തിരഞ്ഞെടുപ്പ് ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി
Mail This Article
സുള്ള്യ ∙ ഇന്നു നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ദക്ഷിണ കന്നഡ മണ്ഡലത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ ഉച്ചയോടെ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങളും മറ്റുമായി അതത് ബൂത്തുകളിലേക്കു തിരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തിൽ എത്തി. ദക്ഷിണ കന്നഡ മണ്ഡലത്തിൽ 1876 ബൂത്തുകളാണു ഒരുക്കിയിരിക്കുന്നത്. 18,18,127 വോട്ടർമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 9 സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഭാവി നിർണയിക്കും.
ജില്ലയിൽ 72 മാതൃകാ പോളിങ് ബൂത്തുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ 40 എണ്ണം സഖി ബൂത്തുകളാണ്. രാവിലെ ഏഴു മണിക്കു വോട്ടെടുപ്പ് ആരംഭിക്കും വൈകുന്നേരം ആറു മണിവരെ വോട്ടെടുപ്പ് സമയം. കനത്ത സുരക്ഷാ സംവിധാനങ്ങളാണു എങ്ങും ഒരുക്കിയിരിക്കുന്നത്. കർണാടക പൊലീസ്, സിആർപിഎഫ് എന്നിവ സുരക്ഷ ഒരുക്കുന്നു. ക്രിട്ടിക്കൽ ബൂത്തുകളിൽ ശക്തമായ സുരക്ഷാ സംവിധാനമൊരുക്കും. കൂടാതെ പൊലീസ് മൊബൈൽ സ്ക്വാഡും സുരക്ഷയൊരുക്കും. കേരള അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.