128 GB റാമുള്ള ലോകത്തെ ആദ്യത്തെ ലാപ്‌ടോപ് പുറത്തിറക്കി ലെനോവൊ; 6TB സംഭരണശേഷി

Lenovo

പത്തു വര്‍ഷം മുമ്പ് 8GB റാമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കും എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. എന്നാല്‍, ടെക് കമ്പനികളെല്ലാം സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തിലെ പുതുമകള്‍ക്കായി മത്സരിച്ചപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. കംപ്യൂട്ടര്‍ നിര്‍മാണ കമ്പനികള്‍ പലരും ഇപ്പോഴും 4GB റാമുള്ള ലാപ്‌ടോപ്പുകളാണ് കൂടുതലും മാര്‍ക്കറ്റു ചെയ്യുന്നത് എന്നു കാണാം. അതൊക്കെ പഴങ്കഥയാക്കിയാണ് ലെനോവൊയുടെ വരവ്. കമ്പനിയുടെ പുതിയ ലാപ്‌ടോപ് തിങ്ക്പാഡ് P52 (ThinkPad P52) അവതരിപ്പിച്ചിരിക്കുന്നത് 128GB DDR4 റാമും 6TB സംഭരണശേഷിയുമായി ആണ്. വെര്‍ച്വല്‍ റിയാലിറ്റി ശേഷിയുമുള്ള ഈ മോഡലാണ് ലോകത്താദ്യമായി 128GB (DDR4) റാമുമായി എത്തുന്ന ലാപ്‌ടോപ്. ഡെല്‍ പ്രിസിഷന്‍ 7530 (Dell Precision 7530) പോലത്തെ ഏതാനും മോഡലുകള്‍ക്കു മാത്രമാണ് ഈ ശേഷിയുമുള്ളത്.

ഈ ഭീമന്റെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍ തീര്‍ന്നില്ല-15.6-ഇഞ്ച് വലുപ്പമുള്ള 4K/UHD ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയും ലഭ്യമാണ്. ഇതാകട്ടെ, ഗെയ്മര്‍മാര്‍ക്കും, ഫോട്ടോ-വിഡിയോ എഡിറ്റര്‍മാര്‍ക്കും ഒരു സ്വപ്‌ന സ്‌ക്രീന്‍ ആയിരിക്കും. 100 ശതമാനം അഡോബി ആര്‍ജിബി കവറെജും പരമാവധി ബ്രൈറ്റ്‌നസ് 400 നിറ്റ്‌സ് വരെ കൊണ്ടു ചെല്ലാനുള്ള ശേഷിയും മറ്റും ഈ സ്‌ക്രീനിന് ഉണ്ട്. ഇത്തരം കൂടുതല്‍ ബ്രൈറ്റ്‌നസ് ഉള്ള സ്‌ക്രീനുകള്‍ സാധാരണമാകുകയാണ് എന്നും കാണാം.  

ആറു കോറുകളുള്ള ഇന്റല്‍ സിയൊണ്‍ (Xeon) അല്ലെങ്കില്‍ കോര്‍ (Core) പ്രൊസസറാണ് ലാപ്‌ടോപ്പിനെ നിയന്ത്രിക്കുന്നത്. എട്ടാം തലമുറയിലുള്ള സിയൊണ്‍ പ്രൊസസറുകള്‍ക്ക് ചില തനതു കഴിവുകളുമുണ്ടത്രെ.

മറ്റു ചില പോര്‍ട്ടുകള്‍--3-യുഎസ്ബി 3.1-ടൈപ്പ് എ, 2-യുഎസ്ബി-സി/തണ്ടര്‍ബോള്‍ട്ട്, 1-എച്ഡിഎംഐ 2.0, 1-മിനി ഡിവിഐ, എസ്ഡികാര്‍ഡ് റീഡര്‍. രണ്ടര കിലോ ആണു ഭാരം.

കുറഞ്ഞ സെപെസിഫിക്കേഷനിലും ഈ മോഡല്‍ വാങ്ങാം. സ്‌ക്രീനും റാമും സംഭരണശേഷിയും അടക്കം എല്ലാം കുറഞ്ഞ സ്‌പെസിഫിക്കേഷനിലും ലെനൊവൊ ലഭ്യമാക്കിയിട്ടുണ്ട്. എന്തായാലും കാശുള്ള ഗെയ്മര്‍മാര്‍ക്ക് ഇത് വാങ്ങി ആസ്വദിക്കാം. കൂറ്റന്‍ ഫയലുകള്‍ എടുത്ത് അമ്മാനമാടാനുള്ള ശേഷിയുള്ളതുകൊണ്ട് ലൊക്കേഷനില്‍ വച്ചു തന്നെ ഫോട്ടോ/വിഡിയോ എഡിറ്റു ചെയ്യണമെന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിഡിയോ എഡിറ്റർമാർക്കും പരിഗണിക്കാവുന്ന മോഡലായിരിക്കും എന്നാണ് സൂചന‍.