ADVERTISEMENT

കോട്ടയം ∙ രാഹുൽ ഗാന്ധി കോട്ടയത്ത് എത്തി വോട്ട് ചോദിച്ചത് ആർക്കു വേണ്ടി? രാഹുലിനെ ചേർത്തു പിടിക്കാൻ കേരള കോൺഗ്രസ് (എം) കൂടി മുന്നോട്ടുവന്നതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും ഇന്നലെ രാഹുൽ സ്നേഹം പ്രകടിപ്പിച്ചു രംഗത്തെത്തി.

കോട്ടയത്ത് എത്തുന്ന രാഹുൽ ഗാന്ധി തനിക്കെതിരെ ഒന്നും പറയില്ലെന്ന വിശ്വാസം എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും നേരത്തേ പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്ന സമയത്താണ് എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) രാഹുൽ സ്നേഹം പ്രകടിപ്പിക്കുന്നത്. കേരള കോൺഗ്രസി(എം) ന്റെ നിലപാടിന് വിമർശനവുമായി യുഡിഎഫും സ്ഥാനാർഥി ഫ്രാൻസിസ് ജോർജും രംഗത്തെത്തി.

കേരള കോൺഗ്രസ് (എം) നിലപാട്
രാഹുൽ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യ മുന്നണിക്കു വേണ്ടിയെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. ഫ്രാൻസിസ് ജോർജിന്റെ പേരോ ചിഹ്നമോ രാഹുൽ ഗാന്ധി പറഞ്ഞില്ല. സ്ഥാനാർഥിയെ ഒന്നു ചേർത്തുപിടിക്കാൻ പോലും തയാറായില്ല. കേരള കോൺഗ്രസ് (എം) ഇന്ത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. മുന്നണി രൂപീകരണം മുതൽ താനും തോമസ് ചാഴികാടനും പാർലമെന്റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവർത്തനത്തിനു പിന്തുണ നൽകി വരുന്നു. യുഡിഎഫ് സ്ഥാനാർഥിക്കു നിലപാടില്ലെന്ന ബോധ്യം രാഹുൽ ഗാന്ധിക്കുണ്ട്. 

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി തോമസ് ചാഴികാടനാണ് – ജോസ് കെ.മാണി പറഞ്ഞു. രാഹുൽ ഗാന്ധി ഫ്രാൻസിസ് ജോർജിന്റെ പേരെടുത്തു പറഞ്ഞു വോട്ട് ചോദിക്കാത്തതിൽ അദ്ഭുതമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. മികച്ച എംപിയാണ് തോമസ് ചാഴികാടനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്- റോഷി പറഞ്ഞു.

യുഡിഎഫ് നിലപാട്
തന്നെ ചേർത്തു പിടിച്ചാണ് രാഹുൽഗാന്ധി സംസാരിച്ചതെന്നും ആരുടെ വിജയത്തിനാണ് അദ്ദേഹം കോട്ടയത്ത് എത്തിയതെന്നും എല്ലാവർക്കും മനസ്സിലാകുമെന്നും കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. ജോസ്.കെ മാണി വെറുതേ ആശ്വാസത്തിന് പറയുന്നതാണ്. അത് ജനങ്ങൾ വിശ്വസിക്കില്ല.

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ഞാനാണ്– അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ജോസ് കെ. മാണി പറയുന്നത് ഇടതുമുന്നണിയിലെ പൊട്ടലും ചീറ്റലും കാരണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ  പറഞ്ഞു. മുഖ്യമന്ത്രി മനുഷ്യത്വമില്ലാത്ത രീതിയിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. ആരുടെ പക്ഷമാണ് ജോസ് കെ.മാണിയെന്നു വ്യക്തമാക്കണം. 

വയനാട്ടിൽ കേരള കോൺഗ്രസ് (എം) പിന്തുണയ്ക്കുന്നത് രാഹുൽ ഗാന്ധിയെ ആണോ അദ്ദേഹത്തിനെതിരെ മത്സരിക്കുന്ന സിപിഐ നേതാവ് ആനി രാജയെ ആണോ എന്നു വ്യക്തമാക്കണമെന്നു മാണി സി.കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു. തോമസ് ചാഴികാടൻ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്നു പറഞ്ഞ നിലപാടിനോട് സിപിഎമ്മിനും മുഖ്യമന്ത്രിക്കും യോജിപ്പുണ്ടോയെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും കാപ്പൻ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com