Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനിന്നൊരു കോസ്റ്റ്യും ഡിസൈനർ ആയതിനു പിന്നിൽ എന്റെ ഉമ്മച്ചിയാണ്...

sameera സമീറ സനീഷ്

കൊച്ചി എംജി റോഡിലെ തുണിക്കടകളുടെ പരിസരത്തു വച്ച്, ഇഷ്ടപ്പെട്ട നിറങ്ങളും ഡിസൈനുകളും തേടി അലയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടാം. വലിയ ടെക്സ്റ്റൈൽ ഷോപ്പെന്നോ ബുട്ടീക്കെന്നോ വഴിയോരക്കടകളെന്നോ വ്യത്യാസമില്ലാതെ പ്രിയപ്പെട്ട വർണങ്ങളും പാറ്റേണുകളും എത്ര തേടി നടക്കാനും മടിയില്ലാത്തൊരു പെൺകുട്ടി. സമീറാ സനീഷ്. സിനിമയിലെ കാസ്റ്റ്യൂമിനു വേണ്ടിയാണ് സമീറയുടെ ഈ അലച്ചിൽ നിറഞ്ഞ യാത്രകൾ.

സിനിമയിൽ സമീറ ചെയ്ത കോസ്റ്റ്യൂമുകളെല്ലാം തന്നെ കഥാപാത്രങ്ങളെ പോലെ ഹിറ്റായി. ‘ഹൗ ഓർഡ് ആർയൂ’ വിൽ മഞ്ജു വാരിയർ അണിഞ്ഞ സിംപിളായ കോട്ടൺ സാരികൾ, ‘വിക്രമാദിത്യനി’ൽ നമിതയുടെ ഫുൾ സ്ലീവ് ചുരിദാറുകൾ ‘സോൾട്ട് ആൻഡ് പെപ്പറി’ൽ മൈഥിലി അണിഞ്ഞ ഒരു പാട് ഫ്ളയറുകളുള്ള സ്കർട്ട്, ‘പ്രാഞ്ചിയേട്ടനി’ൽ പ്രിയാമണിയുടെ ഷോർട്ട് കുർത്തകൾ...

സമീറയുടെ വസ്ത്രാലങ്കാര വൈദഗ്ദ്ധ്യത്തിന് ഇപ്പോഴിതാ റെക്കാർഡ് തിളക്കവും. ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ സിനിമകൾക്കു വസ്ത്രാലങ്കാരം ചെയ്തെന്ന നേട്ടവുമായാണ് സമീറ ലിംക ബുക്കിൽ ഇടം നേടിയിരിക്കുന്നത്. 30 വയസ്സിനു മുമ്പ്, അഞ്ചു വർഷത്തിനുള്ളിൽ 52 സിനിമകൾക്കു വസ്ത്രാലങ്കാരം നിർവഹിച്ച വനിതയെന്ന അപൂർവ ബഹുമതി സ്വന്തമാക്കിയ സമീറ, ഡീസൈനിങ് സ്വപ്നങ്ങളിലേക്ക് കടന്നു വന്ന വഴികൾ പങ്കിടുന്നു.

സമീറയുടെ ഉള്ളിൽ ഒരു ഫാഷൻ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞതെപ്പോഴാണ്?

സിനിമയിൽ കോസ്റ്റ്യൂം ഡിസൈനിങ് ചെയ്യണമെന്ന് മോഹിച്ചു വന്നതല്ല ഞാൻ. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടേ കലാഭവനിൽ ഡ്രോയിങ്ങും പെയിൻറിങ്ങുമൊക്കെ പഠിച്ചിരുന്നു. ചേച്ചിക്ക് കുട്ടിയുണ്ടായപ്പോൾ കുട്ടിക്ക് വേണ്ടി ഉടുപ്പുകൾ ഹാൻഡ് എംബ്രോയ്ഡറിയും ഫാബ്രിക് പെയിൻറിങ്ങുമൊക്കെ ചെയ്ത് തുന്നിക്കൊടുക്കുമായിരുന്നു. അതെല്ലാവർക്കുമിഷ്ടമായി. അന്നെക്കെ ഗ്രാഫിക് ഡിസൈനിങ് പഠിക്കാനായിരുന്നു ഇഷ്ടം. ഒരു കുടുംബസുഹ്യത്ത് പറഞ്ഞു. ഫാഷൻ ഡിസൈനിങ്ങാവും എനിക്കു നല്ലതെന്ന്. അങ്ങനെ ഡിഗ്രി കഴിഞ്ഞ് കൊച്ചി എൻഎഎഫ്ഡെിയിൽ ചേർന്നു. പഠിക്കുമ്പോൾ തന്നെ ബുട്ടീക്കുകൾക്കു വേണ്ടി ജോലി ചെയ്തിരുന്നു. ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ഉടനെ പരസ്യ ചിത്രങ്ങൾ ചെയ്യാൻ തുടങ്ങി. അഞ്ചു വർഷം കൊണ്ട് പരസ്യ രംഗത്ത് നല്ല തിരക്കിലായി. ആ സമയത്താണ് സിനിമയിൽ അവസരം വരുന്നത്. ഒരു കരിയറിൽ വിജയിച്ചു നിൽകുമ്പോൾ വേറോന്നിലേക്കു പോകാണോ എന്ന കൺ ഫ്യൂഷനിലായിരുന്നു അന്ന്. ഇപ്പോൾ 68 സിനിമയായി.

ഇളം നിറങ്ങളും സിംപിൾ ഡിസൈനുമാണ് സമീറയുടെ സ്റ്റെൽ. ആരെയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ?

മാതൃകയായി ആരുമില്ല. കുട്ടിക്കാലത്തെ സിനിമ കാണുമ്പോൾ അറിയാതെ തന്നെ കോസ്റ്റ്യൂംസിൽ കണ്ണുടക്കിയിരുന്നു. ഫാസിലിന്റെ സിനമകളൊക്കെ കാണുമ്പോൾ എന്തു ഭംഗിയുള്ള വേഷങ്ങൾ എന്നാലോചിച്ചിട്ടുണ്ട്. അതുപോലെ, പഴയ മണിരത്നം പടങ്ങൾ. വലിയ ബഹളമുള്ള ഡിസൈനുകൾ, ഗ്ലിറ്ററിങ് ഇതൊന്നും ഞാൻ നോക്കുന്നത്: സട്ടിൽ, സിംപിൾ, ഡിസൈൻ. ഇടുന്ന ആളിന് കംഫർട്ടബിളായിരിക്കണം. ക്യരക്ടറിനുയോജിക്കണം. പ്രൈമറി കളേഴ്സ് ഞാൻ ഉപയോഗിക്കാറില്ല. ബ്രൈറ്റ് കളേഴ്സ് പരമാവധി ഒഴിവാക്കും. സിനിമയ്ക്ക് അത്യാവശ്യമാണെങ്കിൽ മാത്രമേ അവ ഉപയോഗിക്കൂ. പേസ്റ്റൽ നിറങ്ങളുടെ ഷേയ്ഡ്സ് വച്ച് കളിക്കാനാണിഷ്ടം.

പെൺകുട്ടികൾ അധികം കടന്നു വരാത്ത ഈ മേഖലയാലേക്കു വന്നപ്പോഴത്തെ അനുഭവം?

ട്രഡീഷനൽ മുസ്ലിം കുടുംബമാണ് എന്റേത്. വൈറ്റിലയിലാണ് വീട്. ബാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾ നാലു പെൺമക്കൾ. ആദ്യം ആഡ് ഫിലിംസ് ചെയ്യുന്ന സമയത്ത് വർക്ക് കഴിഞ്ഞു വരുമ്പോൾ ചിലപ്പോൾ രാത്രി വളരെ വൈകുമായിരുന്നു. കുടുംബത്തിലുള്ളവർ എന്തു പറയുമെന്നാക്കെ ഓർത്ത് ഉമ്മച്ചിക്ക് അന്ന് ചെറിയ വിഷമമുണ്ടായിരുന്നു കല്യാണം കഴിഞ്ഞ ശേഷമാണ് ഞാൻ സിനിമയിലേക്കു വരുന്നത്. പുറമേ നിന്ന് ആളുൾ പറയും, സിനിമ പെൺകുട്ടികൾക്ക് പറ്റിയ ഫീൽഡ് അല്ലെന്നൊക്കെ. പക്ഷേ, എനിക്കിതേ വരെ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. കൃത്യമായ ടൈം ഷെഡ്യൂൾ ഇല്ല സിനിമയിൽ.എന്റെ ഭർത്താവ് സനീഷ് എല്ലാ പിന്തുണയും തരുന്നതിനാൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. സിനിമയുടെ തിരക്കു കാരണം നമുക്ക് ചിലപ്പോൾ വീട്ടലെ പല ചടങ്ങുകളും ഒഴിവാക്കേണ്ടി വരും. ഒരു വെക്കേഷൻ പ്ലാൻ ചെയ്താലും പോകാൻ പറ്റണമെന്നില്ല. സിനിമയിൽ നമ്മൾ നേരത്തെ തന്നെ എല്ലാം സെറ്റ് ചെയ്തു വച്ചാലും അവസാന നിമിഷം ഒരു ആവശ്യം വരാം. ലൊക്കേഷനിൽ നമ്മൾ ഫുൾ ടൈം നിൽക്കണമെന്നില്ല. പക്ഷേ, എന്തെങ്കിലും ആവശ്യം വന്നാൽ ചെയ്തുകൊടുക്കണം. ചിലപ്പോൾ രാത്രി കടകളൊക്കെ ക്ലോസ് ചെയ്തു കഴിഞ്ഞിട്ടായിരിക്കും. നാളെ രാവിലത്തെ സീനിൽ ഇന്ന സാധനം വേണമെന്നു പറയുന്നത്. അത് കട തുറപ്പിച്ചാണെങ്കിലും രാവിലത്തേക്ക് റെഡിയാക്കിയിരിക്കണം. ആ ഒരു ഉത്തരവാദിത്തം എപ്പോഴുമുണ്ട്. ചെറുതായി നമ്മൾ ഉഴപ്പിയാൽ പോലും ചീത്തപ്പേരു വരും.

സിനിമയിലെ തുടക്കം സ്ട്രഗിളിന്റെ കഥയായിരിക്കും പലർക്കും. സമീറയ്ക്കോ?

ആദ്യം ഞാൻ ചെയ്തത് വൈറ്റ് എലിഫന്റ് എന്ന ഹിന്ദി പടമാണ്. അത് സ്ട്രഗ്ളിങ് സ്റ്റേജിൽ നിന്ന് ചെയ്ത പടമാണ്. ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിങ്. എല്ലാം സെറ്റ് ചെയ്തിട്ടു ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് എന്നോട് പറയുന്നത്, ഫിലിം ചെയ്യണമെങ്കിൽ ഫെഫ്കയുടെ മെംഹർഷിപ്പ് കാർഡ് വേണമെന്ന്. എനിക്കി കാർഡുണ്ടായിരുന്നില്ല. പ്രൊഡക്ഷൻ മാനേജർ എന്നോട് ഒരു പെൺകുട്ടിയെന്ന പരിഗണന പോലും തരാതെ കയർത്തു. അയാൾക്ക് വ്യക്തിപരമായ താൽപര്യമുള്ള ആരെയോ വയ്ക്കാനായിരുന്നു.

വളരെ വേദനയോടെ ആ സെറ്റിൽ നിന്നു ഞാനിറങ്ങിപ്പോന്നു. പിന്നീട് മാക്ട പ്രസിഡന്റ് വിനയൻ സാറിനോടു ഞാൻ കാര്യങ്ങൾ പറഞ്ഞു. ഒരു ദിവസം കൊണ്ട് എനിക്കു കാർഡ് കിട്ടി. അങ്ങനെ ആ പടം ചെയ്യാനായി. അതു കഴിഞ്ഞ് എട്ടു മാസം കഴിഞ്ഞാണ് ഡാഡി കൂൾ വരുന്നത്. അഞ്ചു വർഷം പരസ്യരംഗത്ത് നിന്നിട്ടും കിട്ടാത്ത റെസ്പോൺസ് ആ പടം കൊണ്ട് കിട്ടി. പക്ഷേ, ഒരുപാട് പടങ്ങൾ ചെയ്യണമെന്നൊന്നു മില്ലായിരുന്നു. പിന്നീട് കുറേ നല്ല സിനിമകൾ വന്നപ്പോൾ ആഷിഖ് പറഞ്ഞു, സമീറ ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. അവസരം കിട്ടാനായി എത്ര പേർ നടക്കുന്നു. വരുന്ന അവസരങ്ങൾ വിട്ടുകളയരുത് എന്ന്.

കഥാപാത്രത്തിനപ്പുറം അഭിനേതാക്കളുടെ പ്രത്യേകതകൾ കണക്കിലെടുക്കുന്നതെങ്ങനെയാണ്?

ചില ആളുകൾ ചിലത് യോജിക്കില്ല. ചിലർക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടാവും. അതനുസരിച്ച് ഡിസൈൻ ചെയ്യും. പിന്നെ ചില ആർട്ടിസ്റ്റുകൾക്ക് ചില മെറ്റീരിയൽ കംഫർട്ടബിൾ ആവില്ല. അത്തരം ഇഷ്ടങ്ങളറിഞ്ഞിട്ടാണ് ഡിസൈൻ ചെയ്യുന്നത്. ഇത്രയും നാൾ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്ത പരിചയം വച്ച് എനിക്ക് ആ ഇഷ്ടങ്ങൾ മിക്കവാറും അറിയാം. ആർട്ടിസ്റ്റുകൾ മാറിയാലും എനിക്ക് എന്റേതായ ഒരു ശൈലിയുണ്ടെന്ന് പലരും പറയാറുണ്ട്.

ഇതു വരെ ചെയ്തതിലെ ചലഞ്ചിങ് വർക്ക്?

ഇയോബിന്റെ പുസ്തകം. ഇതുവരെ ഇത്തരമൊരു മൂവി ഞാൻ ചെയ്തിരുന്നില്ല. അമൽ നീരദിന്റെ കൈയിൽ കുറേ റഫറൻസ് നടത്തി. ഫാബ്രിക് സെലക്ട് ചെയ്യാൻ ഒരുപാട് അലഞ്ഞു. ചെന്നൈ, ബെംഗ്ളൂരു... പഴയ കാലഘട്ടം അനുഭവപ്പെടാൻ വ്യത്യസ്തമായ വസ്ത്രങ്ങൾ വേണമായിരുന്നു. ഒരു ഷോൾ തോടി മാത്രം ഉൗട്ടിയിൽ പോയി. അത്തരം യാത്രകൾ തനിച്ചു പോകുന്നത് എനിക്കിപ്പോൾ ശീലമായി.

മമ്മൂട്ടിക്കു വേണ്ടി ചെയ്ത ഡ്രസ്സുകൾ ശ്രദ്ധിക്കപ്പെട്ടല്ലോ?

ഞാൻ കൂടുതൽ ഡിസൈൻ ചെയ്തിട്ടുള്ളത് മമ്മുക്കയ്ക്കു വേണ്ടിയാണ്. ചെറുതിലേ മുതൽ ഞാൻ മമ്മുക്കയുടെ ഫാൻ ആണ്. സ്കൂളിൽ പഠിക്കുമ്പോൾ അഞ്ചുമനയിൽ മമ്മൂക്കയും ശോഭനയും അഭിനയിച്ച പടത്തിന്റെ ഷൂട്ടിങ് വന്നപ്പോൾ കരഞ്ഞു വഴക്കുണ്ടാക്കി ഷൂട്ടിങ് കാണാൻ പോയിട്ടുണ്ട് ഞാൻ. അന്ന് സെറ്റിലെ ആൾക്കൂട്ടത്തിനിടയിൽ വച്ചു കണ്ട മമ്മൂക്കയുടെ മുഖം മനസ്സിലുണ്ട്. മമ്മൂക്കയ്ക്കു വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ മെറ്റീരിയൽ പ്രത്യേകം ശ്രദ്ധിക്കും. പുള്ളിക്ക് സോഫ്റ്റ് മെറ്റീരിയൽ ആണിഷ്ടം. കനം കുറഞ്ഞ മെറ്റീരിയൽ ആണെങ്കിൽ എന്തു ഷാർട്ടാണെങ്കിലും ഹാപ്പിയാണ്. മമ്മൂക്ക ഒരിക്കലും കോസ്റ്റ്യൂംസിൽ ഇടപെടാറില്ല. ബ്രാൻഡഡ് വേണമെന്നൊന്നുമില്ല. ചില താരങ്ങളൊക്കെ ബ്രാൻഡ് ആണ് നോക്കുന്നത്. ലൈറ്റ് ആയ എന്തു ഡിസൈനിലും മമ്മൂക്ക വളരെ സുന്ദരനാണ്. അദ്ദേഹം കുറപ്പ് നിറമിടുന്നതാണ് എനിക്കേറെയിഷ്ടം.

നടിമാരിൽ ഏറ്റവും സന്തോഷം തന്നത് ആർക്കു വേണ്ടി ഡിസൈൻ ചെയ്ത വേഷങ്ങളാണ്?

മംമ്ത മോഹൻ ദാസിനെ ഇഷ്ടമാണ്. നടിയെന്ന നിലയിലും വ്യക്തിപരമായും .‘കഥ തുടരുന്നു’ വിൽ മംമതയ്ക്കു വേണ്ടി ഡിസൈൻ ചെയ്തത് വളരെ സന്തോഷം തന്നിരുന്നു. മംമത മോഡേൺ വേഷവും നാടൻ വേഷവും ഒരുപോലെ സ്വീകരിക്കും. മഞ്ജു വാരിയരും ശോഭനയ്ക്കുമുള്ള കോസ്റ്റ്യൂം ചെയ്യണമെന്നു വലിയ മോഹമായിരുന്നു ‘തിര’യും ‘ഹൗ ഓൾഡ് ആർ യൂ’വും ചെയ്തപ്പോൾ ആ മോഹം സാധിച്ചു.

‘തിര’യിൽ ആകെ രണ്ടു സാരിയേയുള്ളൂ. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത വിധത്തിലാകണം. ഇത്ര സീനിയർ നടിയായ ശോഭന മാമിനു വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു. ട്രയലിന്റെ സമയത്ത് ഡ്രസ് കൊടുത്തു രണ്ടു മിനിറ്റ് കൊണ്ട് ശോഭനമാം അതു മാറി വന്നു. അവർ സാരിയുടുക്കുന്നതിനൊരു പ്രത്യേക സൗന്ദര്യമുണ്ട്. അലസമായിട്ടാണുടുക്കുന്നത്. പക്ഷേ, ഉടുത്തിറങ്ങുമ്പാൾ അതിമനോഹരമാണ്.

Saneesh, Sameera സനീഷ്, സമീറ

‘ഹൗ ഓൾഡ് ആർ യൂ’വിൽ കോസ്റ്റ്യൂം ചെയ്യുമ്പോൾ എങ്ങനെ വേണമെന്ന് എനിക്കു വലിയ ധാരണയില്ലായിരുന്നു. 14 വർഷങ്ങൾക്കു ശേഷം മഞ്ജു വാരിയർ തിരിച്ചു വരുകയാണ്. വളരെ നീറ്റ് ആയി അവതരിപ്പിക്കണം- ഇതാണാഗ്രഹിച്ചത്. റഫറൻസ് ഒന്നുമില്ലായിരുന്നു. സത്യത്തിൽ ആ സാരികൾ ഇത്ര ഹിറ്റ് ആകുമെന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. ഫോട്ടോഷീട്ടിനു വേണ്ടി ആദ്യം രണ്ടുമൂന്നു സാരികൾ ചെയ്തു. ആഷ് കളറും സാരികൾ. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും റോഷൻ ആൻഡ്രൂസ് വളരെ ഹാപ്പിയായി വിളിച്ച പറഞ്ഞു-സാരികളെക്കുറിച്ച് ഗംഭീര അഭിപ്രായമാണെന്ന്. സാദാ കോട്ടൺ സാരികളും അതിലുപയോഗിച്ചിട്ടുണ്ട്. ഡബ്ലിങ് കഴിഞ്ഞപ്പോ എല്ലാരും വിളിച്ച് സാരിയെക്കുറിച്ച് നല്ലതു പറഞ്ഞു അപ്പോഴെനിക്കു മനസ്സിലായി സംഭവം ഹിറ്റായെന്ന്.

കോസ്റ്റ്യൂമുകൾക്കു വേണ്ടിയുള്ള പർച്ചേസിങ് കൂടുതലും എവിടെ നിന്നാണ്?

ബെംഗളൂരു, ചെന്നെ എല്ലാം പോകാറുണ്ടെങ്കിലും കൂടുതലും ഷോപ്പിങ് കൊച്ചിയിൽ എംജി റോഡിലെ കടകളിൽ നിന്നാണ്. ദിവസവും രാവിലെ ടെക്സ്റ്റെൽ ഷോപ്പുകളിൽ കറങ്ങാനിറങ്ങും. മുൻകൂട്ടി ഒരു ഡിസൈൻ മനസ്സിൽ കണക്കൂ കൂട്ടി അതന്വേഷിക്കാറില്ല. ചില മെറ്റീരിയൽസും നിറങ്ങളും കാണിമ്പോൾ ഇങ്ങനെ ചെയ്യാമെന്ന് തോന്നും. ചില കോമ്പിനേഷൻസ്, പാറ്റേൻസ് ഒക്കെ മനസ്സിൽ വരും. തുണികൾ തേടി എത്ര വെയിലുകൊണ്ട് അലഞ്ഞു നടക്കാനും എനിക്കു മടിയില്ല.

സങ്കടം വന്ന അനുഭവങ്ങളുണ്ടോ?

ചില ഡ്രസുകൾ നമ്മൾ വളരെ കഷ്ടപ്പെട്ട് വർക്ക് ചെയ്തതാണെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ സങ്കടം തോന്നും ‘ഏഴു സുന്ദരരാത്രികളി’ൽ ഒരു പാട്ടുസീനിൽ റിമ ഇരുപതോളം ചുരിദാരുകൾ അണിയുന്നുണ്ട് അത് അത്ര ശ്രദ്ധ കിട്ടാതെ പോയി. ചിലപ്പോ നമ്മൾ നല്ലതാണെന്ന് വിചാരിച്ച് ചെയ്യുന്നത് ഏൽക്കാതെയും പോകാം. ഇന്ത്യൻ റുപിയിൽ റിമയ്ക്കു വേണ്ടി ചെയ് ഡ്രസ് അത്ര ഭംഗിയായില്ലെന്ന് പിന്നെ തോന്നി... അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഏറ്റവും പെയ്ൻ എടുത്തു ചെയ്ത ഡ്രസ്, പ്രാഞ്ചിയേട്ടനിലെ പുണ്യാളന്റെ വേഷമാണ്. ഒരു പ്രത്യേക ടെക്സ്ടചറിലുള്ള തുണി വച്ച് തയ്പിച്ചാൽ കൊള്ളാമെന്ന് തോന്നി. എറണാകുളം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. ഒടുവിൽ ചെന്നൈയിൽ പോയിട്ടാണ് കിട്ടിയത്. അന്ന്, അത്ര അന്വേഷിച്ച് നടക്കണോ എന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് സിനിമ കണ്ടപ്പോൾ എല്ലാവരും അഭിനന്ദിച്ചു.

സിനിമയിലെ ഡ്രസുകൾക്കെന്തു സംഭവിക്കുന്നു?

പ്രൊഡ്യൂസേഴ്സ് അതു ഗോഡൗണിൽ കൊണ്ടുപോയി ഡമ്പ്ചെയ്യും. ചിലപ്പോ കഷ്ടം തോന്നും. ഇത്രയും ബുദ്ധിമുട്ടിയുണ്ടാക്കിയ ഡ്രസുകളുടെ കിട്പ്പ് കാാണുമ്പേൾ. ചിലർ ഓർഫനേദസിൽ കൊടുക്കും. ചിലർ ബന്ധുക്കൾക്ക് കൊടുക്കും. ചിലർ കഴുകിയെടുത്ത് അടുത്ത പടത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നൽകും. ഞാൻ കോസ്റ്റ്യും ചെയ്തവയിൽ ഇപ്പോഴെന്റെ കയ്യിലുള്ള ഒരു ബാഗാണ്. ഉസ്താദ് ഹോട്ടലിൽ നിത്യ ഉപയോഗിക്കുന്ന നിറപ്പകിട്ടിള്ള ഒരു ബാഗ്. ഗോവയിൽ നിന്നാണതു വാങ്ങിയത്. ഷൂട്ടിങ്് കഴിഞ്ഞപ്പോൾ അൻവർ റഷീദ് ആ ബാഗ് എനിക്കു തന്നു.

സമീറയ്ക്കു വേണ്ടി ഡിസൈൻ ചെയ്യുന്നത്?

എനിക്കിഷ്ടം കുർത്തിയും ചുഡി ബോട്ടവും ആണ്. അത്രവെൽ ഡ്രസ്ഡ് ആയി നടക്കുന്ന ആളല്ല ഞാൻ. കെയർലെസ് ആണ്. ചിലർ രണ്ടു മാസം കഴിഞ്ഞുള്ള ഫങ്ഷനിടനായി ഡ്രസ് ഡിസൈൻ ചെയ്യാനൊക്കെ നമ്മളെ വിളിക്കുമ്പോൾ ഞാനോർക്കും എനിക്ക് നാളെ ഒരു ഫങ്ഷനുണ്ടെങ്കിൽ പോലും ഡ്രസ് ഒന്നുമില്ല. കറുപ്പ് ആണ് ഫേവറിറ്റ് നിറം. ഒരു ഡ്രസ് വളരെ ഇഷ്ടമാണെങ്കിൽ അതു തന്നെ ആവർത്തിച്ചിടും ഞാൻ. ദുപ്പട്ടയാണെന്റെ വീക്ക്നസ്. എത്ത്നിക്ക് പ്രിൻറുകളിഷ്ടമാണ്. നല്ല ദുപ്പട്ട എവിടെ കണ്ടാലും വിടില്ല. ചിലപ്പോൾ ഒരു വർഷം കഴിഞ്ഞാവും അതിന് ടോപ് എടുക്കുവന്നത് ഷോർട്ട് ടോപ്പ്സ് ഞാൻ ഇടാറില്ല.

മോഹിപ്പിക്കുന്ന ഡിസൈനൻ ആറാണ്?

സഭ്യസാചി മുഖർജി. അദ്ദേഹം ഡിസൈൻ ചെയ്യുന്ന പ്രിൻറുകൾ, ബോർഡറുകൾ ഇതെല്ലാം കൈാതിപ്പിക്കാറുണ്ട്. ഗൗതം ംമേനോന്റെ സിനിമകളിലെ കോസ്റ്റ്യൂം, നിറങ്ങൾ, ഷേഡുകൾ അതുമിഷ്ടമാണ്. ഒരു താരത്തിനു വേണ്ടിയാണങ്കിൽ, തമിഴ് നടൻ സുര്യയ്ക്കു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്താൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്.

സനീഷിനെ കണ്ടുമുട്ടിയതെങ്ങനെ?

സനീഷും ഞാനും ഭാരത് മാതാ കോളജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചാണ് പഠിച്ചത്. അന്നു തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പിന്നീട് വീട്ടിൽ എനിക്ക് കല്യാണാലോചനകൾ വരുമ്പോൾ ഞാൻ കരച്ചിലും പിഴിച്ചിലും ബഹളവുമാകും. അങ്ങനെ പ്രണയം വീട്ടുകാരറിഞ്ഞു. വ്യത്യസ്ത മതക്കാരായിരുന്നതിനാൽ എന്റെ വീട്ടിൽ എതിർപ്പായിരുന്നു. പക്ഷേ, എനിക്ക് വീട്ടുകാരെയും വേണമായിരുന്നു സനീഷിനെയും വേണമായിരുന്നു. ഏഴു വർഷം പ്രണയിച്ചിട്ടാണ് ഞങ്ങൾ കല്യംണം കഴിച്ചത്. ടെലികോമിൽ എൻജിനീയറാണ് സനീഷ്. ഈ ഫീൽഡിൽ ജോലി ചെയ്യാൻ എല്ലാ സപ്പോർട്ടും എനിക്കു തരുന്നത് സനീഷാണ്.

പക്ഷേ, ഞാനിന്നൊരു കോസ്റ്റ്യും ഡിസൈനർ ആയതിനു പിന്നിൽ എന്റെ ഉമ്മച്ചിയാണ്. കുട്ടിക്കാലത്ത് ഉമ്മച്ചിയാണ് ചിത്രം വരയ്ക്കാനുള്ള എന്റെ കഴിവു തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. ഉമ്മച്ചി എന്നെ ഡ്രോയിങ്ങിനു ചേർത്തു. ഓയിൽ പെയിൻറ്സും വാട്ടർകളറും വാങ്ങിത്തന്നു. മത്സരങ്ങൾക്ക് കൊണ്ടുപോയി, വെക്കേഷന് സ്റ്റിച്ചിങ് ക്ലാസിൽ ചേർത്തു. അന്ന് വലിയ മടിയായിരുന്നെങ്കിലും പിന്നെ ഫാഷൻ ഡിസൈനിങ് കോഴ്സിനു ചേർന്നപ്പോലാണ് ഞാൻ നേരത്തേ പഠിച്ചതെല്ലാം എത്ര പ്രയോജനകരമായെന്നു മനസ്സിലായത്. ജീവിതത്തിൽ ഞാനെന്തെങ്കിലും ആകണമെന്ന് ഏറ്റവും കൂടുതലാഗ്രഹിച്ചതും അതിനു വേണ്ടി എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചതും ഉമ്മച്ചിയാണ്. പക്ഷേ, പിന്നീട് ഞാൻ ഒരു സിനിമ ചെയ്യുന്നത് കാണാൻ പോലും ഉമ്മച്ചി ജീവിച്ചിരുന്നില്ല. ഉമ്മച്ചി ഇപ്പോഴുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നുവെന്ന് ഓർക്കാറുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.