Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാവൂരിലെ പുല്ലുവഴിയിൽനിന്നുദിച്ച പുണ്യതാരം

srr-Rani-Marya സിസ്റ്റർ റാണി മരിയയുടെ മൃതദേഹത്തിൽ അന്ത്യചുംബനം നൽകുന്ന പിതാവ് പൈലി വട്ടാലിൽ. (ഇൻഡോറിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയർ ആയിരുന്ന വി.വി. ഫ്രാൻസിസ്, കോഴിക്കോട് പകർത്തിയ ചിത്രം.)

സിസ്റ്റർ റാണി മരിയയെക്കുറിച്ചു പറയുമ്പോൾ അനുജത്തി സെൽമി പോളിന്റെ കണ്ണുകൾ പ്രകാശപൂർണമാകും. പ്രശാന്തവും ദീപ്തവുമായ വാക്കുകളിൽ, വാഴ്ത്തപ്പെടുന്ന ആ ജീവിതകഥയിലേക്ക് അവർ നമ്മെ കൂടെ കൂട്ടും. യഥാർഥത്തിൽ, അന്നു മരണം തേടിവന്നതു സിസ്റ്റർ സെൽമിയെയാണ്. അനശ്വരതയുടെ ദൈവികപദ്ധതി രൂപപ്പെട്ടതു റാണി മരിയയ്ക്കു വേണ്ടിയും.

 ചിരിയുടെ വഴി

സെൽമിയെന്ന അഞ്ചാം ക്ലാസുകാരിയെ ആത്മീയതയുടെ വഴിയിലേക്കു നടത്തുകയായിരുന്നു ചേച്ചി സിസ്റ്റർ റാണി മരിയ. മൂന്നു വർഷ‌ത്തിലൊരിക്കൽ പുല്ലുവഴിയിലെ വീട്ടിൽ വരുമ്പോൾ സംസാരിക്കുന്നതത്രയും മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ നട‌ത്തുന്ന സേവനത്തെക്കുറിച്ചാണ്. അതു പറയുമ്പോൾ അത്രയേറെ സന്തോഷത്തിനു കാരണമെന്താണ്? മൂന്നു വർഷത്തിലൊരിക്കൽ സിസ്റ്റർ അവധിയെടുത്തു വരുമ്പോൾ ഒന്നോ രണ്ടോ പകൽ മാത്രമേ സ്വന്തം വീട്ടിൽ നിൽക്കാൻ അനുവാദമുള്ളൂ. ആ പകലുകളിൽ പറഞ്ഞതത്രയും സെൽമിയുടെ മനസ്സിൽ പതിഞ്ഞു. വിദൂരദേശം, ആദിവാസിക്കുടിലുകൾ, ദാരിദ്ര്യം, സ്വയംപര്യാപ്തതയിലേക്ക് അവർക്കു വഴികാട്ടുന്ന മിഷനറിമാർ...

അർബുദം അതിഥിയാകുന്നു

സഹോദരിക്കു പിന്നാലെ മിഷനറി സംഘത്തിൽ അംഗമായ ശേഷമാണു സെൽമിയെ അർബുദം കീഴടക്കിത്തുടങ്ങിയത്. മധ്യപ്രദേശിൽ തന്നെ വ്യത്യസ്ത കോൺവന്റുകളിലായിരുന്നു സഹോദരിമാർ. ഇടയ്ക്കിടെ, സഹോദരിക്കു പ്രത്യാശ പകരുന്ന കത്തുകളെഴുതി, റാണി മരിയ. സേവനമാർഗത്തിലെ തടസ്സങ്ങളെ വിശ്വാസംകൊണ്ടു നേരിടേണ്ടതെങ്ങനെയെന്ന് ആ കത്തുകൾ പറഞ്ഞു.

ഘാതകാ, നിനക്കു മാപ്പ്

സഭാസമൂഹത്തിൽ സിസ്റ്റർ സെൽമി അറിയപ്പെടുന്നതു സഹോദരിയുടെ ഘാതകനു മാപ്പുനൽകിയ സഹോദരിയായാണ്. സഹോദരിക്കുമേൽ 54 വെട്ടുകളേൽപിച്ച സമന്ദർ സിങ്ങിനെത്തേടി ജയി‌ലിലെത്തിയ സെൽ‌മി കൈത്തണ്ടയിൽ രക്ഷയുടെ രാഖി കെട്ടി. ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആ ‌സന്ദേശം, ജയി‌ലറകളും അതിരുകളും കടന്നു; ഇരുളിൽ തിരിനാളമായി. 

സെൽ‌മി മാത്രമല്ല, മാതാപിതാക്കളായ പൈലിയും ഏലീശ്വയും ഉൾപ്പെടെ കു‌‌ടുംബാംഗങ്ങളെല്ലാം സമന്ദറിനോടു ക്ഷമിച്ചു. അ‌ക്കാര്യം സമന്ദറി‌നെ ബോധ്യപ്പെടുത്താൻ അന്നത്തെ ബിഷപ് ജോർജ് ആനാത്തിലിന് അ‌ത്യധ്വാനം വേണ്ടിവന്നു. ക്ഷമിക്കപ്പെടാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. സഭയും കുടുംബാംഗങ്ങളും നൽകിയ അപേക്ഷ പരി‌ഗണിച്ചു ശിക്ഷാ കാലാവധി ഇളവുചെയ്തു സർക്കാർ സമന്ദറിനെ വിട്ടയയ്ക്കുകയായിരുന്നു.

 ഇന്നു പ്രഘോഷിക്കാനായില്ല

ചിരിച്ചുമാത്രം കാണുന്ന റാണി മരിയയുടെ മുഖത്തു ചില ദിനങ്ങളിൽ വിഷാദത്തിന്റെ പുക പടരും. കൂടെയുള്ളവർക്ക് അതിന്റെ കാരണമറിയാം. ഈശ്വരനന്മയെക്കുറിച്ചു തനിക്കു  പറയാനാവാതെപോകുന്ന ദിവസങ്ങളിലാണത്. മിഷനറി പ്രവർത്തനം മതംമാറ്റമല്ലെന്നു റാണി മരിയ വിശ്വസിച്ചിരുന്നു.

ആ കത്തുകളെവിടെ?

സഹോദരിയുടെ കത്തുകൾ എവിടെയെന്നു ചോദിക്കുമ്പോൾ സിസ്റ്റർ സെൽമിയുടെ മുഖത്തു നഷ്ടബോധം തെളിയും. വാഴ്ത്തപ്പെടുന്ന സഹോദരി സ്നേഹപൂർവം അയച്ച കത്തുകളൊന്നും താൻ സൂക്ഷിച്ചുവച്ചിട്ടില്ല! കാരണം, അന്നു മരണത്തിനുള്ള ഒരുക്കത്തിനിടെ അതു ശ്രദ്ധിച്ചില്ല. എന്നാൽ, സെൽമിയുടെ മറുപടിക്കത്തുകളൊക്കെ സിസ്റ്റർ റാണി മരിയ ഭദ്രമായിത്തന്നെ വച്ചു.

extra-Sister-Selmy ഉദയ്നഗർ ദേവാലയത്തിൽ സിസ്റ്റർ റാണി മരിയയുടെ ഫോട്ടോ ഗാലറിക്കരികെ സഹോദരി സിസ്റ്റർ സെൽമി പോൾ.

വീണ്ടും ഉദയ്നഗറിൽ

മരണം തന്നെ പിടികൂടുമെന്നു കരുതിയിരിക്കുമ്പോഴാണു ഉദയ്നഗറിൽ നിന്നു റാണി മരിയയുടെ ദാരുണ കൊലപാതകത്തിന്റെ വാർത്തയെത്തുന്നത്. രോഗങ്ങളും പീഡകളുമില്ലാതിരുന്ന സഹോദരി രക്തസാക്ഷിയായി. രോഗപീഡകളാൽ വലഞ്ഞയാൾ രോഗ‌വിമുക്തയും. ദൈവികപദ്ധതി വ്യത്യസ്തമാണെന്നു സെൽമി തി‌രിച്ചറിഞ്ഞു.

രോഗവിമുക്തയായ സെൽമി, ഇപ്പോൾ സഹോദരിയിലൂടെ ദൈവം കാട്ടിയ മഹത്വത്തെക്കുറിച്ചു പറയുന്നു: തനിക്കു മേൽ ദൈവം അദ്ഭുതം പ്രവർത്തിച്ചത് ഒരുപക്ഷേ, ആ നിയോഗത്തിനു വേണ്ടിയാണ്.

പലവട്ടം ഉദയ്നഗറിൽ സേവനം ചെയ്ത സിസ്റ്റർ സെൽമി ഇപ്പോൾ വീണ്ടും ഉദയ്നഗറിലുണ്ട്. നാമകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാസമൂഹം അവരെ വീണ്ടും ഇവിടേക്കു നിയോഗിക്കുകയായിരുന്നു.

ഇപ്പോൾ ഉദയ്നഗർ പള്ളിയിൽ വാഴ്ത്തപ്പെടുന്ന സഹോ‌ദരിയുടെ ജീവിതകഥ പറയുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുകയാണു സിസ്റ്റർ സെൽമി. താങ്ങാനാവാത്ത വേർപാടിന്റെ നൊമ്പരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവരുടെ മുഖം ‌പ്രശാന്തമാണ്. കണ്ണുകളിൽ പ്രകാശമാണ്.

 ഉദയ്നഗർ

ഇൻഡോറിനടുത്ത് ഉദയ്നഗറായിരുന്നു സിസ്റ്റർ റാണി മരിയയുടെ പ്രവർത്തന കേ‌ന്ദ്രം. അവർ രക്തസാക്ഷിത്വം വരിച്ചശേഷം ഭൗതികശരീരം ഭോപ്പാലിലേക്കു കൊണ്ടുപോകാനായിരുന്നു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സമൂഹത്തിന്റെ ആദ്യ തീരുമാനം.

എന്നാൽ, ആർക്കു വേണ്ടി മരിച്ചോ, അവരുടെ ‌നാട്ടിൽ റാണി മരിയ അന്ത്യവിശ്രമം കൊള്ളട്ടെയെന്നു ബിഷപ് ജോർജ് ആനാത്തിൽ പറഞ്ഞത് സന്യാസിനി സമൂഹം അംഗീകരിക്കുകയായിരുന്നു. പിൽക്കാലത്ത്, എല്ലാവരുടെയും പ്രതീക്ഷാകേന്ദ്രമായി, ആ കബറിടം.

രണ്ടു കബറിടങ്ങൾ

ഉദയ്നഗറിൽ സിസ്റ്റർ റാണി മരിയയുടെ രണ്ടു കബറിടങ്ങളുണ്ട്. ഒന്ന് അവരുടെ ശരീരം ആദ്യം അടക്കം ചെയ്ത സ്ഥലമാണ്. നാമകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ 18ന് ശരീരം അവിടെ നിന്നു പുറത്തെടുത്തു. ഇപ്പോൾ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് തൊട്ടടുത്ത ദേവാലയത്തിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ്.

 അഭയമായ് കബറിടം

സാധാരണ, ആദിവാസികളും നാട്ടുകാരും കബറിടങ്ങളിൽ നിന്ന് അകന്നുനിൽക്കും. എന്നാൽ, സഭയുടെ സ്കൂളുകളിൽ പഠിച്ചുവളർന്ന ആദിവാസി കുട്ടികൾ റാണി മരിയയുടെ കബറിടത്തിൽ പ്രാർഥിക്കാൻ എത്തിത്തുടങ്ങി. ഇതോടെ, നാട്ടുകാരും മുതിർന്നവരും കബറിൽ പ്രാർഥിക്കാനെത്തി.

അദ്ഭുതങ്ങൾ

വിൂശുദ്ധ പദവിയിലേക്കുള്ള ഈ ഘട്ടത്തിൽ വിശദീകരിക്കാനാവാത്ത അദ്ഭുതങ്ങൾ സംഭവിക്കണമെന്നു സഭ അനുശാസിക്കുന്നില്ല.എങ്കിലും റാണി മരിയയോടുള്ള പ്രാർഥനകൊണ്ടു ലഭിച്ച അനുഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നവർ പലരുണ്ട്. രോഗസൗഖ്യത്തി‌ന്റെ സാക്ഷ്യങ്ങളുമായി ഒട്ടേറെ പേർ കബറിടം സന്ദർശിച്ചു മടങ്ങുന്നു.

last-Spot

സ്മൃതിമണ്ഡപം

ഉദയ്നഗറിൽ നിന്ന് 20 കിലോമീറ്റർ അകലെ നച്ചൻ ബോറിലെ തൂവെള്ള നിറമുള്ള സ്മാരകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാണൻ ത്യജിക്കുന്നതിനെക്കാൾ വലിയ ത്യാഗമെന്ത്? വിശുദ്ധ യോഹന്നാന്റെ ഈ വാക്കുകൾ സിസ്റ്റർ റാണി മരിയയുടെ ജീവി‌തത്തെക്കുറിച്ചു കൂടിയാണ്.

 ബസിൽ യാത്ര ചെയ്യുകയായിരുന്ന റാണി മരിയയെ ഇവിടെ വച്ചാണ് അ‌ക്രമി പുറത്തേക്കു തള്ളിയിട്ടത്. ദൈവനാമം ഉച്ചരിച്ച് അവർ ജീവൻ വെടിയുന്നതിന് അൻപതിലേറെ യാത്രക്കാർ സാക്ഷികളായി.