ADVERTISEMENT

കോന്നി ∙ ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ അതിരാത്ര മഹായാഗത്തിനുള്ള ചിതി ഉയർന്നു. പ്രധാന ഹവന വേദിയാകുന്ന യാഗത്തറയാണ് ചിതി. ദശപദമെന്നും അറിയപ്പെടുന്നു. ഇവിടെ അഗ്നിയുടെ രൂപത്തിലുള്ള നചികേത ചിതിയാണ് തയാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണെന്ന് കരുതപ്പെടുന്നു. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് യാഗത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപിക്കുന്നു. കിഴക്കേ യാഗശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി.

ഇവിടെയാണ് സോമയാഗത്തിന്റെ അവസാന പാദം നടക്കുക. അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ വിവിധ തരത്തിലുള്ള ചെറു യാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമേ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. 3 ദിവസങ്ങളിലാണ് പ്രവർഗ്യം നടക്കുക. രാവിലെ 11ന് ആരംഭിച്ച് ഉച്ചയ്ക്ക് 1നു പൂർത്തിയാകും. വൈകിട്ട് 5നു വീണ്ടും ആരംഭിക്കും. ഇത് ഇന്ന് അവസാനിക്കും

∙ അതിരാത്രത്തിന്റെ യജമാനൻ
അഗ്ന്യാധാനം എന്ന യാഗം നടത്തി അടിതിരിപ്പാട് ആയശേഷം മാത്രമേ സോമയാഗം നടത്താൻ കഴിയൂ. ഇങ്ങനെ സോമയാഗം നടത്തിയ ആളെ സോമയാജി എന്ന് അറിയപ്പെടുന്നു. സോമയാജിപ്പാടിനു മാത്രമേ അതിരാത്രം നടത്താനാകൂ. അതിരാത്രം നടത്തിയ സോമയാജിപ്പാടിനെ പിന്നീട് അക്കിത്തിരിപ്പാടെന്നും വിളിക്കും. ഇളകൊള്ളൂർ അതിരാത്രത്തിന്റെ യജമാന സ്ഥാനത്തിരിക്കുന്നത് കൊമ്പങ്കുളം വിഷ്ണു സോമയാജിയാണ്. 

കൈതപ്രം കൊമ്പങ്കുളമാണ് ഇല്ലം. രണ്ടുവർഷം മുൻപുതന്നെ ത്രിവിധ അഗ്നികളെയും ഉപാസിച്ച് അദ്ദേഹം യാഗ യജമാനാധികാരം നേടിയിരുന്നു. സംസ്കൃത വ്യാകരണത്തിൽ പിഎച്ച്ഡി നേടിയിട്ടുള്ള അദ്ദേഹം കാലടി സർവകലാശാലയുടെ പയ്യന്നൂർ സെന്റർ ഡയറക്ടറാണ്. പത്നി ഉഷ പത്തനാടി അതേ കോളജിലെ പ്രഫസറാണ്. സംസ്കൃത സാഹിത്യത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.

∙ അതിരാത്രത്തിൽ ഇന്ന്
രാവിലെ 11ന് പ്രവർഗ്യോപസത്തും തുടർന്ന്‌ സുബ്രഹ്മണ്യാഹ്വാനവും നടക്കും. തുടർന്നു നാലാം ചിതി ചയനം. വൈകിട്ട് 5 നു ശേഷം സുബ്രഹ്മണ്യാഹ്വാനവും 6.30 ന് ആചാര്യന്റെ പ്രഭാഷണവും നടക്കും. രാത്രി 7 നാകും യാഗ സമർപ്പണം നടക്കുക. ഇന്ന് യാഗവേദിയിൽ ഭക്തർക്ക് ഗോ പൂജ ചെയ്യാം. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com