ഒരു ദിവസം രാവിലെ ഉണരുന്നത് നിത അംബാനി ആയിട്ടാണെങ്കിൽ എന്തു ചെയ്യും? മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ആഘോഷവിരുന്നിൽ മുകേഷ് അംബാനിയോടു കരൺ ജോഹറിന്റെ ചോദ്യം. നിത തനിക്കു ഭക്ഷണകാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളെല്ലാം എടുത്തു കളയുമെന്നായിരുന്നു മുകേഷ് അംബാനിയുടെ മറുപടി. ഇതുകേട്ട് സദസ്സിലാകെ കൂട്ടച്ചിരി. ഇത്തരത്തിൽ നിരവധി കുസൃതി ചോദ്യങ്ങളാണു കരണിന്റെ റാപിഡ് ഫയറിൽ അംബാനിയെ കാത്തിരുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹത്തിനു മുന്നോടിയായി ഉദയ്പൂരിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണു കരണിന്റെ റാപിഡ് ഫയർ അരങ്ങേറിയത്.
ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നു തോന്നുന്നു എന്നായിരുന്നു കരണിന്റെ അടുത്ത ചോദ്യം. ഒരു ബിസിനസ്സുകാരന്റെ ബുദ്ധിയോടെ ‘ഒരു രാഷ്ട്രീയ പാർട്ടി’ എന്ന ഉത്തരത്തിൽ മറുപടി ഒതുക്കി. ഇഷയെ സംബന്ധിക്കുന്ന ഒരു രഹസ്യം പറയാനും കരൺ ആവശ്യപ്പെട്ടു. ഇഷയോടൊപ്പം തന്റെ കിടപ്പുമുറിയിലിരുന്ന് മുംബൈ ഇന്ത്യൻസിന്റെ മത്സരം കാണുമ്പോഴെല്ലാം ടീം വിജയിക്കുന്നെന്ന് അംബാനി. ആനന്ദ് തന്നെപ്പോലെ ഒരു ഭക്ഷണപ്രിയനാണെന്ന രഹസ്യവും അംബാനി തുറന്നു പറഞ്ഞു. ബോളിവുഡ് താരങ്ങളെ റാപിഡ് ഫയറിൽ കുഴക്കി പരിചയമുള്ള കരണിന്റെ ചോദ്യങ്ങളിൽനിന്ന് അംബാനി അതിസമർഥമായി കുതറി മാറിയപ്പോൾ സദസ്സിൽ ചിരി തുടർന്നു.
ഉദയ്പുരിലാണ് ഇഷ അംബാനിയുടെ വിവാഹപൂർവ ആഘോഷങ്ങൾ നടന്നത്. ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം. 5100 പേർക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകൾ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ മുഖ്യാഥിതിയായ ചടങ്ങിൽ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു. ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോൺസായിരുന്നു. ഉദയ്പുരിലെ ഒബ്റോയ് ഉദയ്വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികൾ അരങ്ങേറിയത്. അതിഥികൾക്കു ഇവിടെയെത്താൻ 100 ചാർട്ടേഡ് ഫ്ലൈറ്റുകളാണു ഒരുക്കിയിരുന്നത്.
ബോളിവുഡ് താരങ്ങളുടെ നൃത്തവും സംഗീതവും മറ്റു കലാപരിപാടികളും ആഘോഷത്തിനു കൊഴുപ്പേകിയപ്പോൾ അംബാനി കുടുംബത്തിന്റെ നൃത്തവും ശ്രദ്ധേയമായി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും റൊമാന്റിക് നൃത്തം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി. ഇതേടൊപ്പമാണ് കരണ്‍ ജോഹറിന്റെ വളരെ പ്രശസ്തമായ റാപ്പിഡ് ഫയറിൽ മുകേഷ് അംബാനി പങ്കെടുത്തത്.
ഡിസംബർ 12ന് മുംബൈയിലുള്ള അംബാനിയുടെ വസതിയിലായിലാണ് ഇഷയും ആനന്ദും വിവാഹതരാകുന്നത്.