Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസിനെ തകർക്കാൻ സൈബർ യുദ്ധം

cyber-attack-against-isis-reuters

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരവാദ സംഘടനയ്ക്കെതിരെ സൈബർ യുദ്ധവുമായി യുഎസ് രംഗത്ത്. പെന്റഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഫോഴ്സ് ഐഎസിനെതിരെ ഡിജിറ്റൽ യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന് ഡിഫൻസ് സെക്രട്ടറി ആഷ്ടൺ കാർട്ടർ വെളിപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കു മുൻപത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളത്. ഇന്ന് സൈബർ യുദ്ധം പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

യുഎസ് സേനയെ അധികമായി വിന്യസിക്കാതെ ഐഎസിനെ നേരിടുന്നതിനുള്ള അമേരിക്കയുടെ പദ്ധതികളുടെ ഭാഗമായാണ് സൈബർ യുദ്ധം ആരംഭിച്ചിരിക്കുന്നത്. സൈബർ കമാൻ‍ഡ് 2009ലാണ് പെന്റഗൺ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനി‌ടെ ഏറെ ശാക്തീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. സൈബർ മിഷൻ ഫോഴ്സാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 6187 പുതിയ ജീവനക്കാരെ നിയമിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 4,900 പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു.

2016 തുടക്കം മുതൽ ഐഎസിനെതിരെയുള്ള സൈബർ ആക്രമണം ശക്തമാക്കി വരികയാണ് യുഎസ്. പെന്റഗൺ വൃത്തങ്ങളുടെ സൈനിക നീക്കത്തിനു പിൻബലമേകുകയാണ് ലക്ഷ്യം. തീവ്രവാദ സംഘടനയുടെ വാർത്താവിനിമയ സംവിധാനങ്ങൾ, സാമ്പത്തിക സ്രോതസുകൾ എന്നിവ തകർക്കുന്നതിലൂടെയും തടസം വരുത്തുന്നതിലൂടെയും അവരെ കീഴടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യുഎസ്. പുതിയ യുദ്ധമുന്നണികളെക്കുറിച്ചു പരസ്യപ്രസ്താവന കാർട്ടർ നടത്തിത്തുടങ്ങിയത് ഈയടുത്ത കാലത്താണ്. എന്നാൽ സൈബർ ആക്രമണത്തോടനുബന്ധിച്ച വിവരങ്ങൾ പരമരഹസ്യമായിരിക്കുമെന്നും പെന്റഗൺ വക്താക്കൾ സൂചന നൽകിയിട്ടുണ്ട്.

എന്തായാലും അമേരിക്കയുടെ പുതിയ സൈബർ ആക്രമണനീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധത്തിനായി ആണവായുധം ഉപയോഗിക്കുന്നതു തെറ്റല്ലെന്നു കരുതുന്നെങ്കിൽ സൈബർ ആക്രമണത്തിലെന്താണു തെറ്റെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുന്നതിന് അനേകം മാർഗങ്ങളുണ്ടെന്ന് ജനങ്ങൾ അറിയണമെന്ന് ആഗ്രഹിക്കുന്നതായി വാഷിങ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റെജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ സൈബർ വിദഗ്ധന്‍ ജെയിംസ് ലൂയിസ് പറയുന്നു.