ADVERTISEMENT

തിരുവല്ല ∙ ടാങ്കർ ലോറികളിൽ ശുചിമുറി മാലിന്യം ശേഖരിച്ച് ഒഴുക്കി കളയുന്നവരുടെ ഇഷ്ട കേന്ദ്രമാണ് ഇന്ന് തിരുവല്ല ബൈപാസ് റോഡിന്റെ ഇരുവശവും. ഒരു പ്രശ്നവുമില്ലാതെ മാലിന്യം തള്ളിയിട്ട് പോകാൻ കഴിയുന്നു എന്നതാണ് ഇവരെ ഇവിടേക്ക് ആകർഷിക്കുന്നത്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് ആരും അറിയാതെ മനുഷ്യ വിസർജ്യം ‘കൂളാ’യി തള്ളിയിട്ട് പോകുന്നത്. മഴുവങ്ങാട് മുതൽ പുഷ്പഗിരി ട്രാഫിക് സിഗ്നൽ വരെയാണ് ഇവരുടെ ഇഷ്ട ഇടങ്ങൾ. കരി ഓയിലുമായി ചേർത്താണ് ശുചിമുറി മാലിന്യങ്ങൾ തള്ളുന്നത്.

അതുകൊണ്ട് തന്നെ അധികം ആരും ശ്രദ്ധിക്കുകയും ഇല്ല. പോളയും പുല്ലും വളർന്ന മുല്ലേലി തോട്ടിലേക്കും വർഷങ്ങളായി തരിശു കിടക്കുന്ന പാടത്തേക്കും ഹോസ് വച്ച് മാലിന്യം തള്ളി വിടുന്നത്. കരി ഓയിലുമായി ചേർന്ന വെള്ളം ഇവിടെ കറുത്ത നിറത്തിലാണ്. ദുർഗന്ധവുമുണ്ട്. ടാങ്കർ ലോറി നിർത്തിയിട്ട് ഡ്രൈവർമാർ പൈപ്പ് പാടത്തേക്കും തോട്ടിലേക്കും തുറന്നുവച്ച ശേഷം ഉറങ്ങുകയാണ് എന്ന രീതിയിൽ റോഡ് വക്കിൽ പാർക്ക് ചെയ്യുന്നു. 

ഇതോടൊപ്പം ശുചിമുറി മാലിന്യം പാടത്തും തോട്ടിലും എത്തുന്നു. ആഴ്ചയിൽ ആറ് ദിവസവും മാലിന്യവുമായി വണ്ടികൾ ഇവിടെ എത്തുന്നു. പലപ്പോഴും വണ്ടിയുടെ നമ്പർ പ്ലേറ്റ് മറച്ച നിലയിലാണ്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ശുചിമുറി മാലിന്യം തള്ളുന്നത് കണ്ട് നോക്കാൻ ചെന്നപ്പോൾ ഇവരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. മനുഷ്യ വിസർജ്യം മുല്ലേലി തോട്ടിലേക്കും കലർന്നു. മഴക്കാലം ആകുന്നതോടെ പകർച്ച വ്യാധികൾ പടരും എന്നു നാട്ടുകാർ ഭയപ്പെടുന്നു.

ഇവിടങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ മാലിന്യം തള്ളുന്നവരുടെ ഫോട്ടോ നൽകുന്നവർക്ക് നഗരസഭ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു വഴി മിക്കപ്പോഴും പായുന്ന പൊലീസ് സംഘത്തിന് പോലും ശുചിമുറി മാലിന്യം തള്ളുന്നവരെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.

ബൈപാസിന് ഇരുവശവും ചെടികളും മരങ്ങളും നട്ട് മനോഹരമാക്കും എന്ന് നേരത്തെ തിരുവല്ല നഗരസഭ പ്രഖ്യാപിച്ചിരുന്നു. നാലു മണി കാറ്റ് പോലെയുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങളും നഗരസഭയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ ഇവ ഒന്നും എങ്ങും എത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com