നമ്മുടെ നാട്ടിൽ മിക്കവാറും പേർ നരച്ചു തുടങ്ങിയ മുടിയെ കറുപ്പിക്കാനായി ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. പലരും ഹെയർഡൈ വാങ്ങി അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു പാച്ച് ടെസ്റ്റ് പോലും നടത്തുന്നതിനു മുമ്പ് നേരിട്ടു തലയിൽ തേച്ചുപിടിപ്പിക്കുന്നവരാണ്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളീ ചെയ്യുന്നത് അബദ്ധമാണെന്നു മാത്രമല്ല ചിലപ്പോൾ മരണത്തിനു വരെ കാരണമാവുകയും ചെയ്തേക്കാം. ഒരു ഹെയർഡൈ കാരണം മരിക്കുകയോ അസാധ്യം എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ജെമ്മ വില്ല്യംസ് എന്ന ഈ സുന്ദരിയായ യുവതിയുടെ കഥ അറിഞ്ഞിരിക്കണം.
തലനാരിഴയ്ക്കാണ് ഇരുപത്തിനാലുകാരിയായ ജെമ്മ മരണത്തിനു മുന്നിൽ നിന്നു രക്ഷപ്പെട്ടത്, അശ്രദ്ധയോടെ ഹെയർ ഡൈ ഉപയോഗിച്ചതായിരുന്നു കാരണം. നൈസ് ആൻഡ് ഈസി എന്ന ഹെയർഡൈ ആയിരുന്നു ജെമ്മയിൽ അലർജിക് റിയാക്ഷനു കാരണമായത്. തന്നെപ്പോലെ അബദ്ധം സംഭവിക്കാതിരിക്കാൻ എല്ലാവരും ഉൽപ്പന്നത്തിൽ പറഞ്ഞിരിക്കുംപോലെ പാച്ച് ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ജെമ്മ പറയുന്നത്.
മേക്അപ് ആർട്ടിസ്റ്റ് കൂടിയായ ജെമ്മ ഇടയ്ക്കിടെ തന്റെ മുടിയുടെ നിറം മാറ്റാറുണ്ടായിരുന്നു. കുറച്ചുകാലമായി സ്വർണത്തലമുടി തന്നെ ആയതുെകാണ്ട് ഒരു മാറ്റത്തിനുവേണ്ടിയാണ് മുടി കറുപ്പിക്കാന്‍ തീരുമാനിച്ചത്. ൈഡ ചെയ്തു കഴിഞ്ഞപ്പോൾ തൊട്ടുതന്നെ ജെമ്മയ്ക്ക് അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയിരുന്നു. ചെവിയുടെ പുറകുവശം വീർത്തു വരികയും കണ്ണുകൾ പശവച്ചപോലെ ഒട്ടിയിരിക്കുകയും മുഖവും ശരീരവുമാകെ തിണര്‍ക്കുകയും ചുവക്കുകയും ചെയ്തു. മുടിയിൽ ഡൈ ചെയ്ത് ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇത്രയും സംഭവിച്ചത്.
ഉടൻ ആശുപത്രിയിലെത്തിയ ജെമ്മയ്ക്ക് ഡോക്ടർമാര്‍ സ്റ്റിറോയ്ഡ്സും ആന്റിബയോട്ടിക്കുകളും നൽകി. പക്ഷേ ചെയ്ത ചികിത്സയൊന്നും ഫലം കാണാതെ ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ജെമ്മ ആശുപത്രിയിലേക്കെത്തി. അപ്പോഴേക്കും രക്തദൂഷ്യ(septicaemia)ത്തിന്റെ അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരുന്നു ജെമ്മ. ഇനിയും വൈകിയിരുന്നെങ്കിൽ ജെമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
മുടി ഡൈ ചെയ്യുമ്പോള്‍ അതു നമ്മുടെ ശരീരത്തെയാകെ ബാധിക്കുമെന്ന് ആരും ചിന്തിക്കാറില്ലെന്നും ദയവുചെയ്ത് ഇനി പാച്ച് ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം ഉപയോഗിക്കൂ എന്നുമാണ് ജെമ്മ പറയുന്നത്. എന്തായാലും പാക്കറ്റ് കയ്യിൽ കിട്ടി അതൊന്നു വായിച്ചുനോക്കാൻ പോലും സമയമില്ലാതെ മുടി കറുപ്പിക്കാൻ ധൃതി കാണിക്കുന്നവർക്ക് ഒരു പാഠമാണ് ജെമ്മയുടെ അനുഭവം.
Read more: Beauty Tips in Malayalam