പ്രണയികൾക്കു പ്രധാനപ്പെട്ടതാണ് ഇത്തവണ റെഡ് വെൽവെറ്റ് കേക്കും. യുവമാനസങ്ങളെ കൗമാരപ്രണയത്തിന്റെ തെളിമാനം കാട്ടി മോഹിപ്പിച്ച ‘പ്രേമം’ സിനിമയിൽ നായകനും അവന്റെ ജീവിതത്തിൽ കൂട്ടുവന്ന നായികയും ചേർന്ന് കോഫി ഷോപ്പിലിരുന്ന് കഴിച്ച കേക്കാണിത്. സിനിമയുടെ ചരിത്രവിജയം ഈ കേക്ക് ക്രിസ്മസ് വിപണിയിൽ ആവർത്തിച്ചു. ഡിമാൻഡ് താങ്ങാനാവാതെ കേരളമൊട്ടുക്കുള്ള ബേക്കറി ശൃംഖലകൾ ഏകമനസ്സോടെ അവതരിപ്പിച്ച റെഡ് വെൽവെറ്റ് കേക്ക് ആണ് ഈ വലന്റൈൻസ് ദിനത്തിലെ മധുരം. റെഡ് വെൽവറ്റ് കേക്കിന്റെ റെസിപ്പി വായനക്കാർക്കായി അവതരിപ്പിക്കുന്നത് പ്രേമത്തിലെ നായിക മഡോണ. :
ചേരുവകൾ
ബട്ടർ– അര കപ്പ്
കൊക്കോ പൗഡർ– 3 ടേബിൾ സ്പൂൺ
പഞ്ചസാര– ഒന്നര കപ്പ്
മുട്ട– രണ്ട്
വനില എസൻസ്– 2 ടീസ്പൂൺ
റെഡ് ഫുഡ് കളർ– രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്– ഒരു ടീസ്പൂൺ
ബേക്കിങ് സോഡ– ഒരു ടീസ്പൂൺ
മൈദ ഇടഞ്ഞത്– രണ്ടര കപ്പ്
ബട്ടർ മിൽക്ക്– ഒരു കപ്പ്
വിനാഗിരി– ഒരു ടേബിൾ സ്പൂൺ
വൈറ്റ് ഐസിങ്– ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
∙ അവ്ൻ 350 ഡിഗ്രി പ്രീ ഹീറ്റ് ചെയ്തിടുക. രണ്ട് കേക്ക് പാനുകളിൽ ബട്ടർ മയം പുരട്ടിയ ശേഷം അര ടേബിൾ സ്പൂൺ വീതം കൊക്കോ പൗഡർ വിതറുക.
∙ബട്ടറും പഞ്ചസാരയും ചേർത്ത് നന്നായി അടിക്കുക. ഇതിൽ മുട്ടയും തുടർന്നു വനിലയും ചേർത്ത് പതയും വരെ അടിച്ചെടുക്കുക.
∙മറ്റൊരു പാത്രത്തിൽ ബാക്കി വന്ന രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡറും ഫുഡ് കളറും ചേർത്തിളക്കുക. ഇത് അടിച്ചു വച്ച ബട്ടർ മിക്സ്ചറുമായി കൂട്ടി യോജിപ്പിക്കുക.
∙ ഇതിലേക്ക് മൈദ, ഉപ്പ്, ബേക്കിങ് സോഡ, ബട്ടർ മിൽക്ക്, വിനാഗിരി എന്നിവ കൂടി ചേർത്ത് നന്നായി അടിച്ച് ബാറ്റർ തയാറാക്കുക.
∙ബാറ്റർ രണ്ട് കേക്ക് പാനുകളിലായി ഒഴിച്ച് 20–25 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
∙ പാകമായ കേക്കുകൾ മാറ്റി വയ്ക്കുക. സെർവിങ് പാനിൽ ഒരു കേക്ക് വച്ച് അതിനു മുകളിൽ വൈറ്റ് ഐസിങ് കട്ടിയിൽ പുരട്ടുക. ഐസിങ്ങിനു മുകളിൽ അടുത്ത കേക്ക് വച്ച് മുകളിലും സൈഡിലുമായി കേക്ക് നന്നായി പൊതിയും വിധം ഐസിങ് ചെയ്യുക.