വിശ്വാസ്യത, പ്രകടനമികവ് എന്നിവയിൽ വീഴ്ച വരുത്തുന്നതിൽ ആപ്പിൾ ഉത്പന്നങ്ങളായ ഐഫോണും ഐപാഡും മുന്നിലെന്നു റിപ്പോർട്ട്. ആഗോള ഡേറ്റ സെക്യൂരിറ്റി കമ്പനിയായ ബ്ലാങ്കോ െടക്നോളജി ഗ്രൂപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം ആപ്പിൾ ഉൽപന്നങ്ങൾ 58 ശതമാനം വീഴ്ച വരുത്തുമ്പോൾ ആൻഡ്രോയ്ഡ് ഉൽപന്നങ്ങൾ 35 ശതമാനം വീഴ്ച മാത്രമാണു വരുത്തുന്നത്. ഇതാദ്യമായാണു 'മോശം' പ്രകടനത്തിൽ ആപ്പിൾ മുന്നിലെത്തുന്നത്.
2016 ആദ്യപാദത്തിൽ 44 ശതമാനം ഇടിവാണ് ആൻഡ്രോയ്ഡ് ഉൽപന്നങ്ങൾ നേരിട്ടത്. ആപ്പിൾ ഉൽപന്നങ്ങളിൽ ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയത് ഐഫോൺ 6 ആണ്- 29 ശതമാനം ഇടിവ്. ഐഫോൺ 6 എസ്, 6 എസ് പ്ലസ് മോഡലുകളാണു 'മോശം' പ്രകടനത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്.
ഓപ്പറേറ്റിങ് സിസ്റ്റത്തിനു പുറമെ നിർമാതാക്കൾ, മോഡലുകൾ, പ്രാദേശിക മേഖല എന്നിവയുടെ അടിസ്ഥാനത്തിലും പഠനം നടത്തിയിരുന്നു. ഹാൻഡ്സെറ്റ് നിർമാതാക്കളിൽ സാംസങ്, ലെനോവൊ, ലീടിവി എന്നിവയാണ് മോശം പ്രകടനത്തിൽ മുൻപന്തിയിൽ. 26 ശതമാനമാണ് സാംസങ്ങിന്റെ പ്രകടനത്തിലെ വീഴ്ച. 11 ശതമാനം മാത്രം പ്രകടനവീഴ്ച വരുത്തിയ മോട്ടോറോള, നിർമാതാക്കളിൽ മികച്ചു നിന്നു.
വടക്കേ അമേരിക്കയിലും ഏഷ്യയിലുമാണ് ഐഒഎസ് ഉപകരണങ്ങൾക്കു പ്രധാനമായും തിരിച്ചടി നേരിട്ടത്. കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങളുടെ ഗുണമേന്മയിലെ വ്യതിയാനമാകാം ഇതിനു കാരണമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. വൈഫൈ കണക്ട് ചെയ്യാനുള്ള ബുദ്ധിമുട്ട്, മുറിഞ്ഞുപോകുന്ന കണക്ഷൻ, വേഗക്കുറവ്, പാസ്‌വേഡ് അനുബന്ധിതപ്രശ്നങ്ങൾ തുടങ്ങിയവയാണ് ഐഒഎസ് ഉപയോക്താക്കൾ പ്രധാനമായും നേരിട്ടത്.
ബാറ്ററി ചാർജിങ്, ക്യാമറയും ടച്സ്ക്രീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ആപ്പ് ക്രാഷുമാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾ നേരിട്ടത്. 50 ശതമാനം ഐഒഎസ് ആപ്പുകൾ ക്രാഷായി പണിമുടക്കിയപ്പോൾ 23 ശതമാനം ആൻഡ്രോയ്ഡ് ആപ്പുകൾ മാത്രമാണു പണിമുടക്കിയത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രം, സ്നാപ്ചാറ്റ് എന്നിവയാണ് പണിമുടക്കുന്നതിൽ ‘മുന്നിലെത്തിയ’ ഐഒഎസ് ആപ്പുകൾ.