ADVERTISEMENT

മലപ്പുറം∙ എസ്എസ്എൽസി വിജയത്തിന്റെ മധുരം നുണയുമ്പോഴും ഉപരിപഠനത്തിനുള്ള സീറ്റുകളുടെ കുറവ് ജില്ലയിലെ പ്ലസ് വൺ യോഗ്യത നേ‍ടിയ വിദ്യാർഥികളെ ആശങ്കയിലാക്കുകയാണ്. പ്ലസ് വൺ പഠനത്തിന് താൽക്കാലിക അധിക സീറ്റുകൾ അനുവദിച്ചതിനു ശേഷം ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 52,600 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇകളിലെ 2,790 സീറ്റുകളും കൂടി ചേർന്നാൽ 55,390 സീറ്റുകളിൽ പണച്ചെലവില്ലാതെ പ്ലസ് വൺ പഠനം നടത്താം. ജില്ലയിൽ ഈ വർഷം 79,730 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഇതുപ്രകാരം 24,340 പേർക്ക് പ്ലസ് വൺ പഠനത്തിന് സാമ്പത്തികച്ചെലവ് വരും. അൺ എയ്ഡഡ് സ്കൂളുകളിൽ 11,275 സീറ്റുകളുണ്ടെങ്കിലും ഇവയിൽ ഫീസ് കൊടുത്തു പഠിക്കേണ്ടി വരും. ഇനി ഐടിഐ(1,124), പോളിടെക്നിക് കോളജ് (1,360) എന്നിവിടങ്ങളിലായി 2,484 പേർക്കു പ്രവേശനം നൽകിയാലും (ഇവയിലും സാമ്പത്തികച്ചെലവു വരും) 10,581 കുട്ടികൾക്കു സീറ്റില്ലാതെ തുടർപഠനത്തിനു സമാന്തര സ്ഥാപനങ്ങളെ സമീപിക്കേണ്ടി വരും.ഇതര സിലബസുകളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയവർ, വിദേശത്ത് എഴുതിയവർ തുടങ്ങിയവർ വരുമ്പോഴും സീറ്റ് കിട്ടാത്തവരുടെ എണ്ണം കൂടും. സേ പരീക്ഷ കഴിഞ്ഞാലും പട്ടികയിൽ മാറ്റമുണ്ടാകും.

സ്ഥിരം ബാച്ചുകൾ വേണമെന്ന ജില്ലയുടെ ആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാത്തത് നിരാശയാണ്. ഉപരിപഠന യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് അനുസൃതമായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. 

സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റുകളാണു വർധിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ഇതേ സീറ്റുകളാണു വർധിപ്പിച്ചത്.നിലവിൽ ഒരു ബാച്ചിൽ 50 കുട്ടികളാണു പഠിക്കുന്നത്. ഇതു സർക്കാർ സ്‌കൂളുകളിൽ 65, എയ്ഡഡ് സ്‌കൂളുകളിൽ 60 കുട്ടികളായി ഉയരും. ഇപ്പോൾ തന്നെ ക്ലാസ് മുറികളിൽ തിങ്ങിനിറഞ്ഞ് ഇരുന്നാണ് പഠനം. ഇതു കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയാണെന്നു പരാതിയുണ്ട്.

കഴിഞ്ഞ വർഷം താൽക്കാലിക സീറ്റുകൾക്കു പുറമേ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ വന്ന പ്ലസ് വൺ സീറ്റുകളും ജില്ലയടക്കമുള്ള മലബാർ മേഖലയിലേക്കു മാറ്റിയിരുന്നു. ഇത്തവണയും ഈ മാറ്റത്തിനു സാധ്യതയുണ്ട്.

ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകൾ
ആകെ: 248
∙ സർക്കാർ– 85
∙ എയ്ഡഡ്–88
∙ അൺഎയ്ഡഡ്– 69
∙ റസിഡൻഷ്യൽ–1
∙ സ്പെഷൽ സ്കൂൾ– 2
∙ ടെക്നിക്കൽ– 3
∙ ഹയർസെക്കൻഡറി സീറ്റുകൾ–63,875
സർക്കാർ– 52,600
അൺഎയ്ഡഡ്– 11,275
∙ വിഎച്ച്എസ്ഇ– 2790
∙ഐടിഐ –1,124
∙ പോളിടെക്നിക്–1,360

ഉപരിപഠനത്തിന് ആകെ 
സീറ്റുകൾ: 69,149
ഒരു സീറ്റുമില്ലാതെ 
പുറത്താകുന്നവർ: 10,581

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com