ചെടിച്ചട്ടിയിൽ നിന്ന് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി സ്പാനിഷ് സ്റ്റാർട്ടപ് കമ്പനി രംഗത്ത്. ബയോ എന്നു പേരിട്ടിരിക്കുന്ന ചെടിച്ചട്ടി പ്രകാശ സംശ്ലേഷണത്തിലൂടെയാണ് ചാർജിങ് നിർവഹിക്കുന്നത്. രാവും പകലും ഒരുപോലെ ചട്ടി ചാർജ് പുറപ്പെടുവിക്കുന്നതിനാൽ ഏതു സമയവും ചാർജിങ് നടക്കും. ഒരു ദിവസം മൂന്നുതവണയെങ്കിലും ചാർജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.
ചെടിയുടെ ജൈവഘടകങ്ങൾ പ്രകാശ സംശ്ലേഷണത്തിനുശേഷം പുറന്തള്ളുന്ന ഊർജമാണ് വൈദ്യുതിയാക്കി മാറ്റുന്നത്. പ്രകാശ സംശ്ലേഷണം ചെടികളുടെ സാധാരണ പ്രവർത്തനമായതിനാൽ ഊർജോൽപാദനത്തിന് വേറെ യത്‌നങ്ങളൊന്നും ആവശ്യമില്ല. ഏതു ചെടിയും ഈ ചട്ടിയിൽ നടാം. ചട്ടിയിലെ യുഎസ്ബി പോർട്ട് വഴിയാണ് ചാർജിങ്. ടെക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.