യാതൊരു സിനിമാപശ്ചാത്തലവുമില്ലാതെ വന്ന ഒരു ചെറുപ്പക്കാരൻ ഇപ്പോൾ തന്റെ ഇരുപത്തിയഞ്ചാം സിനിമയുടെ ലൊക്കേഷനിലാണ്. ഒന്നിനു പിറകെ ഒന്നായി വിജയങ്ങൾ കൊയ്യുന്ന നിവിൻ പോളിയുടെ മനസ് തൊട്ടറിയുന്ന അഭിമുഖം
അടുത്ത കാലത്തെങ്ങും ഒരു സിനിമയോടും തോന്നിയിട്ടില്ല നമുക്കിത്ര പ്രേമം. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല ടിക്കറ്റുമില്ലെന്ന് സോഷ്യൽ മീഡിയ. സിനിമ പകുതിയിൽ മുടങ്ങിയ തിയറ്റർ പ്രേമനൈരാശ്യത്താൽ അടിച്ചു തകർത്തുവെന്ന് വാർത്തകൾ. മലരിനെ കമന്റടിക്കുന്ന പ്യൂണിനെ തല്ലി ജോര്‍ജ് മീശ പിരിക്കുമ്പോൾ ഒരു സൂപ്പർ താരത്തിന്റെ പിറവി കണ്ട ആഹ്ളാദത്തിൽ നിലക്കാത്ത കയ്യടികൾ.
ഫോർട്ട് കൊച്ചിയിൽ ആക്ഷന്‍ ഹീറോ ബിജു എന്ന പുതിയ സിനിമയുടെ സെറ്റിൽ നിവിൻ പോളിക്കു ചുറ്റുമുണ്ട് അതേ ആരവം. കാക്കിയും, വെട്ടിയൊതുക്കിയ മീശയുമായി പരുക്കന്‍ ഭാവത്തിലാണ് നിവിൻ. പക്ഷേ, ഉള്ളിന്റെ ഉള്ളിലെ തുളളിച്ചാട്ടം നമുക്കു കാണാം. പോലീസ് സ്റ്റേഷനാക്കി മാറ്റിയ വീടിന്റെ മതിലിനു മുകളിലൂടെ തലയുയർത്തി നോക്കുന്ന ഒരുപാടുപേർ. സായ്പിനെയും മദാമ്മയെയും കാണുമ്പോലെ ഷൂട്ടിങ്ങും ഇപ്പോൾ ഫോര്‍ട്ട് കൊച്ചിക്കാർക്കൊരു കൗതുകക്കാഴ്ചയല്ല. പക്ഷേ, അവരെ രസിപ്പിച്ച പ്രേമകഥയിലെ നായകനെ കാണാന്‍ അവർ കാത്തു നിൽക്കുന്നു. ഷൂട്ടിങ് അവസാനിച്ചപ്പോൾ സംവിധായകൻ എബ്രിഡ്ഷൈനുമായി തമാശകൾ പങ്കിട്ട് നിവിൻ ഇറങ്ങിവന്നു. ജനം ആർത്തുവിളിച്ചു. ‘നിവിന്‍ ചേട്ടാ...’
പനമ്പളളിനഗറിലെ ഒരു കോഫിഷോപ്പിലിരുന്ന് സിനിമയെക്കാൾ നാടകീയമായ തന്റെ കഥ പറഞ്ഞു നിവിൻ. ജോലി പോലുമില്ലാത്ത കാലത്ത് പൂത്തുലഞ്ഞ തന്റെ പ്രേമം. ആലുവപ്പുഴയുടെ തീരത്തിരുന്ന് സിനിമയെ പ്രേമിച്ച കുറേ കൂട്ടുകാര്‍. രക്തത്തിൽ സിനിമയില്ലാതിരുന്നിട്ടും വെട്ടിപ്പിടിച്ച വിജയങ്ങൾ...
എല്ലാവരും പറയുന്നു, നിവിൻ പോളിയുടെ സമയം എന്ന്. അത്തരം വിശ്വാസങ്ങളുണ്ടോ?
കണ്‍മുന്നില്‍ നടക്കുന്നത് അങ്ങനത്തെ അനുഭവങ്ങളല്ലേ? അപ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കും. നേരം സിനിമയിൽ പറയുമ്പോലെ എല്ലാവരുടെയും ജീവിതത്തിൽ നല്ല നേരവും ചീത്ത നേരവുമുണ്ട്. ഞാൻ ഇൻഫോസിസിലെ ജോലി രാജിവച്ച് നിൽക്കുന്ന സമയം. കയ്യിൽ പൈസയില്ല. നാലു സൈഡിൽ നിന്നും കുറ്റപ്പെടുത്തലുകൾ. അന്നത്തെ ആകെയുള്ള സന്തോഷം ഫുട്ബോൾ കളിയാണ്. എന്നും വൈകിട്ട് കളിക്കാൻ പോവും. ഒരു ദിവസം കളിക്കിടയിൽ കിട്ടി നല്ലൊരു ഫൗള്‍. കാലൊടിഞ്ഞു. അതോടെ കളിക്കാനും പറ്റാതെയായി. മോശം നേരത്തു സംഭവിക്കുന്നതെല്ലാം മോശം കാര്യങ്ങളായിരിക്കു മല്ലോ. പക്ഷേ, ആ കാലൊടിയൽ കൂടി കഴിഞ്ഞതോടെ എന്റെ സമയം നന്നായി എന്നു തോന്നുന്നു. വിനീത് സംവിധാനം ചെയ്ത മലര്‍വാടി ആർട്സ് ക്ലബിനു വേണ്ടി ഒഡിഷനു പോവുന്നത് ഒടിഞ്ഞ കാലുമായാണ്. വിനീത് പറഞ്ഞിട്ടുണ്ട്, ഒടിഞ്ഞ കാലുമായി വന്നതുകൊണ്ട് ഒറ്റനോട്ടത്തിലേ സ്നേഹം തോന്നിയെന്ന്.
പ്രേമം ഇത്ര വലിയ വിജയമാവുമെന്നും നിവിൻ മീശ പിരിക്കുമ്പോൾ തിയറ്ററിൽ ഇത്ര കയ്യടി ഉയരുമെന്നും കരുതിയോ?
നല്ല സിനിമയായിരിക്കും എന്നറിയാമായിരുന്നു. പക്ഷേ, ഇത്ര വലിയ വിജയമായിരിക്കും എന്നു കരുതിയില്ല. ഈ സിനിമയുടെ കാര്യത്തിൽ അല്‍ഫോൺസ് (സംവിധായകൻ അല്‍ഫോൺസ് പുത്രൻ)ആദ്യം മുതലേ വളരെ കോൺഫിഡന്റ് ആയിരുന്നു. എപ്പോൾ ഇറങ്ങിയാലും ഈ സിനിമ നിന്റെ കരിയറിൽ ഒരു ലാൻഡ്മാർക്ക് ഫിലിം ആയിരിക്കും എന്ന് അല്‍ഫോൺസ് എപ്പോഴും പറയും. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുണ്ട് സിനിമയ്ക്ക്. അതു പ്രശ്നമാവുമോ എന്നൊക്കെ പേടിയുണ്ടാ യിരുന്നു. പക്ഷേ, ഇങ്ങനെയൊരു ഏറ്റെടുക്കൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. മീശ പിരിക്കലൊന്നും അങ്ങനെ മനപ്പൂർവം പ്ലാൻ ചെയ്തതല്ല. ഞാൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മീശ പിരിക്കാറുണ്ട്. വീട്ടിലാണെങ്കിൽ ഭാര്യ റിന്ന എപ്പോഴും പറയും, ‘മീശയിൽ നിന്ന് കയ്യെടുത്തേ’ എന്ന്. അൻവർ ഇക്കയോട് ( നിർമാതാവ് അൻവർ റഷീദ്) ഞങ്ങൾക്കെല്ലാം കടപ്പാടുണ്ട്. സാധാരണ നിർമാതാക്കൾ ആദ്യമേ റീലീസിങ് ഡേറ്റ് തീരുമാനിക്കും. അതു പാലിച്ചില്ലെങ്കിൽ കേസായി, വഴക്കായി. അൻവർ ഇക്ക പറഞ്ഞു, നിങ്ങൾ സമയമെടുത്തു ചെയ്താൽ മതി. പക്ഷേ, സമയമെടുക്കുന്നതു നല്ലതിനാവണം എന്ന്.
അൽഫോൺസുമായുള്ള സൗഹൃദം തുടങ്ങുന്നതെവിടെ നിന്നാണ്?
പള്ളിയിൽ വച്ചുള്ള പരിചയമാണ്. രാജഗിരി സ്കൂളിൽ തന്നെയാണ് അൽഫോൺസും പഠിച്ചത്. വലുതാവുമ്പോള്‍ എന്താവണം എന്ന കാര്യത്തിൽ കൺഫ്യൂസ്ഡ് ആണ് ഞാനും മറ്റു കൂട്ടുകാരും . അൽഫോണ്‍സ് പക്ഷേ, വളരെ ഫോക്കസ്‍ഡ് ആണ്. ഒറ്റച്ചിന്തയേയുളളൂ അവന്. സിനിമ ചെയ്യുക. അൽഫോൺസ് എപ്പോഴും പറയും, ചിലപ്പോൾ ഞാൻ സിനിമ ചെയ്യുന്നത് 25 വയസിലായിരിക്കും. ചിലപ്പോൾ 30 വയസിലാ യിരിക്കും. അതുവരെ നിങ്ങൾ എന്നെ സപ്പോർട്ട് ചെയ്യേണ്ടി വരും. ഞാൻ സിനിമ ചെയ്താൽ പിന്നെ നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്തോളാം. അത്രയും ഉറപ്പായിരുന്നു അല്‍ഫോണ്‍ സിന്. ആലുവയിലെ ആ ഗ്യാങ് മുഴുവനുണ്ട് പ്രേമത്തിൽ. ഈ സിനിമയിലെ സൈക്കിളിൽ പിറകേ പോയുള്ള ബെല്ലടിക്കലും, പെൺകുട്ടിയുടെ അച്ഛൻ ഇറങ്ങിവരുന്നതുമെല്ലാം ഞങ്ങൾ ചെയ്ത കാര്യങ്ങളാണ്. വിനീത് മലർവാടിയിൽ അഭിനയിക്കാൻ ചെറുപ്പക്കാരെ വിളിച്ചിട്ടുണ്ട് എന്ന് എന്നോടു പറയുന്നതും അൽഫോൺസാണ്.
പ്രേമം കണ്ട് വിനീത് എന്തു പറഞ്ഞു ?
സിനിമ ഒരുപാട് ഇഷ്ടമായാലേ വിനീത് വിളിക്കൂ. പ്രേമം കണ്ടപ്പോൾ അഭിമാനം തോന്നി എന്നു പറഞ്ഞു. ‘ഒരു വടക്കൻ സെൽഫി’യുടെ സെറ്റിൽ വച്ച് എന്നെക്കണ്ട് കുട്ടികൾ ഓടി വന്ന് ‘ഹായ് നിവിൻ’ എന്നു പറഞ്ഞു കെട്ടിപ്പിടിക്കുമ്പോൾ വിനീതും അജുവും അടുത്തുണ്ടാവും. അപ്പോള്‍ ഞാൻ സ്റ്റൈലിൽ ലാലേട്ടൻ പറയുന്നതുപോലെ പറയുമായിരുന്നു. ‘ഇഷ്ടമാണ് കുട്ടികൾക്ക് എന്നെ’. അതു കഴിഞ്ഞ് ചേച്ചിമാര്‍ വന്ന് ഓട്ടോഗ്രാഫ് വാങ്ങുമ്പോൾ പറയും, ‘ഇഷ്ടമാണ് എന്നെ ചേച്ചിമാർക്ക്.’ പ്രേമം കണ്ടു വിനീത് വിളിച്ചപ്പോൾ പറഞ്ഞു,‘ഇഷ്ടമാണ് നിന്നെ ആളുകള്‍ക്ക്..’ എന്ന്. അതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. നമുക്ക് ലൈഫ് തന്നയാളല്ലേ പറയുന്നത്.
ഒന്നും കാണാതെ ഇൻഫോസിസിലെ നല്ലൊരു ജോലി രാജി വയ്ക്കുക...എന്തായിരുന്നു മനസ്സിൽ അപ്പോൾ?
എന്റെ ഒപ്പം ജോലി ചെയ്തിരുന്നവരുടെയെല്ലാം പ്രതീക്ഷ മൂന്നു വര്‍ഷം അവിടെ നിന്നാൽ ഇന്ത്യയ്ക്കു പുറത്തു പോവാം എന്നതായിരുന്നു. പിന്നെ മാസം തോറും കിട്ടുന്ന മാന്യമായ ശമ്പളം. പക്ഷേ, കംപ്യൂട്ടറിന്റെ മുന്നിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്ന് തീർക്കാനുള്ളതല്ല ജീവിതം എന്ന തോന്നലാ യിരുന്നു എനിക്ക്. ഞാൻ ആ ജോലിയിൽ ഒട്ടും സന്തുഷ്ടനായിരുന്നില്ല. ഒരു പടി കൂടി ഉയരങ്ങളിലേക്ക് എന്നത് ചെറുപ്പം മുതലേയുളള എന്റെ സ്വപ്നമാണ്. ജോലിക്ക് അതിന്റേതായ പരിധികളുണ്ടല്ലോ. എന്റെ ഉളളിൽ നിന്ന് ഒരു ഇന്നർ വോയിസ് അല്ലെങ്കിലൊരു ഇൻഡ്യൂഷന്‍ തോന്നി, ഇതല്ല നിന്റെ മേഖലയെന്ന്. അങ്ങനെയാണ് രാജി വയ്ക്കാൻ തീരുമാനിക്കുന്നത്.
രാജി വയ്ക്കുമ്പോൾ മനസ് ബ്ലാങ്ക് ആയിരുന്നു. സിനിമയൊക്കെ അന്നൊരുപാട് അകലത്തിലുള്ള കാര്യമല്ലേ, വീടുകളിലേക്കു സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ബിസിനസൊക്കെ അന്നു ബാംഗ്ലൂരിൽ പച്ച പിടിച്ചുവരുന്നുണ്ട്. അങ്ങനെ നാട്ടിൽ എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു പ്ലാൻ.
യാതൊരു പ്രകോപനവുമില്ലാതെ, ഒന്നും കാണാതെ ജോലി വിടുമ്പോൾ വീട്ടിൽ പ്രശ്നമാവില്ലേ?
ഉറപ്പായും പ്രശ്നമാവുമല്ലോ. ബാംഗ്ലൂരിൽ നിന്ന് ജോലിയും കളഞ്ഞ് നാട്ടിൽ വന്ന് ഫുഡ്ബോളും കളിച്ച് കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുന്നു. എല്ലാവരും നോക്കുന്നത് ആ ഒരു പുച്ഛത്തോടെയാണ്. ബന്ധുക്കളുടെ വീടുകളിലൊന്നും പോവാൻ പറ്റില്ല. ഒരുപാടു പേർ ചോദിച്ചിട്ടുണ്ട്. ഒരു പണിയും ചെയ്യാതെ സുഖമായി കഴിയുകയാണല്ലേ എന്ന്. നീ ഈ ചെയ്യുന്നത് ശരിയല്ലെന്ന് ഒരു പാടു പേർ പറഞ്ഞിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ സപ്പോര്‍ട്ട് തന്നത് റിന്നയാണ്. ഇഷ്ടമുള്ള കാര്യം ചെയ്താൽ മതിയെന്നു പറഞ്ഞു റിന്ന. നിങ്ങള്‍ ജോലി രാജി വച്ചാൽ ഞാൻ എല്ലവരോടും എന്തുത്തരം പറയും എന്നവൾ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഒന്നു മടിച്ചേനെ. ഞങ്ങളുടേത് കോളജിൽ വച്ചു തുടങ്ങിയ പ്രണയമാണ്. റിന്ന വീട്ടിൽ ഞങ്ങളുടെ പ്രണയം അവതരിപ്പിക്കുമ്പോഴും എനിക്കു ജോലിയില്ല. പയ്യനെന്താ ജോലിയെന്നു ചോദിക്കുമ്പോള്‍ ഒരു പണിയുമില്ലെന്നു പറയുമ്പോഴുള്ള അവസ്ഥ ആലോചിക്കാമല്ലോ? ഏതു വീട്ടുകാരും ചോദിക്കില്ലേ, ‘നിനക്കു വട്ടാണോ’ എന്ന്. ആ സീന്‍ ഒഴിവാക്കാൻ ഞാൻ എന്തെങ്കിലും പഠിക്കാൻ തീരുമാനിച്ചു. ലണ്ടനിൽ ഒരു ലോജിസ്റ്റിക്സ് കോഴ്സിനു ചേരാൻ ഫീസടച്ചു തിരിച്ചു വരുമ്പോൾ വീണ്ടും ഇന്നർ വോയ്സ്,‘നിന്റെ വഴിയിതല്ല. ഇതൊരു ട്രാപ്പാണ്. നീ വീഴരുത് എന്ന്’. തിരിച്ചു വീട്ടിൽ വന്നു ഞാന്‍ പറഞ്ഞു, ഞാന്‍ പഠിക്കാൻ പോവുന്നില്ലെന്ന്. ഞാൻ പണിയില്ലാതെ നടക്കുമ്പോഴും റിന്ന ജോലിക്കു പോവുന്നുണ്ട്. കയ്യിലെ പൈസ തീരുമ്പോൾ റിന്നയെ വിളിക്കും,‘എങ്ങനെയുണ്ട് സാമ്പത്തിക സ്ഥിതി എന്നു ചോദിച്ച്...’
വീട്ടിലെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു?
അച്ഛനും അമ്മയും സ്വിറ്റ്സർലൻഡിലായിരുന്നു. അച്ഛൻ അവിടെയൊരു കമ്പനിയിൽ മെക്കാനിക്ക്. അമ്മ നഴ്സും. ഞാനും പെങ്ങളും നാട്ടിൽ. വീട്ടില്‍ അത്യാവശ്യം സാമ്പത്തികമൊക്കെയുണ്ട്. പക്ഷേ, വളരെ സൂക്ഷിച്ചേ പണം ചെലവാക്കൂ. അന്ന് ഈ ‘ലീ’, ‘വുഡ് ലാൻഡ്സ്’ തുടങ്ങിയ ബ്രാൻഡുകളൊ ക്കെയാണ് കൂട്ടുകാർ ഇടുക. എനിക്കു മാത്രം ഒരു ഷര്‍ട്ട് വാങ്ങണമെങ്കിൽ കൊച്ചിയിലെ മഹാരാജാസ് എന്ന കടയിൽ കൊണ്ടു പോയി 200 രൂപയുടെ ഷർട്ട് എടുത്തു തരും. പപ്പയുടെ കൂട്ടുകാരെല്ലാം നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ വലിയ കാർ ഇംപോർട്ടു ചെയ്തു കൊണ്ടുവന്നു. പപ്പയ്ക്ക് ഒരു പഴയ അംബാസഡർ കാറുണ്ട് അതുമതി. ഇതൊക്കെ കാണുമ്പോൾ ആ പ്രായത്തിൽ തോന്നിയിട്ടുണ്ട്, എന്തിനാണിങ്ങനെ കഷ്‌ടപ്പെട്ടു ജീവിക്കുന്നതെന്ന്? ഇപ്പോൾ ഞാൻ ഒരു അച്ഛനാവുമ്പോൾ മനസിലാവുന്നുണ്ട് കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കരുതെന്ന്. അപ്പോഴേ എന്തെങ്കിലും സ്വന്തമായി ഉണ്ടാക്കണമെന്നൊരു ലക്ഷ്യം അവർക്കുണ്ടാവൂ.
1983 എന്ന സിനിമയിലെ രമേശനെപ്പോലെ നിവിൻ മകൻ ദാവീദിനെക്കുറിച്ചു കാണുന്ന സ്വപ്നം?
അവന്റെ സ്വപ്നം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കണം. അപ്പോഴേ അവർ ഫ്ളറിഷ് ചെയ്യൂ. നമ്മുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അവര്‍ എവിടെയും എത്താൻ പോവുന്നില്ല. അവർ സന്തുഷ്ടരായിരിക്കില്ല.
രാജഗിരി സ്കൂളിൽ ഞങ്ങളുടെ ബാച്ചിൽ ഒരു പയ്യനുണ്ടായിരുന്നു. നവീൻ അന്ത്രപ്പേര്‍. ഏതു സമയവും അവന്റെ കയ്യിൽ ഗിറ്റാറുണ്ടാവും. ഞങ്ങള്‍ ക്ലാസ് കഴിഞ്ഞ് ഫുഡ്ബോൾ കളിക്കാൻ പോവുമ്പോഴും ഇവൻ ഗിറ്റാറും പിടിച്ചിരിക്കുകയാവും. അന്നു ഞങ്ങള്‍ വിചാരിച്ചിട്ടുണ്ട് ഇവൻ മാത്രം എന്താ ഇങ്ങനെയെന്ന്. വര്‍ഷങ്ങള്‍ക്കുശേഷം രാജഗിരി സ്കൂളിലെ ഒരു ചടങ്ങിൽ ഗസ്റ്റായി അവനെക്കണ്ടു. ആഗ്രഹിച്ചതുപോലെ ഒരു വലിയ മ്യുസിഷനായി മാറിയിരിക്കുന്നു നവീന്‍ ഇപ്പോള്‍. അവന്റെ മ്യൂസിക്ക് ഷോ കണ്ട് പണ്ട് കളിയാക്കിയവരെല്ലാം ഇന്ന് കയ്യടിക്കുന്നു. പൗലോ കൊയ് ലോയുടെ വിഖ്യാത നോവലായ ആൽക്കെമിസ്റ്റില്‍ പറയുമ്പോലെ തീവ്രമായി ആഗ്രഹിച്ചാൽ ഏതു സ്വപ്നവും സാക്ഷാത്ക്കരിക്കാം.
‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സിനിമ കണ്ടപ്പോൾ മുതൽ എന്റെ സ്വപ്നമാണ് ഗൗതം മേനോനോട് സംസാരിക്കണം, അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ. ‘ഓം ശാന്തി ഓശാന’യിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ പൃഥ്വിരാജ് ഫോണിൽ വിളിക്കുന്നു, ‘നിവിൻ, ഐ ആം സിറ്റിങ് വിത്ത് ഗൗതം മേനോൻ. ഹീ വാണ്ട്സ് ടു ടാക്ക് ടു യൂ എന്ന്’. ഞാൻ സ്വപ്നം കണ്ട നിമിഷം. ഫോണിന്റെ മറുതലയ്ക്കൽ നിന്നു കേട്ടു, ‘ഹൈ അയാം ഗൗതം മേനോൻ’. ഞാന്‍ ഈ ഡയലോഗ് സഹിതം സ്വപ്നം കണ്ടതാണ്. പൃഥ്വിരാജിനെയും എന്നെയും വച്ച് അദ്ദേഹം ഒരു തമിഴ് സിനിമ ആലോചിക്കുന്നു വെന്നു പറഞ്ഞു. പിന്നീട് ആ പ്രോജക്ട് ഉപേക്ഷിച്ചു.
ഉള്ളിലിരുന്ന് ഒരാൾ ഇപ്പോഴും സന്ദേശങ്ങൾ തരാറുണ്ടോ? അതിനു വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ?
ആ മെസേജസ് ഇടയ്ക്കിങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും. ചില കഥകള്‍ കേൾക്കുമ്പോള്‍ തന്നെ മനസ്സു പറയും ‘മച്ചാനേ, വിട്ടു പൊയ്ക്കോ.’ രണ്ടു വര്‍ഷം മുമ്പ് ഞാൻ ഒരു കാർ വാങ്ങാൻ 50000 രൂപ അഡ്വാൻസ് കൊടുത്തു. ഒരു ചെറിയ ഫാമിലി കാർ. അഡ്വാന്‍സ് കൊടുത്തു തിരിച്ചുവരുമ്പോള്‍ എന്റെ ഇന്നർവോയ്സ് പറയുന്നുണ്ട്,‘നീ ഇതാ വീണ്ടും ചെറുതെ ന്തിലോ സെറ്റിലാവാൻ പോവുകയാണ്. ഇതിൽ നീ കോംപ്ര മൈസ് ചെയ്താൽ എല്ലായിടത്തും കോംപ്രമൈസ് ചെയ്യേണ്ടി വരും.’ വീടെത്തിയതും ഞാൻ വിളിച്ചു പറഞ്ഞു ‘ആ കാര്‍ വേണ്ടെന്ന്’. ഒരു വര്‍ഷം കഴിഞ്ഞപ്പോൾ എനിക്കൊരു ഔഡി കാർ വാങ്ങാൻ പറ്റി. എപ്പോഴൊക്കെ ഞാന്‍ ആ ഇന്നർവോയ്സ് കേൾക്കാതെ മുന്നോട്ടു പോയിട്ടുണ്ടോ, അപ്പോഴെല്ലാം പണി കിട്ടിയിട്ടുമുണ്ട്. ചില സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് ഇത് കൂടുതലും സംഭവിച്ചിട്ടുള്ളത്. നിവിൻ അഭിനയിക്കുന്ന സിനിമകളെല്ലാം വിജയിക്കുന്നു. വിജയം വരുമ്പോൾ അഹങ്കാരം വരുമോ?
അഹങ്കാരമല്ല, ആത്മവിശ്വാസം വരും. നമ്മളുടെ തീരുമാനം ശരിയായിരുന്നുവെന്ന തോന്നല്‍, ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നും.
തുടർച്ചയായ വിജയങ്ങൾ....സിനിമയിൽ അതൊരു വലിയ ഭാരമല്ലേ?
‘ഇവിടെ’യുടെ ഷൂട്ടിങ്ങിനിടയിൽ പൃഥ്വിരാജ് ഒരു ദിവസം എന്നോടു പറഞ്ഞു. ‘‘നിവിന്റെ സിനിമകളെല്ലാം ഹിറ്റാണ്. തുടർച്ചയായി ഹിറ്റുകൾ വരുമ്പോള്‍ നമുക്കു വിജയത്തിന്റെ ചില ചേരുവകൾ പിടികിട്ടും. അപ്പോൾ എല്ലാ സിനിമയിലും ആ ചേരുവകൾ ചേർക്കാൻ നോക്കും. ഇവിടെ പാട്ടു വേണം. ഇവിടെ പ്രണയം വേണം എന്നൊക്കെ തോന്നും. ഒടുവിൽ എല്ലാ സിനിമകളും ഒരുപോലെയിരിക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമുക്കിഷ്ടം തോന്നുന്ന സിനിമകൾ ചെയ്യുക. ചില സിനിമകൾ വിജയിക്കും. ചില സിനിമകൾ പരാജയപ്പെടും.’ അതു വളരെ വിലപ്പെട്ട ഉപദേശമായിരുന്നു. മുമ്പ് സിനിമ ഇറങ്ങുന്ന ദിവസം എനിക്കു ടെൻഷനാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ എങ്ങനെ ആളുകളെ അഭിമുഖീകരിക്കും എന്ന പേടി. ഇപ്പോൾ അതൊന്നുമില്ല. നമ്മള്‍ നന്നായി ശ്രമിക്കുക എന്ന ചിന്തയായി.
നിവിൻ കോമഡി ചെയ്യും. പ്രണയം ചെയ്യും. പക്ഷേ, ആക്ഷനും, വളരെ പക്വതയുളള കഥാപാത്രങ്ങളും ചെയ്യാൻ പറ്റുമോ എന്നു ചോദിക്കുന്നവരുണ്ട്?
അൽഫോണ്‍സ് എപ്പോഴും പറയും മൂക്കാതെ പഴുക്കരുതെന്ന്. എനിക്കു 30 വയസ്സേ ആയിട്ടുള്ളൂ. ഞാൻ 40 വയസ്സിൽ പ്രണയം അഭിനയിച്ചാൽ കാണുന്നവർക്കു ബോറടിക്കും. അപ്പോൾ ആക്ഷൻ ചെയ്യാം. ഷാറൂഖ്ഖാൻ 40 വയസു കഴിഞ്ഞല്ലേ സിക്സ്പാക്ക് ആയത്. ആക്ഷൻ സിനിമകളും രണ്ടു കുട്ടികളുടെ അച്ഛൻ വേഷവുമെല്ലാം കുറച്ചു കഴിഞ്ഞും എനിക്കു ചെയ്യാം. ഞാൻ എന്തിനാണ് എന്റെ എല്ലാ റിസോഴ്സും ഇപ്പോഴേ പ്രയോഗിക്കുന്നത്.
ഈ പ്രണയ സിനിമകൾ ചെയ്യുന്നയാൾ ഒരു കുട്ടിയുടെ അച്ഛനാണെന്ന് അറിയാതെ നിവിനെ പ്രേമിക്കുന്നുണ്ട് ഒരുപാടു പേര്?
കഴിഞ്ഞ ദിവസം ഞാനും റിന്നയും ഒരു ചടങ്ങിനു പോയപ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ അടുത്തേക്കു വന്നു. അവൾ വളരെ നാടകീയമായി പറഞ്ഞു. ഐ ലവ് യൂ എന്ന്. ഞാൻ ആകെ വല്ലാതായിപ്പോയി. റിന്നയും. ഇപ്പോള്‍ ആലോചിക്കുമ്പോൾ അതൊരു തമാശയാണ്.
ഇത്രയും സ്റ്റാർഡം ഉള്ളപ്പോൾ അത് എൻജോയ് ചെയ്യാതെ സിനിമ നിർമിക്കാൻ ഇറങ്ങുന്നതു റിസ്ക്കല്ലേ?
നിര്‍മാതാവിന്റെ സപ്പോർട്ട് ഉടനീളം ആവശ്യമുള്ള ഒരു സിനിമയാണ് ആക്ഷൻ ഹീറോ ബിജു. അതുകൊണ്ടാണ് ഞാൻ നിർമാണത്തിലേക്കു വന്നത്. ഷൈൻ ചേട്ടനാണ് സംവിധാനം ചെയ്യുന്നത്. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് ഷൈൻ ചേട്ടൻ.
പൊതുവേ റിസ്ക്കെടുക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. 1983 യുടെ കഥ കേട്ടപ്പോൾ എനിക്കു സംശയമുണ്ടായിരുന്നു, ഈ സിനിമ ഞാൻ അഭിനയിച്ചാൽ ശരിയാവുമോ എന്ന്. കഥ കേട്ട് റിന്നയും ചോദിച്ചു. ‘ഇത്ര വലിയൊരു കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്നതു റിസ്ക്കല്ലേ?’ അതു കേട്ടപ്പോള്‍ എനിക്കൊരു തോന്നൽ, റിസ്ക്കുണ്ടോ. എങ്കിൽ ഈ സിനിമ ചെയ്തിട്ടേയുളളൂ.
നിവിന്റെ ഇടതു കൈ കൊണ്ടുളള അടി ഹിറ്റായല്ലോ?
ലെഫ്റ്റ് ഹാൻഡറായതു കൊണ്ട് സിനിമയിൽ പെട്ടെന്ന് ഐഡന്റിറ്റി കിട്ടി. ഇടതു കൈ കൊണ്ട് അടിക്കുന്നതു കാണുമ്പോള്‍ ഒരു മാറ്റം തോന്നുമല്ലോ? താരങ്ങളുടെ ക്രിക്കറ്റ് ടീമിൽ കളിക്കാനിറങ്ങിയപ്പോൾ എന്നെ ഓപ്പണറാക്കിയതും ലെഫ്റ്റ് ഹാൻഡറായതു കൊണ്ടാണ്. അതിനു നന്ദി പറയേണ്ടത് അച്ഛന്റെ അനുജനോടാണ്. പുളളി ലെഫ്റ്റ് ഹാൻഡറായിരുന്നു. പക്ഷേ, എല്ലാവരും കൂടി പറഞ്ഞു പറഞ്ഞ് അദ്ദേഹത്തെ റൈറ്റ് ഹാൻഡ് കൊണ്ട് എഴുതിച്ചു. പുളളിയുടെ കയ്യക്ഷരം മോശമായി. അതുകഴിഞ്ഞ് കുടുംബത്തില്‍ ജനിക്കുന്ന ലെഫ്റ്റ് ഹാൻഡ് സന്തതി ഞാനാണ്. പഴയ അനുഭവം ഉള്ളതു കൊണ്ട് എന്നെ അങ്ങനെ തന്നെ വിട്ടു. വീട്ടിൽ ഞാൻ മാത്രമല്ല റിന്നയും ലെഫ്റ്റ് ഹാൻഡറാണ്. മകൻ ഇപ്പോൾ രണ്ടു കൈ കൊണ്ടും എഴുതും. അവൻ കൂടി ലെഫ്റ്റ് ഹാൻഡറായാല്‍ ‘ഒരു ഇടതുപക്ഷ കുടുംബം’ എന്നു പറയാം.
സിനിമാ പശ്ചാത്തലം ഉള്ള കുടുംബത്തില്‍ നിന്നു വന്നതല്ല നിവിൻ. അത് ഏതെങ്കിലും തടസ്സമായിട്ടുണ്ടോ?
തീർച്ചയായും സ്ട്രഗിൾ കൂടുതലാണ്. കാരണം അവരുടെ സ്റ്റാർട്ടിങ് ലെവൽ തന്നെ ഉയരത്തിൽ നിന്നാണ്. നമ്മൾ പിടിച്ചു കയറി വേണം അവിടെയെത്താൻ. ഇടയ്ക്കു വീഴും. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും നമ്മള്‍ ഒറ്റയ്ക്കാണ്. പക്ഷേ, അതു കൊണ്ടു നമ്മൾ കൂടുതല്‍ ശ്രദ്ധിക്കും. ‘മലർവാടി’ കഴിഞ്ഞ് ഒരു ദിവസം അൽഫോണ്‍സ് ചോദിച്ചു, ‘എന്താണു നിന്റെ പ്ലാന്‍. കിട്ടുന്ന സിനിമകളെല്ലാം അഭിനയിക്കുന്നുണ്ടോ? ഞാൻ പറഞ്ഞു, ഇല്ല വളരെ ശ്രദ്ധിച്ചേയുള്ളൂ. പക്ഷേ, അന്നത്തെ എന്റെ ചില സെലക്ഷനിൽ തെറ്റുകൾ പറ്റിയിട്ടുണ്ട്. തെറ്റുകളിലൂടെയാണ് ഞാൻ കാര്യം പഠിക്കുന്നത്.
മകൻ ജനിച്ചതോടെയാണ് നിവിന് ഭാഗ്യം തെളിയുന്നതെന്ന് സിനിമയ്ക്കുളളിൽ പറച്ചിലുണ്ട്?
അതിലൊക്കെ എത്രമാത്രം കാര്യമുണ്ട് എന്നറിയില്ല. പക്ഷേ, സംഗതി സത്യമാണ്. തട്ടത്തിന്‍ മറയത്ത് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് അവൻ ജനിക്കുന്നത്. ഉച്ചയ്ക്കു 12 മണിക്ക്. സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ കുഞ്ഞ് ജനിച്ചാൽ അച്ഛന് അഭിവൃദ്ധിയുണ്ടാവുമെന്നും വിശ്വാസമുണ്ട്. ചോതിയാണ് അവന്റെ നക്ഷത്രം. ചോതി ചോദിക്കാതെ കിട്ടുമെന്നൊരു ചോല്ലുണ്ടത്രെ. മകൻ ജനിച്ച അതേ ദിവസമാണ് നിർമാതാവ് വിനോദ് ഷൊർണൂരിനും മകളുണ്ടാവുന്നത്. വിനോദിനും മകൾ ജനിച്ച ശേഷം നല്ല കാലമായിരുന്നു. ഒരു വടക്കൻ സെൽഫി പോലൊരു നല്ല സിനിമ നിർമിച്ചു. ആ സിനിമ സൂപ്പര്‍ ഹിറ്റായി....
ഇപ്പോൾ സിനിമയ്ക്കു പുറത്ത് നിവിന്റെ മനസ്സിലെ ആഗ്രഹം എന്താണ്. ദു:ഖം എന്താണ്?
റിന്നയ്ക്കൊപ്പം കുറേ യാത്രകൾ പോവണം. സ്വിറ്റ്സർലൻഡിലെ ആറാവു എന്ന സ്ഥലത്തായിരുന്നു പപ്പ ജോലി ചെയ്തിരുന്നത്. അവർ 25 വര്‍ഷത്തോളം അവിടെയായിരുന്നു. ഞങ്ങൾ എല്ലാ അവധിക്കാലത്തും സ്വിറ്റ്സർലന്‍ഡിലേക്കു പോവുമായിരുന്നു. ആ സ്ഥലത്തേക്കു റിന്നയും മകനുമായി വീണ്ടും പോവണം എന്നൊരു മോഹമുണ്ട്.
ഞാൻ മലർവാടിയിൽ അഭിനയിക്കും മുമ്പേ പപ്പ മരിച്ചു. എനിക്ക് നല്ല കാലം വന്നപ്പോൾ പപ്പ ഇല്ലാതെ പോയി എന്നത് വലിയ സങ്കടമാണ്. പപ്പ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. കലാരംഗവും കലാകാരൻമാരെയുമൊക്കെ ഇഷ്ടമുള്ള ആളായിരുന്നു. സിനിമ കണ്ടു വിളിക്കാൻ പപ്പയില്ലല്ലോ എന്ന് എപ്പോഴും ഓര്‍ക്കും. പപ്പയുടെ ആഗ്രഹമായിരുന്നു ബെന്‍സ് കാർ വാങ്ങുകയെന്നത്. ആദ്യത്തെ കാർ വാങ്ങും മുമ്പ് ഞാൻ ആലോചിച്ചു അത് ബെൻസ് തന്നെയാക്കിയാലോ? പിന്നെ വേണ്ടെന്നു വച്ചു. അതിലിരിക്കാൻ ആഗ്രഹിച്ചയാളില്ലല്ലോ?
പനമ്പള്ളി നഗറിലെ ആ കോഫി ഷോപ്പിനടുത്താണ് റിന്നയുടെ ഫ്ളാറ്റ്. നിവിൻ തന്റെ ലെതർബാഗ് തോളത്ത് തൂക്കി റോഡ് മുറിച്ചു കടന്ന് തെരുവിലൂടെ പതുക്കെ നടന്നു. ആരും പറയില്ല, ആ പോവുന്നത് കേരളത്തിലെ തിയേറ്ററുകളെ ഇപ്പോ ഇളക്കിമറിക്കുന്ന, പ്രേക്ഷകർ ഒരുപാടു സ്നേഹിക്കുന്ന നിവിൻ പോളിയാണെന്ന്. ഇൻഫോപാർക്കിലെ ജോലി കഴിഞ്ഞു മടങ്ങുന്ന ഏതോ ഒരു സോഫ്റ്റവെയർ എൻജിനീയർ പയ്യന്റെ ഛായയായിരുന്നു നിവിന് അപ്പോൾ.