ADVERTISEMENT

റാന്നി പെരുനാട് ∙ ശബരിമല ഉൾപ്പെടുന്ന പഞ്ചായത്തിൽ മാലിന്യ സംസ്കരണ സംവിധാനമില്ല. തീർഥാടന കാലത്തു സംഭരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ വലിയ എംസിഎഫുമില്ല. പെരുനാട് പഞ്ചായത്തിലാണ് മാലിന്യ സംസ്കരണം കീറാമുട്ടിയാകുന്നത്. പെരുനാട് പഞ്ചായത്തിലെ ഭൂരിപക്ഷം വാർ‌ഡുകളും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടവയാണ്. പഞ്ചായത്തിലൂടെ യാത്ര ചെയ്തു വേണം തീർഥാടകർക്ക് ശബരിമലയെത്താനും മടങ്ങാനും. തീർഥാടന കാലത്ത് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ‌ നിന്ന് വിശുദ്ധി സേനാംഗങ്ങൾ മാലിന്യം സംഭരിക്കുന്നുണ്ട്. അവ സംസ്കരിക്കാനും സംവിധാനങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. 

തീർഥാടന കാലത്ത് ശബരിമല പാതകളിൽ നിന്ന് മാലിന്യം സംഭരിക്കുന്നതിന് പ്രത്യേകം ജോലിക്കാരെ പഞ്ചായത്ത് നിയോഗിക്കാറുണ്ട്. തീർഥാടന പാതകളെ പല മേഖലകളായി തിരിച്ച് രണ്ടും മൂന്നും പേരെ വീതം ശുചീകരണത്തിനു നിയോഗിക്കുകയാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം അവർ പ്ലാസ്റ്റിക് ചാക്കുകളിൽ ശേഖരിച്ച് പാതയോരങ്ങളിൽ സൂക്ഷിക്കുകയാണ്. 

പിന്നീട് പഞ്ചായത്തിന്റെ വാഹനത്തിൽ മഠത്തുംമൂഴിയിലെത്തിക്കും. അവിടെയുള്ള പഴയ കെട്ടിടങ്ങളിലാണ് മാലിന്യം നിറച്ച് ചാക്കുകൾ സൂക്ഷിക്കുന്നത്. അവ നിറയുമ്പോൾ നിർ‌ദിഷ്ട മിനി സിവിൽ സ്റ്റേഷന്റെ താഴത്തെ നില എംസിഎഫായി മാറും. ഇപ്പോഴും കെട്ടിടത്തിൽ മാലിന്യം സൂക്ഷിച്ചിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനയോഗ്യമായാൽ വേറെ സ്ഥലം കണ്ടെത്തേണ്ടിവരും.

വർധിച്ചു വരുന്ന മാലിന്യത്തിന്റെ തോതും ശബരിമല തീർഥാടക തിരക്കും കണക്കിലെടുത്ത് മാലിന്യ സംസ്കരണത്തിനു പഞ്ചായത്തിൽ സ്ഥിരം സംവിധാനം ഒരുക്കുകയാണ് ആവശ്യം. ജനവാസമില്ലാത്ത സ്ഥലം വിലയ്ക്കു വാങ്ങി ശുചിത്വമിഷന്റെ പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്കരിക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com