ADVERTISEMENT

കോഴിക്കോട്∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അന്തിമ പോളിങ് 76.42%. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു ജില്ലയിൽ പോളിങ് 5.53% കുറഞ്ഞു. കോഴിക്കോട് മണ്ഡലത്തിൽ 75.42%, വടകരയിൽ 77.91% ആണ് പോളിങ്. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ പോളിങ് ഇടിഞ്ഞിട്ടുണ്ട്. 2019നെ അപേക്ഷിച്ചു ബാലുശ്ശേരി, എലത്തൂർ, കുന്നമംഗലം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ 5–6% വീതം പോളിങ് കുറഞ്ഞു. കൊടുവള്ളിയിൽ 7.3% പോളിങ് കുറഞ്ഞു.

വോട്ടെടുപ്പ് രണ്ടു മണിക്കൂറിലേറെ വൈകിയ മുടവന്തേരി 19ാം നമ്പർ ബൂത്തിൽ അർധരാത്രിയിലും വോട്ടർമാർ വോട്ട് ചെയ്യാനായി കാത്തിരിക്കുന്ന കാഴ്ച.
വോട്ടെടുപ്പ് രണ്ടു മണിക്കൂറിലേറെ വൈകിയ മുടവന്തേരി 19ാം നമ്പർ ബൂത്തിൽ അർധരാത്രിയിലും വോട്ടർമാർ വോട്ട് ചെയ്യാനായി കാത്തിരിക്കുന്ന കാഴ്ച.

കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിൽ 4–5% വരെ കുറഞ്ഞിട്ടുണ്ട്. വടകരയിൽ 3.5 ശതമാനമാണ് പോളിങ് ഇടിവുണ്ടായത്. പോളിങ് ശതമാനം കുറയാൻ പ്രധാനമായും ഇടയാക്കിയത് വോട്ടർപട്ടികയിലെ ഇരട്ടിപ്പ് വോട്ടുകളാണെന്നും സംശയമുണ്ട്. വോട്ടർപട്ടിക ശുദ്ധീകരണം ഇക്കുറി കാര്യമായി നടന്നില്ല. ജില്ലയിൽ ബൂത്തിലെത്തി വോട്ട് ചെയ്യേണ്ട വോട്ടർമാരുടെ കണക്ക് 26.54 ലക്ഷമാണെന്നാണ് (ഹോം വോട്ട്, പോസ്റ്റൽ വോട്ട് ഒഴികെ) തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.

കഴിഞ്ഞ ദിവസം ബാലുശ്ശേരി മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ രാത്രി വൈകി കോക്കല്ലൂർ ഗവ. എച്ച്എസ്എസിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിച്ചപ്പോൾ
കഴിഞ്ഞ ദിവസം ബാലുശ്ശേരി മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ രാത്രി വൈകി കോക്കല്ലൂർ ഗവ. എച്ച്എസ്എസിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ എത്തിച്ചപ്പോൾ

എന്നാൽ മരിച്ചവർ, ഇരട്ട വോട്ടുകൾ, സ്ഥലത്തില്ലാത്തവർ അടക്കം ഒന്നര ലക്ഷത്തിലേറെ വോട്ടർമാരെ പട്ടികയിൽ ഉണ്ടായിരുന്നു. ഇവ കൃത്യമായി നീക്കിയിരുന്നെങ്കിൽ ജില്ലയിലെ വോട്ടർമാരുടെ കണക്ക് 25 ലക്ഷത്തിൽ ഒതുങ്ങുമായിരുന്നു. ഇതിൽ 20.28 ലക്ഷം പേർ വോട്ട് ചെയ്ത കണക്കു നോക്കുമ്പോൾ പോളിങ് ശരാശരി 80.99%ൽ എത്തും. കഴിഞ്ഞ വർഷം 81.95% ആയിരുന്നു ജില്ലയിലെ വോട്ടിങ്. വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിങ് ഇടിവിന്റെ പാറ്റേണും ഏതാണ്ട് സമാനമാണ്.

ഇതും വോട്ടർപട്ടികയിലെ സാങ്കേതിക പ്രശ്നത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവു മൂലം പോളിങ് മന്ദഗതിയിലായിരുന്നു. ഇതോടെ മണിക്കൂറുകൾ കാത്തു നിന്ന സ്ത്രീകൾ അടക്കമുള്ളവർ വോട്ട് ചെയ്യാതെ മടങ്ങിയതും പോളിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ട്.

കോഴിക്കോട് ലോക്സഭാ മണ്ഡലം കൊടുവള്ളിയിലെ  ഭൂരിപക്ഷം നിർണായകം
കൊടുവള്ളി∙ കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ഇത്തവണയും കൊടുവള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം നിർണായകമാകും. 2019ൽ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന് 35,908 ന്റെ ഭൂരിപക്ഷമാണ് കൊടുവള്ളി സമ്മാനിച്ചത്. മണ്ഡലത്തിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫിനുള്ള വോട്ടുകളെല്ലാം പോൾ ചെയ്തെന്നും കൊടുവള്ളിയിലെ യുഡിഎഫ് ഭൂരിപക്ഷം കുറയുന്നതോടെ വിജയം നേടാനാകുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

കൊടുവള്ളിയിലെ മൂന്ന് പ്രധാന ബൂത്തുകളിൽ പോളിങ് രാത്രി വരെ നീണ്ടത് യുഡിഎഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തിൽ.  എന്നാൽ, ഭൂരിപക്ഷം ഉയർത്തുമെന്നും വോട്ടുകൾ പരമാവധി പോൾ ചെയ്യിപ്പിച്ചിട്ടുണ്ടെന്നുമാണ് യുഡിഎഫ് വാദം. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം കണക്കിലെടുത്ത് വോട്ടർമാർ രാവിലെ തന്നെ ബൂത്തുകളിൽ നിറഞ്ഞതും യുഡിഎഫ് അനുകൂല വോട്ടുകൾ ഉറപ്പിക്കുന്നതാണെന്നും യുഡിഎഫ് ക്യാംപ് പറയുന്നു. 

എൽഡിഎഫ് പ്രചാരണം ഇത്തവണ കൊടുവള്ളി മണ്ഡലത്തിൽ കൂടുതൽ കേന്ദ്രീകരിച്ചതും ശ്രദ്ധേയമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ വിജയമുറപ്പിക്കാൻ കൊടുവള്ളി മണ്ഡലത്തിലെ യുഡിഎഫ് ലീഡ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം എത്തിച്ചായിരുന്നു എൽഡിഎഫ് പ്രവർത്തനം.

ഡി.കെ.ശിവകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ യുഡിഎഫും പ്രചാരണത്തിന് എത്തിച്ചിരുന്നു. കോട്ടയിൽ വിളളലുണ്ടാക്കാനാവില്ലെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന യുഡിഎഫ് കൊടുവള്ളിയിൽ ഇത്തവണ ലീഡ് വർധിപ്പിക്കുമെന്നും അവകാശപ്പെടുന്നു.

തിരഞ്ഞെടുപ്പ് നടപടി പൂർത്തിയായത് അർധരാത്രി
വാണിമേൽ∙ കഴിഞ്ഞ ദിവസം വോട്ടെടുപ്പ് മന്ദഗതിയിലായ ക്രസന്റ് ഹൈസ്കൂൾ 84ാം ബൂത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായത് അർധരാത്രി. വോട്ടെടുപ്പ് സമയത്തിനു ശേഷം വരിയിലുണ്ടായിരുന്ന 4 പേർക്ക് സ്ലിപ് നൽകിയെങ്കിലും ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കവും സംഘർഷാവസ്ഥയുമാണ് നടപടിക്രമങ്ങൾ അർധരാത്രി വരെ നീളാൻ ഇടയാക്കിയത്.

സ്ലിപ് ലഭിച്ചവർ ബൂത്ത് പരിസരത്തു നിന്നു പുറത്തു പോയെന്നും വോട്ടെടുപ്പ് അവസാനിപ്പിച്ച ശേഷമാണ് തിരികെ എത്തിയത് എന്നുമാണ് വോട്ട് ചെയ്യുന്നതിനു തടസ്സമായി അധികൃതർ പറയുന്നത്. സ്ലിപ് ലഭിച്ചവർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും യുഡിഎഫുകാർ ഇവരെ പിന്തുണയ്ക്കുകയും ചെയ്തതോടെ സംഘർഷമായി.

കൂടുതൽ പൊലീസ് എത്തിയെങ്കിലും തർക്കത്തിൽ ഇടപെട്ടില്ല. ഒടുവിൽ‌ കലക്ടറുടെ തീരുമാനത്തിനു വിടാൻ തീരുമാനിച്ചു. വോട്ടെടുപ്പ് അവസാനിപ്പിച്ച ശേഷം ആർക്കും വോട്ട് ചെയ്യാൻ അവസരം നൽകേണ്ടതില്ലെന്നു കലക്ടർ നിർദേശിക്കുകയുമായിരുന്നു.

അധികൃതരുടെ പിഴവു മൂലം വോട്ടർമാർ വലഞ്ഞെന്നു പരാതി
കുറ്റ്യാടി∙ അധികൃതരുടെ ശ്രദ്ധക്കുറവ് കാരണം കുറ്റ്യാടിയിൽ വോട്ടർമാർക്ക് പ്രയാസം ഉണ്ടായതായി പരാതി. പല ബൂത്തുകളിലും അടിസ്ഥാനസൗകര്യം പോലും ഉണ്ടായിരുന്നില്ല. 87,88,89 നമ്പർ ബൂത്തുകളിൽ വോട്ടർമാർ വളരെ ബുദ്ധിമുട്ടിയാണ് വോട്ട് ചെയ്തത്. 87, 88 നമ്പർ ബൂത്തുകൾ പ്രവർത്തിച്ച നിട്ടൂർ എൽപി സ്കൂളിൽ  2 ബൂത്തുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.

89ാം നമ്പർ ബൂത്ത് പ്രവർത്തിച്ച നിട്ടൂർ എംഎൽപി സ്കൂളിൽ 1500 വോട്ടർമാർ ഉണ്ടായിരുന്നു. 100 പേർക്ക് ക്യൂവിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. ഈ ബൂത്തിൽ രാത്രി 10 മണിയോടെയാണ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. മെല്ലെപ്പോക്ക് കാരണം 82, 83, 85, 88, 89, 92 നമ്പർ ബൂത്തുകളിൽ രാത്രി ഏറെ വൈകിയും പോളിങ് നീണ്ടു. വൈദ്യുതി മുടങ്ങിയത് കാരണം 2 തവണ രാത്രി പോളിങ് തടസ്സപ്പെട്ടു.

ഈ സമയങ്ങളിൽ ഒരു മെഴുകുതിരി പോലും പോളിങ് ഉദ്യോഗസ്ഥർ കരുതിയിരുന്നില്ല. തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ അനാസ്ഥ കാരണം വോട്ടർമാർക്ക് ഉണ്ടായ പ്രയാസത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.

ചില ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടി: ഷാഫി, പ്രവീൺ
നാദാപുരം∙ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ചിലർ പക്ഷപാത നിലപാട് സ്വീകരിച്ചതായും വാണിമേൽ 84ാം ബൂത്തിൽ സ്ലിപ് കിട്ടിയിട്ടും 4 പേർക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച നടപടി ഇതിന്റെ ഉദാഹരണമാണെന്നും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും കുറ്റപ്പെടുത്തി. 84ാം ബൂത്തിൽ അർധരാത്രി വരെ കാത്തിരുന്ന പ്രിസൈഡിങ്  ഓഫിസറെ യുഡിഎഫുകാർ ബന്ദിയാക്കി 2 പേർ വോട്ട് ചെയ്തെന്ന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവന ഇറക്കി. 

അങ്ങനെയൊരു സംഭവം വാണിമേലിൽ ഉണ്ടായിട്ടില്ലെന്നു പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുമ്പോൾ എൽഡിഎഫിനു അങ്ങനെയൊരു വിവരം എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. എല്ലാ പിന്തിരിപ്പൻ പ്രവൃത്തികളെയും യുഡിഎഫ് അതിജയിക്കുമെന്നും ഉജ്വലമായ വിജയം വടകരയിൽ യുഡിഎഫ് നേടുമെന്നും ഇരുവരും അവകാശപ്പെട്ടു.

പോളിങ് ബോധപൂർവം വൈകിപ്പിച്ചു: പ്രവീൺ കുമാർ
കോഴിക്കോട്∙ വടകരയിൽ യുഡിഎഫിന് മേൽക്കൈയുള്ള ഭാഗങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നെന്നും ഉദ്യോഗസ്ഥർ  ബോധപൂർവം വൈകിപ്പിച്ചതാണെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആരോപിച്ചു. പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന ഇലക്‌ഷൻ കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകുമെന്നും പ്രവീൺ കുമാർ പറഞ്ഞു. 

ഭരണതലത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നു. വടകരയിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. ഈ യോഗത്തിൽ സ്പീക്കർ ചട്ടവിരുദ്ധമായി പങ്കെടുത്തു. ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്യോഗസ്ഥതലത്തിൽ അട്ടിമറി സംശയിക്കുന്നതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് മുൻപ് തന്നെ പരാതി നൽകിയിരുന്നു. അത് ശരിവയ്ക്കും രീതിയിലാണ് വടകരയിലെ 241 ബൂത്തുകളിലും സംഭവിച്ചത്.

തിരക്കൊഴിയാതെ ഷാഫി പറമ്പിൽ
നാദാപുരം∙ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ഇന്നലെയും വിശ്രമമില്ലാത്ത ദിവസം. വോട്ടെടുപ്പ് ദിനത്തിൽ ബൂത്തിലേക്കു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ച ചെറുമോത്ത് സ്വദേശിനി മാമിയുടെ(63) വീട് സന്ദർശിച്ച സ്ഥാനാർഥി  മറ്റു ചില മരണ വീടുകളിലും ചില വിവാഹ ചടങ്ങുകളിലും എത്തി. വാണിമേലിൽ സ്ലിപ് നൽകിയിട്ടും വോട്ട് രേഖപ്പെടുത്താൻ വോട്ടർമാർക്ക് അവസരം നിഷേധിച്ചതു സംബന്ധിച്ചു യുഡിഎഫ് ഭാരവാഹികളിൽ നിന്നു ഷാഫി  വിവരങ്ങൾ ശേഖരിച്ചു.

അർധരാത്രിയിലും വോട്ടർമാർ വരിയിൽ
നാദാപുരം∙ മുടവന്തേരി 19ാം ബൂത്തിൽ അർധരാത്രിയിലും വോട്ട് ചെയ്യാനായി കാത്തിരുന്നത് വലിയ ജനക്കൂട്ടമാണ്. കടമേരി കീരിയങ്ങാടി ബൂത്ത്, വാണിമേൽ ക്രസന്റ് ഹൈസ്കൂൾ ബൂത്ത്, കരുകുളം ശിശുമന്ദിരം ബൂത്ത്, പേരോട് എംഎൽപി സ്കൂൾ ബൂത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടെടുപ്പ് അർധരാത്രി വരെ നീണ്ടു.

വനിതാ പോളിങ് ഏജന്റിന് തുണയായി  പൊലീസ് 
എടച്ചേരി∙ പത്താം നമ്പർ ബൂത്തിലെ യുഡിഎഫ് പോളിങ് ഏജന്റ് കായപ്പനച്ചി സ്വദേശിനി സുമലതയെ വോട്ടെടുപ്പ് കഴിഞ്ഞു രാത്രി വീട്ടിൽ എത്തിച്ചത് പൊലീസ് സംഘം.  വോട്ടെടുപ്പ് ഏറെ വൈകിയതിനാലാണ് പൊലീസ് സുമലതയ്ക്കു സഹായമായി പ്രവർത്തിച്ചത്. 

ചെക്യാട് സ്കൂൾ ബൂത്തിൽ വോട്ടെടുപ്പ് നടപടി തീർന്നത് പുലർച്ചെ
നാദാപുരം∙ ചെക്യാട് ഗവ.എൽപി സ്കൂൾ ബൂത്തിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായത് പുലർച്ചെ രണ്ടോടെ. വോട്ടെടുപ്പ് പൂർത്തിയായെങ്കിലും നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിക്കാൻ വൈകിയിരുന്നു.

വോട്ടിങ് വൈകൽ: ബൂത്തുകളുടെ നിർണയത്തിൽ മാറ്റം വേണം
കോഴിക്കോട്∙ വോട്ടിങ് നീണ്ടുപോയതിന്റെ പശ്ചാത്തലത്തിൽ ബൂത്തുകളുടെ നിർണയത്തിൽ അടിയന്തരമായ മാറ്റം വരുത്തണമെന്ന  ആവശ്യം ശക്തം. ബാലറ്റ് പേപ്പറിൽ‍ വോട്ട് ചെയ്തിരുന്ന കാലത്താണ് ബൂത്ത് വിഭജനം നടത്തിയത്. പുതിയ സാഹചര്യത്തിൽ ഒരു ബൂത്തിൽ ശരാശരി 660 പേർക്കേ വോട്ട് ചെയ്യാനാവൂ എന്നതാണ് നില. ഇതുപ്രകാരം ബൂത്തിലെ വോട്ടർമാരുടെ എ ണ്ണം 660ൽ താഴെയായി നിജപ്പെടുത്തണമെന്നാണ് വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പറഞ്ഞത്.

പോളിങ് വൈകിയതിൽ പല പല  വിശദീകരണം
കോഴിക്കോട്∙ പോളിങ് ബൂത്തിൽ രാത്രിവരെ നീണ്ട വരികൾ. ജില്ലാ ഭരണകൂടത്തിനാണു പിഴച്ചതെന്ന് ചിലർ ആരോപിക്കുന്നു. യന്ത്രങ്ങൾക്ക് മെല്ലെപ്പോക്കെന്ന് ആരോപണം. ഉയർന്ന ചൂടാണെന്നും വിശദീകരണം എത്തിക്കഴിഞ്ഞു.
∙തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞത്:
വടകര മണ്ഡലത്തിൽ മാത്രമാണ് പോളിങ് രാത്രി വരെ നീണ്ടത്. രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചതു മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിനു കൂടുതൽ സമയം അനുവദിച്ചത്. ഉത്തര കേരളത്തിൽ ചൂടു കൂടുതലായതിനാൽ ആളുകൾ ഉച്ചയ്ക്കു ശേഷമാണ് വന്നത്.
എന്നാൽ, ജില്ലയിലെ ബൂത്തുകളിൽ സംഭവിച്ചത് ഇതൊന്നുമല്ലെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പറയുന്നു. ജില്ലയിൽ ഉൾപ്പെട്ട കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ പോളിങ് പതുക്കെയാണ് മുന്നോട്ടുപോകുന്നതെന്ന് രാവിലെത്തന്നെ തിരിച്ചറിഞ്ഞതോടെ പലയിടത്തും ഏജന്റുമാർ തന്നെ ഉദ്യോഗസ്ഥരോട് വേഗം കൂട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
∙വടകര മണ്ഡലത്തിൽ മാത്രമല്ല, കോഴിക്കോട് മണ്ഡലത്തിലും ഒട്ടേറെ ബൂത്തുകളിൽ വോട്ടിങ് രാത്രി വൈകിയും തുടർന്നു. രാത്രി ഒൻപതിനു 284 ബൂത്തുകളിൽ വോട്ടിങ് പുരോഗമിക്കുകയായിരുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. ഇത്തവണ ഒരു ഉദ്യോഗസ്ഥനെ മൈക്രോ ഒബ്സർവറായി മാറ്റിയിരുത്തിയതോടെ ജോലികൾ വേഗത്തിലാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നാണ് സൂചന.

മുൻകാലങ്ങളിൽ വോട്ട് ചെയ്യുമ്പോൾ ബീപ്പ് ശബ്ദം കേൾക്കാൻ രണ്ടോ മൂന്നോ സെക്കൻഡു മാത്രമാണ് എടുത്തിരുന്നത്. എന്നാൽ ഇത്തവണ ബീപ്പ് ശബ്ദം കേൾക്കാൻ അര മിനിറ്റോളം വൈകി. ഒരാൾ 20 സെക്കൻഡിൽ വോട്ട് ചെയ്തു തീരേണ്ട വോട്ടിങ് പ്രക്രിയ 2 മിനിറ്റോളം നീളുന്ന സ്ഥിതി വന്നു.ബൂത്തുകൾ അനുവദിച്ചതിലെ പാകപ്പിഴയും പോളിങ് വൈകാൻ കാരണമായെന്ന് ആരോപണം ഉണ്ട്. പലയിടത്തും മുൻകാലങ്ങളിൽ നാലു കേന്ദ്രങ്ങൾ ഉണ്ടായിരുന്നിടത്ത് രണ്ടു കേന്ദ്രങ്ങളാക്കി ചുരുക്കിയതായാണ് ആരോപണം.

പോളിങ് വിലയിരുത്തി മുന്നണികൾ
കോഴിക്കോട്∙ പോളിങ്ങിലെ ഇടിവിനെ ഭയപ്പെടുന്നില്ലെന്നു മുന്നണികൾ. വോട്ടിങ് തങ്ങൾക്ക് അനുകൂലമാണെന്ന് 3 മുന്നണികളും വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പ് ഭരണവിരുദ്ധ വികാരമായി അലയടിച്ചെന്നാണ് യുഡിഎഫ് വാദം. സിപിഎം േകഡർ വോട്ടുകൾ പോലും യുഡിഎഫിനു ലഭിച്ചു. കേന്ദ്രത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്നതിനാൽ പൗരത്വ ഭേദഗതി നിയമം ചർച്ചയായതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളും തങ്ങൾ തന്നെയായിരിക്കുമെന്നും യുഡിഎഫ് ഉറപ്പിച്ചു പറയുന്നു. ‌കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം, പൗരത്വ ഭേദഗതി നിയമം എന്നിവ അനുകൂലമായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി എൽഡിഎഫിനു ലഭിച്ചു. മുസ്‍ലിം ലീഗും സമസ്തയും തമ്മിലുണ്ടായ ഭിന്നത ഇടതു മുന്നണിയെ സഹായിച്ചു. പലയിടത്തും പോളിങ് വൈകിയെങ്കിലും തങ്ങളുടെ വോട്ടുകൾ പൂർണമായും പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും എൽഡിഎഫ് നേതാക്കൾ പറയുന്നു. കോഴിക്കോട്ടും വടകരയിലും വോട്ട് ഉയർത്തുമെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി.
എം.െക.രാഘവനും ഷാഫിയും വിജയിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
കോഴിക്കോട്∙ സിറ്റിങ് സീറ്റുകളായ കോഴിക്കോടും വടകരയും യുഡിഎഫ് നിലനിർത്തുമെന്നു പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാകും. എലത്തൂർ, ബേപ്പൂർ, കുന്നമംഗലം നിയമസഭ മണ്ഡലങ്ങളിൽ എളമരം കരീം ഭൂരിപക്ഷം നേടും. വടകരയിൽ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. ഇതു ഷാഫി പറമ്പിലിനെ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com