Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ 6 കോപ്പിയടിച്ചതെന്ന് എച്ച്ടിസി

iphone_6

എച്ച്ടിസി വൺ - എ9 വിപണിയിലെത്തിയതോടെ ഈ ഫോണിനു ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉയരുന്ന ഒരേ ഒരു വിശേഷണമാണ് എച്ച്ടിസിയെ ചൊടിപ്പിച്ചിരിക്കുന്നത് "ഐഫോണിന്റെ ക്ലോണ്‍"' എന്ന വിളിപ്പേരാണ് എച്ച്ടിസിക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ കളിയാക്കലുകളുടെ ഇടയിൽ പ്രതികരണവുമായി എച്ച്ടിസിയുടെ സീനിയർ എക്സികൂട്ടീവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഐഫോൺ 6-നു സമാനമായ അരിക് വളഞ്ഞ അലൂമിനിയം ബോഡിയിലുള്ള രൂപകൽപ്പനയോടെയാണ് എ9 എത്തിയിരിക്കുന്നത്, ഐഫോൺ - 6/ഐഫോൺ 6 പ്ലസ് ന്റെ ബോഡി ഡിസൈനിലെ പ്രത്യേക ലൈനുകളും ക്യാമറയുടെ ചുറ്റുമുള്ള തടിപ്പുമൊക്കെ ഈ ഫോണില്‍ എച്ച്ടിസി അതുപോലെ അനുകരിച്ചിക്കുകയാണ്, ഐ ഫോൺ 6-ന്റെ വശങ്ങളിലുള്ള സിം /മൈക്രോ എസ്ഡി കാർഡ് ട്രേ പോലും എ9-ൽ സമാനമായാണ് എച്ച്ടിസി ആവിഷ്കരിച്ചിരിക്കുന്നതെന്നുമൊക്കെയായിരുന്നു എച്ച്ടിസിയെപ്പറ്റി ഐഫോണ്‍ പ്രേമികൾ അഴിച്ചുവിട്ട ആരോപണം.

എച്ച്ടിസി നോർത്ത് ഏഷ്യൻ പ്രസിഡന്റ്, ജാക്ക് ടോങാണ് വൺ - എ9 ന്റെ തായ്‌വാൻ ലോഞ്ചിനിടെ ഐഫോണിനെതിരെ പ്രസ്താവനയുമായി ഡിസൈൻ കോപ്പിയിംഗ് വിവാദത്തിനു ചൂട് പിടിപ്പിച്ചിരിക്കുന്നത്. ജാക്ക് ടോങ് പറയുന്നതനുസരിച്ച് 2013-ൽ എച്ച്ടിസി പുറത്തിറക്കിയ വൺ M7 എന്ന മോഡലിന്റെ യൂണി-മെറ്റൽ ക്ലാഡ് ബോഡി രൂപകൽപ്പനയെ ആപ്പിളാണ് അവരുടെ ഐഫോണുകളിലേക്ക്‌ പിന്നീട് കോപ്പിയടിച്ചത്. മെറ്റൽ ക്ലാഡ്‌ ഫോണുകളിൽ ട്രാൻസീവർ പ്രവർത്തിപ്പിക്കാനുള്ള അതിനൂതന ആന്റിനയുടെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതും എച്ച്ടിസിയാണെന്ന് ജാക്ക് ടോങ് കൂട്ടിച്ചേർത്തു.

2013-ൽ ആവിഷ്കരിച്ച മെറ്റൽ ക്ലാഡ്‌ ബോഡി രൂപകൽപ്പന അധിഷ്ഠിതമാക്കി കനവും ഭാരവും കുറച്ചു പുറത്തിറക്കിയ മോഡലാണ് എച്ച്ടിസി വൺ - എ9, അല്ലാതെ ഇതൊരു അനുകരിക്കപ്പെട്ട രൂപകൽപ്പനയല്ലെന്നും എച്ച്ടിസി നോർത്ത് ഏഷ്യൻ പ്രസിഡന്റ് തന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കാർബൺ ഗ്രേ, ഓപൽ സിൽവർ, ടോപാസ് ഗോൾഡ്, ഡീപ് ഗാർനെറ്റ് വകഭേദങ്ങളിൽ ലഭ്യമാകുന്ന ഈ ഫോണ്‍ 1.5 GHz ക്വാഡ് കോർ, 1.2 GHz ക്വാഡ് കോർ എന്നീ രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന 64-ബിറ്റ് ക്വാൾകോം സ്നാപ്ഡ്രാഗൺ 617 ഒക്ടാ കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 6.0 മാഷ്മല്ലൊ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വണ്‍ എ9 കമ്പനിയുടെ ആദ്യ മാഷ്മല്ലൊ ഹാൻഡ്സെറ്റ് ആണ്.

ഫോണിലെ 13 മെഗാപിക്സൽ റിയർ ക്യാമറ സഫയർ കവർ ലെൻസോടെയാണെത്തുന്നത്. ഇത് f / 2.0 അപെർച്ചറും, ഓട്ടോഫോക്കസ്, BSI, OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 1080 വിഡിയോ റെക്കോർഡിംഗ്, എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളും നൽകുന്നുണ്ട്. 4 മെഗാപിക്സൽ അൾട്രാപിക്സൽ ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള ഈ സ്മാർട്ട്ഫോൺ 2150 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. വൺ - എ9 ന്റെ 1080x1920 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയെ കൊണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷിക്കും .

2 ജിബി റാം & 16 ജിബി,3 ജിബി റാം& 32 ജിബി വെർഷനുകളിൽ റാം,ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമായെത്തുന്ന ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ ഉയര്‍ത്താൻ കഴിയും. കണക്ടിവിറ്റിക്കായി 4 ജി എൽടിഇ, 3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ-യു.എസ്.ബി സൗകര്യങ്ങൾ നൽകുന്ന വണ്‍ എ 9 ഇന്ത്യൻ എൽടിഇ ബാൻഡുകളും പിന്തുണയ്ക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.