‘‘എന്തിനാണ് നിങ്ങൾ ഇത്ര നേരത്തെ വിവാഹിതനായത്?’’, ഒരു ആരാധകന്റെ ചോദ്യമാണ്. ചോദിച്ചത് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനോടും. സോഷ്യൽ ലോകത്ത് ഏറെ സജീവമായ ഷാരൂഖ് ഇൗ ചോദ്യത്തിന് നൽകിയ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 1991ലാണ് ആറുവർഷത്തെ പ്രണയത്തിന് ശേഷം ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്യുന്നത്. കല്ല്യാണം കഴിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 26.
ബോളിവുഡിന്റെ സൂപ്പർ താരം ആകുന്നതിന് മുൻപായിരുന്നു ഇൗ വിവാഹം. അന്ന് അദ്ദേഹം ടിവി ഷോകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്തിനാണ് നിങ്ങൾ നേരത്തെ വിവാഹിതനായത് എന്ന ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടി ഇങ്ങനെ. ‘സഹോദരാ..സ്നേഹവും ഭാഗ്യവും എപ്പോൾ വേണമെങ്കിലും ഒരുമിച്ചെത്താം. എനിക്ക് ഇതു രണ്ടും ഗൗരിയുടെ രൂപത്തിൽ നേരത്തെ എത്തി’. പ്രണയാർദ്രമായ ഇൗ മറുപടിയിൽ ഷാരൂഖ് ആരാധകൻ ഹാപ്പി.
ഇൻസ്റ്റഗ്രാമിൽ ഷാരൂഖ് മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടെങ്കിലും ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അങ്ങനെ പങ്കുവയ്ക്കാറില്ല. അടുത്തിടെ അദ്ദേഹം ഗൗരിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചു. ‘വർഷങ്ങൾക്ക് ശേഷം ഞാനെടുത്ത ചിത്രം പോസ്റ്റ് ചെയ്യാൻ ഭാര്യ സമ്മതിച്ചിരിക്കുന്നു’. ഇൗ അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam