വെറും നാലര വയസു മാത്രം പ്രായമുള്ളപ്പോഴാണ് ആ കൊച്ചുമിടുക്കി ക്യാമറയ്ക്കു മുന്നിൽ ആദ്യം ചുവടു വയ്ക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ മിഴിചിമ്മുന്ന ക്യാമറക്കണ്ണുകളെയോ ചുറ്റും തന്നെത്തന്നെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തെയോ തെല്ലും വകവയ്ക്കാതെ തലയുയർത്തിപ്പിടിച്ചു ക്യാറ്റ് വോക്ക് ചെയ്ത ആ പെൺകുട്ടിയാണ് കൺമണി. സംവിധായകൻ അനീഷ് ഉപാസനയുടെ സഹോദര പുത്രിയായ ഈ ആറുവയസുകാരി ഇന്ന് സൗന്ദര്യമൽസരവേദിയിൽ കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ അച്ഛൻ അനൂപ് ഉപാസനയുടെ ക്യാമറക്കണ്ണിനു മുന്നിൽ മോഡലായി തുടങ്ങിയ ഈ കൊച്ചുസുന്ദരി ഇന്ന് കൈനിറയെ സിനിമകൾക്കും പരസ്യചിത്രങ്ങൾക്കുമൊപ്പം വേറിട്ടൊരു വഴിയിലൂടെ കൂടി സഞ്ചരിക്കുകയാണ്. മറ്റൊന്നുമല്ല സൗന്ദര്യമത്സരവേദികളിലെ മിടുക്കിയാണ് ഇന്ന് കൺമണി.
കോഴിക്കോട് നടന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് ഇന്ത്യൻ ഫിനാലെ മൽസരത്തിൽ കൺമണിയാണ് ജേതാവായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 90 കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് കൺമണി ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണിപ്പോള്‍ കൺമണി. തുടങ്ങിക്കൊടുത്താൽ മതി പിന്നെ വാതോരാതെ സംസാരിച്ചോളും. മത്സരവേദികളിൽ േവണ്ടതും ഈ ചടുലത തന്നെയാണല്ലോ. തന്റെ സൗന്ദര്യ ലോകത്തെക്കുറിച്ച് മനോരമ ഓൺലൈനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കൺമണി
എങ്ങനെയായിരുന്നു കൺമണിയുടെ സൗന്ദര്യലോകത്തേക്കുള്ള പ്രവേശനം?
നാലരവയസുള്ളപ്പോൾ എറണാകുളത്തു വച്ചു നടന്ന കൊച്ചിൻ ഫാഷൻ ഷോയിലാണ് ആദ്യമായി പങ്കെടുക്കുന്നത്. അന്നു സെക്കൻഡ് റണ്ണറപ് ആയി. അന്നു എന്റെ നടത്തവും പ്രസന്റ് ചെയ്യുന്ന രീതിയുമൊക്കെ കണ്ടപ്പോൾ അച്ഛനോടും അമ്മയോടും ഒത്തിരിപേർ പറഞ്ഞു ഈ മേഖലയിൽ പരിശീലിപ്പിച്ചാൽ നന്നായിരിക്കുമെന്ന്. അടുത്ത ഫ്ലവേഴ്സ് ഷോ നടന്നതിലും പങ്കെടുത്തു, അതിൽ വിജയിക്കുകയും ചെയ്തു. അപ്പോ എല്ലാവരും ഒത്തിരി അഭിനന്ദിച്ചു. അങ്ങനെയാണ് കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
കൺമണിയുടെ താൽപര്യമായിരുന്നോ അതോ വീട്ടുകാരുടെ ഇഷ്ടമായിരുന്നോ?
എനിക്കും വീട്ടുകാർക്കും ഇഷ്ടമാണ്. കലാപരമായി അടുത്തു നിൽക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ട് തുടക്കം മുതലേ എല്ലാവരും നന്നായി പ്രോത്സാഹിപ്പിച്ചു. അച്ഛന്‍ ഫാഷൻ ഫോട്ടോഗ്രാഫർ ആണ്, നന്നായി വരയുകയും െചയ്യും. അച്ഛൻറെ സഹോദരൻ സംവിധായകനാണ്.
ക്യാറ്റ് വാക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്?
അമ്മയും അച്ഛനും തന്നെ. പിന്നെ വീട്ടിൽ ഇരിക്കുമ്പോ ഞാനും അമ്മയും ഒരുപാട് സൗന്ദര്യ മത്സരങ്ങളുടെ വിഡിയോകൾ കാണും. അപ്പോൾ മനസിലാകുമല്ലോ എങ്ങനെ നടക്കണം ചിരിക്കണം എന്നൊക്കെ. കോഴിക്കോട്ടു വച്ചു നടന്ന മത്സരത്തിൽ എന്നെ ഗ്രൂം ചെയ്യിച്ചത് അരുൺ രത്‌ന എന്ന കോറിയോഗ്രാഫർ ആണ്.
പഠനം എങ്ങനെ പോകുന്നു?
ഇപ്പോ ഞാൻ ഒന്നാംക്ലാസിൽ എത്തിയിട്ടേയുള്ളു. ഇടപ്പള്ളിയിലെ ക്യാംപയിൻ സ്കൂളിലാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്നൊക്കെയുണ്ട്.
വളര്‍ന്നു വലുതാകുമ്പോൾ ആരാകണമെന്നാണ് ആഗ്രഹം?
എനിക്ക് ഏറ്റവും ഇഷ്ടം ഡോക്ടർ ആകുവാനാണ്. പിന്നെ ഫോട്ടോഗ്രാഫിയും ഇഷ്ടമാണു കേട്ടോ. അച്ഛന്‍ ഫോട്ടോ എടുക്കുന്നതൊക്കെ കണ്ടുപഠിച്ച് ഞാനും എടുക്കാറുണ്ട്. അതൊക്കെ നല്ലതാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്
പേടി തോന്നാറില്ലേ ഇത്രയും ആള്‍ക്കാരുടെ മുന്നിൽ നിൽക്കുമ്പോള്‍?
ഇല്ലല്ലോ. ഞാൻ നേരത്തെ തൊട്ടേ ക്യാമറയുടെ മുന്നിൽത്തന്നെയല്ലേ. ശീലമുണ്ട്. അച്ഛൻ ഫാഷൻ ഫോട്ടോഗ്രാഫർ ആയതുകൊണ്ട് എപ്പോഴും എന്റെ ഫോട്ടോകൾ എടുക്കാറുണ്ട്. ചെറുപ്പം മുതൽ തന്നെ എനിക്കു ഓരോ രീതിയിൽ പോസ് ചെയ്യാനൊക്കെ ഇഷ്ടമാണ്. അച്ഛൻ പറയും അച്ഛന്റെ മോഡൽ ആയിട്ടാണ് ഞാൻ ഈ രംഗത്തേക്കു വന്നതെന്ന്. പിന്നെ അമ്മ പറയാറുണ്ട് റാമ്പിലെത്തിയാൽ പേടിയൊന്നും ഇല്ലാതെ കൂൾ ആയി നടക്കണമെന്ന്. മേക്അപ് ചെയ്യാനും നല്ല ഡ്രസുകളിടാനുമൊക്കെ ഭയങ്കര ഇഷ്ടമാണ്.
അഭിനയിക്കാൻ ഇഷ്ടമാണോ?
പിന്നെ, നല്ലോണം ഇഷ്ടമാണ്. എനിക്കേറ്റവും ഇഷ്ടം തമന്നയെയാ, പിന്നെ ബാഹുബലിയിലെ പ്രഭാസിനെയും. സെക്കൻഡ്സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി തുടങ്ങി അഞ്ചു സിനിമകളും കുറച്ചു പരസ്യചിത്രങ്ങളും ചെയ്തിരുന്നു.
ടീച്ചേഴ്സും ഫ്രണ്ട്സുമൊക്കെ എന്താണു പറയാറുള്ളത്?
എല്ലാവരും അഭിനന്ദിക്കാറുണ്ട്. പിന്നെ തിരക്കുകൾ വരുമ്പോൾ ഇടയ്ക്കൊന്നും സ്കൂളിൽ പോകാൻ പറ്റാറില്ല. പറയാതെ ലീവെടുത്താൽ ടീച്ചർമാര്‍ വഴക്കു പറയും ട്ടോ.
കൺമണിയുടെ മറ്റു ഹോബികൾ എന്തൊക്കെയാണ്?
പാട്ടു കേൾക്കാൻ ഇഷ്ടമാണ്, പിന്നെ ചിത്രം വരയും.
മത്സരത്തിനു മുമ്പായുള്ള ഒരുക്കങ്ങൾ എങ്ങനെയാണ്?
മത്സരത്തിനു പോകുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണ്. അച്ഛനും അമ്മയും റഫർ ചെയ്ത് കുറേ കാര്യങ്ങൾ പറഞ്ഞുതരും. റെഡിമെയ്ഡ് വസ്ത്രങ്ങളേക്കാൾ ഡിസൈൻ ചെയ്യിക്കാറാണ് കൂടുതൽ. അമ്മ നല്ലൊരു കോസ്റ്റ്യൂം ഡിസൈനറും ആണ്. പിന്നെ ഞാനും പറയാറുണ്ട് എനിക്കിഷ്ടമുള്ള ഡിസൈനുകളൊക്കെ.
വീട്ടുവിശേഷങ്ങൾ?
അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മോളാണ്.