ഫോട്ടോ കിട്ടിയപ്പോൾ എല്ലാവരും പ്രേതങ്ങൾ!

പ്രിന്റ് കണ്ടപ്പോൾ കുടുംബത്തോടെ ഏതോ പ്രേതഭവനത്തിൽനിന്ന് ഇറങ്ങിയെത്തിയതുപോലെയായിരുന്നു

കുടുംബത്തോടൊപ്പം സന്തോഷത്തോടെയുള്ള ഒരു ചിത്രമെടുക്കുക, എന്നെന്നും ഓർക്കത്തക്കവിധം മനോഹരമായി ഫ്രെയിം ചെയ്തു ചുവരിൽ തൂക്കുക.. എല്ലാ കുടുംബങ്ങളിലും ചെയ്യുന്നതു പോലെയേ യുഎസിലെ മിസോറിയിലെ ഈ കുടുംബവും ഉദ്ദേശിച്ചിരുന്നുള്ളൂ. ആശിച്ചതിൽ എന്നെന്നും ഓർക്കാൻ എന്നതു

മാത്രമേ ശരിയായുള്ളൂ എന്നു മാത്രം! പടമെടുപ്പൊക്കെ നന്നായിത്തന്നെ കഴിഞ്ഞു. അവസാനം പ്രിന്റു കിട്ടിയപ്പോഴാണ് ഞെട്ടിയത്. അവർ മാത്രമല്ല, കണ്ടവർ മുഴുവൻ. നല്ല പടമായിരുന്നു, ഫോട്ടോഷോപ് ചെയ്ത പ്രിന്റ് കണ്ടപ്പോൾ കുടുംബത്തോടെ ഏതോ പ്രേതഭവനത്തിൽനിന്ന് ഇറങ്ങിയെത്തിയതുപോലെയായിരുന്നു.

മുഖമാകെ വിളറി വെളുത്താണ് ഫോട്ടോയിലുണ്ടായിരുന്നത്. വിചിത്രാവസ്ഥ കണ്ട് കരയണോ ചിരിക്കണോ എന്നു നിശ്ചയമില്ലാതെ അവർ കരയുവോളം ചിരിച്ചു. പോരാത്തതിന് ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തു. അതോടെ സമൂഹ മാധ്യമങ്ങളിലും ചിത്രങ്ങൾ വൈറലായി. നാലു ലക്ഷത്തോളം പേരാണ് ചിരിച്ചു മറിഞ്ഞത്.

പാം സാരിങ്, ദവെ സാരിങ് ദമ്പതികളാണ് ‘പ്രഫഷനൽ’ ഫൊട്ടോഗ്രഫറുടെ ഇരകൾ.  താനൊരു പ്രഫഷനൽ ഫൊട്ടോഗ്രഫറാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ കക്ഷി നല്ല കാശു വാങ്ങിയാണ് പടമെടുത്തത്. പടമെടുത്തു പോയതല്ലാതെ പിന്നീട് കുറെ നാളത്തേക്ക് വിവരമൊന്നുമില്ലാതായി. അപ്പോഴേ സ്‌പെല്ലിങ് മിസ്‌റ്റേക്ക് മണത്തതാണ്. പാം സാരിങ് കുറെ തവണ ശല്യപ്പെടുത്തിയശേഷമാണ് ചിത്രങ്ങൾ നൽകിയത്.

ചിത്രത്തിന്റെ തകരാറിന് ഫൊട്ടോഗ്രഫർ പറയുന്ന ന്യായം അന്നു വളരെ തെളിഞ്ഞ ദിവസമായിരുന്നെന്നാണ്. പോരാത്തതിന് കുറെ ഭംഗികെട്ട നിഴലുകളും. തന്നെയുമല്ല, ഫോട്ടോകൾ ടച്ച് ചെയ്ത് മനോഹരമാക്കുന്നത് പ്രഫസർ അവരെ പഠിപ്പിച്ചിട്ടില്ലത്രേ! ഇത്രയുമായതു കൊണ്ട് വാങ്ങിച്ച പണം കുടുംബത്തിനു തിരിച്ചു നൽകിയിട്ടുണ്ടാകുമെന്ന് കരുതിയെങ്കിൽ തെറ്റി.. അതു ചിരിച്ച വഹയിൽ പോയി.

കാർട്ടൂൺ കഥാപാത്രങ്ങൾ പോലെ, എംഎസ് പെയിന്റ് വാരിയൊഴിച്ചപോലെ.. ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകളും രസകരങ്ങളാണ്. ഇത്രയും മനസ്സറിഞ്ഞു ചിരിക്കാൻ അവസരം നൽകിയതിനു പലരും കുടുംബത്തോടു നന്ദിയും പറഞ്ഞു. ഇക്കാലത്തും ഇങ്ങനെ ഫോട്ടോഷോപ് ചെയ്യുന്നവരുണ്ടല്ലോ എന്നോർക്കുമ്പോഴാ നമ്മുടെ മഹേഷ് ഭാവനയൊക്കെ  എത്ര മികച്ചവരാണെന്ന് തോന്നിപ്പോകുന്നത്.

Read more  : Lifestyle Malayalam Magazine, Beauty Tips in Malayalam