ADVERTISEMENT

ബെംഗളൂരു∙ മജസ്റ്റിക്കിന് പുറമേ മെട്രോ 16 പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ 2,3 ഘട്ടങ്ങളിലായി ഉൾപ്പെടുത്തുമെന്നു ബിഎംആർസി. ജയദേവ ജംക്‌ഷൻ, എംജി റോഡ്, കെആർപുരം, ഹൊസഹള്ളി, മൈസൂരു റോഡ്, പീനിയ, ആർവി റോഡ്, ജെപിനഗർ, ജെപിനഗർ ഫോർത്ത് സ്റ്റേജ്, ഡയറി സർക്കിൾ, നാഗവാര, കെംപാപുര, ഹെബ്ബാൾ, അഗര, സിൽക്ക് ബോർഡ്, സുമനഹള്ളി ക്രോസ് എന്നിവിടങ്ങളിലാണിത്. 

നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്ന മജസ്റ്റിക് മാത്രമാണു മെട്രോയിലെ ഏക ഇന്റർചേഞ്ച് സ്റ്റേഷൻ. പ്രതിദിനം 50,000 പേർ സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. രാവിലെയും വൈകിട്ടും ഉൾപ്പെടെ മജസ്റ്റിക്കിൽ അനിയന്ത്രിതമായ തിരക്കുണ്ട്. തിരക്കിനിടെ സ്ത്രീകളെ ആക്രമിച്ച ഒട്ടേറെ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് അടുത്ത ഘട്ടത്തിലെ പാതകളിൽ മതിയായ ഇന്റർചേഞ്ച് സ്റ്റേഷനുകൾ നിർമിച്ചു സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബിഎംആർസി തീരുമാനിച്ചത്. 

ജയദേവ തുറക്കും
മജസ്റ്റിക് കഴിഞ്ഞാൽ കൂടുതൽ യാത്രക്കാർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജയദേവ ഇന്റർചേഞ്ച് സ്റ്റേഷനിൽ ഈ വർഷം അവസാനത്തോടെ ഭാഗികമായി സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര യെല്ലോ ലൈനിൽ ഡിസംബറിൽ സർവീസ് ആരംഭിക്കുന്നതോടെയാണിത്. അടുത്ത വർഷം മാർച്ചിൽ കല്ലേനഗ്രഹാര–നാഗവാര പാത കൂടി തുറക്കുന്നതോടെ സ്റ്റേഷൻ പൂർണമായും പ്രവർത്തനം തുടങ്ങും. ഇതോടെ പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാർക്കു സ്റ്റേഷൻ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ട സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ നിർമിക്കുന്നത്. 

തൈകൾ നട്ടുപിടിപ്പിക്കും
നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ 15,000 മരങ്ങൾക്ക് പകരം 76 കോടിരൂപ ചെലവിൽ മരങ്ങൾ നട്ടുപിടിപ്പിക്കും. ദൊഡ്ഡബല്ലാപുരയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണു തൈ എത്തിക്കുക. മുറിച്ചു മാറ്റുന്ന മരങ്ങൾക്കു പകരം തൈകൾ നടണമെന്നും സാധ്യമായവ മാറ്റിസ്ഥാപിക്കണമെന്നും ഹൈക്കോടതി ബിഎംആർസിക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. ബെംഗളൂരുവിൽ മെട്രോ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾക്കായി പ്രതിദിനം 8 മരങ്ങൾ എന്ന നിലയിൽ മുറിച്ചു മാറ്റുന്നതായാണ് കണക്ക്. ഇതു നഗരത്തിലെ വായുഗുണമേന്മയിൽ വൻ ഇടിവിനു കാരണമാകുന്നുണ്ട്.

നാളെ ഗതാഗത നിയന്ത്രണം
മെട്രോ നിർമാണത്തിന്റെ ഭാഗമായി കൊടിഗേഹള്ളി ജംക്‌ഷനിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊടിഗേഹള്ളി ജംക്‌ഷൻ മുതൽ എസ്റ്റീം മാൾ വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി വരേണ്ട വാഹനങ്ങൾ പമ്പ എക്സ്റ്റൻഷൻ റോഡിൽ നിന്നു റാണ റോഡ് വഴി കെംപെഗൗഡ മെയിൻ റോഡിൽ പ്രവേശിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com