പെരുമ്പാവൂർ∙ ചിരിയോടെ മാത്രമേ സിസ്റ്റർ റാണി മരിയയെ കണ്ടിട്ടുള്ളൂ. പുല്ലുവഴി വട്ടാലിൽ കുടുംബവീട്ടിലെ ചുവരുകളിലും സഹോദരങ്ങളുടെ മനസ്സിലും ആ ചിരി ഇപ്പോഴും മായാതെയുണ്ട്. മറ്റുള്ളവരുടെ സങ്കടങ്ങൾ മായിച്ചിരുന്ന പുഞ്ചിരിയായിരുന്നു അത്. വെല്ലുവിളികളുടെ മുഖത്തുനോക്കി എപ്പോഴും ചിരിക്കാൻ ഒരുപക്ഷേ, സിസ്റ്റർ റാണിക്കു മാത്രമേകഴിയുമായിരുന്നുള്ളൂവെന്ന് സഹോദരൻ വർഗീസിന്റെ ഭാര്യ ലില്ലി പറയുന്നു.
കുഞ്ഞായിരിക്കുമ്പോൾ സിസ്റ്ററിന് അമ്മ ഏലീശ്വയെക്കാൾ അടുപ്പം അമ്മച്ചി മറിയത്തോടായിരുന്നു. അമ്മച്ചിയുടെ പേരാണു സിസ്റ്ററിനു കിട്ടിയത്-മേരി. ദൈവഭക്തിയും അമ്മച്ചിയിൽനിന്നു കിട്ടിയതാണെന്നു മൂത്ത സഹോദരൻ സ്റ്റീഫൻ പറയുന്നു. സ്റ്റീഫനും സഹോദരൻ വർഗീസുമാണ് ഇപ്പോൾ നാട്ടിലുള്ളത്. വർഗീസും ഭാര്യ ലില്ലിയുമാണു കുടുംബ വീട്ടിൽ താമസം.
സിസ്റ്റർ റാണി മരിയ ഉപയോഗിച്ചിരുന്ന മുറി ഇപ്പോൾ വീട്ടിലെ പ്രാർഥനാമുറിയാണ്. ഭരണങ്ങാനത്തും വല്ലാർപാടത്തും പോയിവരുന്ന ചെറിയ സംഘങ്ങൾ പ്രാർഥിക്കാനായി വീട്ടിലെത്താറുണ്ട്. പുഞ്ചിരിതൂകുന്ന സിസ്റ്ററിന്റെ ചിത്രമാണ് അവരെ വീട്ടിനുള്ളിലേക്കു സ്വാഗതം ചെയ്യുന്നത്. സ്റ്റീഫനും മേരിയും തമ്മിൽ ഒന്നര വയസ്സിന്റെ വ്യത്യാസമാണുള്ളത്.