ADVERTISEMENT

ചെറുപുഴ∙ പട്ടികജാതി-പട്ടികവർഗ ഊരുകൂട്ടങ്ങളുടെ വികസനത്തിനായി നടപ്പാക്കിയ അംബേദ്കർ ഗ്രാമം പദ്ധതി പ്രഹസനമായി മാറിയതായി പരാതി. പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടത്തുവയലിൽ ആരംഭിച്ച ജലവിതരണ പദ്ധതി വെറും പൈപ്പിടലിൽ മാത്രം ഒതുങ്ങി. കടുത്ത ചൂടിനെ തുടർന്നു കുടിവെള്ളത്തിനു മാർഗങ്ങളില്ലാതെ  ദുരിതം അനുഭവിക്കുകയാണു പട്ടത്തുവയൽ കോളനിയിലെ കുടുംബങ്ങൾ. 

അംബേദ്കർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണു ചെറുപുഴ പഞ്ചായത്തിലെ 10-ാം വാർഡായ പട്ടത്തുവയൽ ഊരുകൂട്ടത്തിൽ വിഭാവനം ചെയ്തത്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പട്ടത്തുവയൽ കോളനിയിൽ കുടിവെള്ളം എത്തിക്കുക, വീടുകളിലേക്കുള്ള നടപ്പാത കോൺക്രീറ്റ് ചെയ്യുക, വീടുകളുടെ പുനരുദ്ധാരണം തുടങ്ങിയ വിവിധ പദ്ധതികൾ അംബേദ്കർ ഗ്രാമം പദ്ധതിയിൽ  ഉൾപ്പെടുത്തിയിരുന്നു. പട്ടത്തുവയൽ ഊരുകൂട്ടത്തിലെ വീടുകൾ രണ്ടിടങ്ങളിലാണു സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒരു ഭാഗത്ത് താമസിക്കുന്ന 5 കുടുംബങ്ങൾക്കാണു പദ്ധതികൊണ്ടു യാതൊരു പ്രയോജനവും ലഭിക്കാതെ പോയത്.

പട്ടത്തുവയൽ കോളനിയിൽ വാട്ടർ ടാങ്ക് സ്ഥാപിക്കാൻ നിർമിച്ച കോൺക്രീറ്റ് തറ.
പട്ടത്തുവയൽ കോളനിയിൽ വാട്ടർ ടാങ്ക് സ്ഥാപിക്കാൻ നിർമിച്ച കോൺക്രീറ്റ് തറ.

 ഇവർക്ക് കുടിവെള്ളം എത്തിക്കാനായി വാട്ടർ ടാങ്കും പൈപ്പുകളും സ്ഥാപിച്ചെങ്കിലും വെള്ളം കോളനിയിൽ എത്തിക്കാനുള്ള സംവിധാനമൊന്നും ഇനിയും ഒരുക്കിയിട്ടില്ല. പട്ടത്തുവയലിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുളത്തിൽ നിന്നു വെള്ളമെടുക്കാൻ മോട്ടറും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

 ഇതിനു പുറമേ 500 മീറ്ററിലേറെ ദൂരത്തേക്ക് വെള്ളം പമ്പുചെയ്യാനുള്ള പൈപ്പ് ലൈനും വെള്ളം സംഭരിക്കാൻ വാട്ടർ ടാങ്കും കോളനിയിൽ തയാറാക്കി വച്ചിട്ടുണ്ട്. വാട്ടർ ടാങ്ക് സ്ഥാപിക്കാനുള്ള കോൺക്രീറ്റ് തറയുടെ നിർമാണവും പൂർത്തിയായി. എന്നാൽ ടാങ്ക് സ്ഥാപിക്കാനുള്ള നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല.

ടാങ്കിൽ നിന്നു വീടുകളിൽ വെള്ളം എത്തിക്കാൻ  പൈപ്പുകളിട്ടെങ്കിലും അതും പൂർത്തിയാക്കിയിട്ടില്ല. ഈ പൈപ്പുകൾ പലതും തകർന്ന നിലയിലുമാണ്. ഇപ്പോൾ 250 മീറ്റർ ദൂരം സഞ്ചരിച്ചു ഒരു നീരുറവയിൽ നിന്നാണു കോളനി നിവാസികൾ തലച്ചുമടായി കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. 

 അതിനിടെ  വെള്ളം എത്തിക്കാൻ കുഴിച്ചിട്ട പൈപ്പുകളിൽ പലതും പൊട്ടി പോകുകയും ചെയ്തു. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടിയൊനും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നു കോളനി നിവാസികൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നു കോളനി നിവാസികൾ മുന്നറിയിപ്പ് നൽകി.

‘വിശദമായ അന്വേഷണം നടത്തണം’
ചെറുപുഴ∙ പട്ടത്തുവയൽ കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ വ്യാപക തട്ടിപ്പും ക്രമക്കേടുകളും നടന്നതായി മുൻ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് പറഞ്ഞു. അംബേദ്കർ ഗ്രാമം പദ്ധതിയെ കുറിച്ചു വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കു എതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com