പൊതു തിരഞ്ഞെടുപ്പുകൾ വരുന്നു: 'യുദ്ധമുറി' തുറന്ന് ഫെയ്സ്ബുക്

വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തു വരികയാണല്ലോ. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഫെയ്‌സ്ബുക്കിന്റെ സ്വാധീനത്തില്‍ ചില രാജ്യങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ മാറ്റിമറിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ പല ഉന്നതരായ രാഷ്ട്രീയ നേതാക്കളും ദേഷ്യത്തിലാണ്. വീണ്ടും ഇത്തരം ആരോപണങ്ങളുയര്‍ന്നാല്‍ അവരുടെ നിലനില്‍പ്പു പോലും പ്രശ്‌നത്തിലായേക്കാമെന്ന ചിന്തയാണ് ഫെയ്‌സ്ബുക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആസ്ഥാനമന്ദിരത്തിലാണ് ഫെയ്സ്ബുക് യുദ്ധമുറി (war room) തുറന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളിലെ കൈകടത്തലുകള്‍ ഒഴിവാക്കുക എന്നതിനായിരിക്കും പ്രാധാന്യം നല്‍കുക. അമേരിക്കയിലും, ബ്രസീലിലും അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളില്‍ ഫെയ്‌സ്ബുക്കിലൂടെ നടന്നേക്കാവുന്ന ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുക എന്നതായിരിക്കും ആദ്യപടി. ഒരു പിടി വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 'യുദ്ധമുറി'യില്‍ ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ മുന്നിലെ മോണിട്ടറിലേക്ക് ഒഴുകിയെത്തുന്ന ഡേറ്റയില്‍ കണ്ണുംനട്ടിരിക്കുകയാണ്. ഇവര്‍ക്ക് ചെറിയ ബാത്‌റൂം ഇടവേളകള്‍ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഭക്ഷണം പോലും അവരുടെ മേശപ്പുറത്തെത്തും. നവംബർ 6നു നടക്കുന്ന അമേരിക്കയിലെ ഇടക്കാല ഇലക്‌ഷന്‍ മുന്നില്‍ക്കണ്ട് യുദ്ധമുറിയുടെ പ്രവര്‍ത്തനം ഉടനെ വീണ്ടും ഉഷാറാകും. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലേക്കുള്ള 435 സീറ്റുകളിലും അമേരിക്കന്‍ സെനറ്റിലേക്കുള്ള 100 സീറ്റുകളില്‍ 35 എണ്ണത്തിലുമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.

രണ്ടുവര്‍ഷം മുൻപ് സക്കര്‍ബകര്‍ഗ് അടക്കം ഫെയ്‌സ്ബുക്കിലുള്ള ആരും മുന്നില്‍ കാണാതിരുന്ന ഒരു ഘട്ടത്തിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. അവരുടെ കമ്പനി ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന ആരോപണം അവര്‍ക്ക് അക്കാലത്ത് ചിന്തിക്കാനാകുമായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഫെയ്‌സ്ബുക്കിനെതിരെ ആദ്യം ഉയര്‍ന്ന ആരോപണങ്ങളെ സക്കര്‍ബര്‍ഗ് അന്ന് പുറം കൈക്ക് തട്ടിക്കളയുക ആയിരുന്നല്ലോ. പക്ഷേ, ഇപ്പോള്‍ രാഷ്ട്രീയ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നല്‍കണമെങ്കില്‍ നല്‍കുന്നയാളുടെ ലൊക്കേഷനും മറ്റും കൃത്യമായി അറിയിക്കണം.

ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സൃഷ്ടിയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നുമാണ് ഫെയ്‌സ്ബുക്. ഇപ്പോള്‍ പരസ്യങ്ങളുടെ വിശ്വാസ്യത എഐ ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ശേഷമാണ് നല്‍കുന്നതെന്നും കാണാം. ത്രെട്ട് ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, സോഫ്റ്റ്‌വെയര്‍ എൻജിനീയറിങ്, ഗവേഷണം, കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ്, നിയമ വിദഗ്ധര്‍ എന്നിവരെല്ലാമടങ്ങുന്ന പടനായകരാണ് വാര്‍ റൂമിലുള്ളത്. ഇവര്‍ക്കു കീഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കിന്റെ 20,000 ജോലിക്കാരുമുണ്ട്. പടനായകരെ ഒരു മുറിക്കുള്ളില്‍ ആക്കിയിതിനാല്‍ പെട്ടെന്നു തന്നെ തീരുമാനങ്ങളെടുക്കാനാകുമെന്നും ഫെയ്‌സ്ബുക് പറയുന്നു. ഉപദ്രവകാരിയായ ഉള്ളടക്കം മുളയിലെ നുള്ളാനാണ് കമ്പനി ശ്രമിക്കുന്നത്.

ഇലക്‌ഷന്‍ കാലത്തെ വിഷയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ തല്‍സമയം വീക്ഷിക്കും. ആളുകളെ ചെയ്യുന്നതില്‍ നിന്നു വിലക്കുന്ന പ്രചാരണങ്ങലും സ്പാമുകളുമൊക്കെ യുദ്ധമുറിയുള്ളവര്‍ പരിശോധിക്കും. ആളുകളുടെ മനസു മാറ്റാനുള്ള ശ്രമങ്ങള്‍ കണ്ടെത്തും. കബളിപ്പിക്കാനുള്ള പോസ്റ്റുകള്‍ എത്രയും വേഗം നീക്കം ചെയ്യും. തങ്ങളുടെ നയത്തിനെതിരായ പോസ്റ്റുകളും നീക്കം ചെയ്യും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വദേശീയരായ ആളുകള്‍ നിയന്ത്രിക്കുന്ന ചില ഫെയ്‌സ്ബുക് അക്കൗണ്ടുകളിലൂടെ ഓരോ രാജ്യത്തും ആളുകള്‍ക്കിടിയല്‍ അഭിപ്രായഭിന്നത വരുത്തി വോട്ടു മറിക്കാന്‍ സാധിച്ചതായി ആരോപണങ്ങളുണ്ടായിരുന്നു.

മുന്‍ തിരഞ്ഞെടുപ്പുകളിള്‍ ആളുകളുടെ മനസിളക്കാനുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണം ആദ്യം ഫെയ്‌സ്ബുക് നിഷേധിച്ചുവെങ്കിലും പിന്നീട് തങ്ങളുടെ തെറ്റു സമ്മതിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കാനുള്ള സുരക്ഷയൊരുക്കാന്‍ കുടുതല്‍ മുതല്‍മുടക്കു നടത്താനുമൊരുങ്ങുകയാണ് ഫെയ്‌സ്ബുക്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തെ മുന്നൊരുക്കമുണ്ടെന്നാണ് കമ്പനി പറയുന്നത്. യുദ്ധ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നതെന്തെന്നു പരിശോധിക്കരുതെന്ന് ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഫെയ്‌സ്ബുക് ആവശ്യപ്പെട്ടു. കൂടാതെ, ഇവിടെയുള്ള ചില ഉപകരണങ്ങളെക്കുറിച്ചും എഴുതരുതെന്നും പറഞ്ഞിട്ടുണ്ട്.

വാര്‍ റൂം, ഇനി ഫെയ്‌സ്ബുക്കിന്റെ സ്ഥിരം സജ്ജീകരണങ്ങളില്‍ ഒന്നായേക്കുമെന്നാണ് സൂചന. ഫെയ്ക്ക് അക്കൗണ്ടുകളെ കണ്ടെത്താന്‍ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. പരസ്യത്തിലും സുതാര്യത കൊണ്ടുവന്നു കഴിഞ്ഞു. തങ്ങള്‍ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞതായി അവര്‍ പറഞ്ഞു.