞ് ആ വെല്ലുവിളി ഏറ്റെടുത്തു. ഒടുവിൽ, ഇവനു മൂന്നു സ്ഥാനത്തും കളിക്കാനാകുമെന്നു പ്രഖ്യാപിച്ചാണ് അന്നത്തെ മാർക്വീ താരം ഡേവിഡ് ജയിംസ് കളമൊഴിഞ്ഞത്. അടുത്തിടെ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യൻ നായക സ്ഥാനവും ജിങ്കാനെ തേടിയെത്തിയിരുന്നു.