രക്തം ചിന്തിയ ആ പകൽ...

പെരുമ്പാവൂർ∙ 1995 ഫെബ്രുവരി 25. പല കാര്യങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടാണ് സിസ്റ്റർ റാണി മരിയ അതിരാവിലെ ഉണർന്നത്. രാവിലെ ഏഴിനുള്ള ബസിൽ ഇൻഡോറിലെത്തണം. അവിടെ നിന്നു ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസിലേക്ക് പോകണം. പിന്നെ കേരളത്തിൽ മാതാപിതാക്കളുടെ അടുത്തേക്ക്.

സ്നേഹസദനിലെ പ്രഭാതഭക്ഷണത്തിനു ശേഷം എടുത്ത ദൈവവചനത്തിൽ എഴുതിയിരുന്നത് ഇങ്ങനെ: ‘ഭയപ്പെടേണ്ട, നിന്റെ പേര് എന്റെ ഉള്ളംകയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു. ധൈര്യമായിരിക്കുക.’ ഉദ്ദേശിച്ച ബസ് അന്നു സർവീസുണ്ടായിരുന്നില്ല (കൊലപാതകം ആസൂത്രണം ചെയ്തവർ ബോധപൂർവം മുടക്കിയതാണ് ബസ് സർവീസെന്നു പിന്നീട് വ്യക്തമായി). 

8.15 നായിരുന്നു അടുത്ത ബസ്. മഠത്തിന്റെ പടിക്കൽനിന്നു സഹപ്രവർത്തകരോടു യാത്ര പറഞ്ഞു ബസിൽ കയറി. പതിവിനു വിപരീതമായി പിൻസീറ്റിലാണ് സിസ്റ്ററെ ഇരുത്തിയത്. ബസ് നാച്ചർബോർ മലയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന വാ‌ടകക്കൊലയാളിയായ സമന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. സിസ്റ്ററുടെ സാമൂഹിക പ്രവർത്തനത്തിൽ രോഷാകുലനായ ജീവൻസിങ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവ് നിയോഗിച്ചയാളാണ് താനെന്ന് ഇയാൾ പിന്നീട് വെളിപ്പെടുത്തി. 

വഴിയാത്രക്കാർ സ്ഥിരമായി തേങ്ങ ഉടയ്ക്കുന്ന സ്ഥലമായിരുന്നു അത്. ഒരു തേങ്ങ കയ്യിലെടുത്ത് ബസിൽ നിന്നു ചാടിയിറങ്ങിയ അയാൾ കല്ലിൽ എറിഞ്ഞുടച്ചു. തേങ്ങാപ്പൂളുകൾ അയാൾ യാത്രക്കാർക്കു വിതരണം ചെയ്തു. സിസ്റ്റർക്കു നേരെയും ഒരു കഷണം നീട്ടി. ‘ഇന്നെന്താ ഇത്ര സന്തോഷമെന്ന്’ സിസ്റ്റർ ചോദിച്ചു. ഇതുതന്നെയെന്നു മറുപടി പറഞ്ഞ അയാൾ സിസ്റ്ററുടെ വയറ്റിൽ കത്തികൊണ്ട് ആഞ്ഞുകുത്തി.

യാത്രക്കാർ ഇ റങ്ങിയോടി. തടയാൻ ശ്രമിച്ച ചിലരെ കത്തി ചുഴറ്റി ഓടിച്ചു. സിസ്റ്ററെ അയാൾ ബസിനു പുറത്തേക്കു വലിച്ചിട്ടു. പകുതി ശരീരം ബസിനടിയിലും ബാക്കി പുറത്തുമായിരുന്നു. സിസ്റ്ററുടെ ശരീരത്തിലൂടെ ബസ് കയറ്റാൻ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോൾ അയാൾ വിസമ്മതിച്ചു. 

സിസ്റ്ററെ അക്രമി വീണ്ടും വലിച്ചു പുറത്തേക്കിട്ടു. ചെന്നിയിലും കൺതടത്തിലും കവിളിലും മൂക്കിലും തലയിലും ആഞ്ഞു കുത്തി. അൻപത്തിനാലു മുറിവുണ്ടായിരുന്നു ശരീരത്തിൽ. ‘യേശു...’ എന്നു വിളിച്ച് ആ ശരീരം നിശ്ചലമായപ്പോൾ ഘാതകൻ കുന്നുകൾ കയറി കാട്ടുപാതയിലൂടെ ഓടിമറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

(സിസ്റ്റർ റാണി മരിയയുടെ സഹപ്രവർത്തക സിസ്റ്റർ ലിസ റോസിന്റെ അനുസ്മരണത്തെയും ദൃക്സാക്ഷിയായ ബസ് യാത്രികന്റെ വിവരണത്തെയും അടിസ്ഥാനമാക്കി ഡോ. ഫാ. ജേക്കബ് നങ്ങേലിമാലിൽ എഴുതിയ പുസ്തകത്തിൽനിന്ന്)