ADVERTISEMENT

കൽപറ്റ ∙ അന്തിമ പോളിങ് കണക്കുകൾ പുറത്തുവന്നപ്പോൾ മുന്നണികൾക്കു പ്രതീക്ഷകളും ഏറിത്തന്നെ.  കഴിഞ്ഞ തവണത്തെക്കാൾ പോളിങ്ങിലുണ്ടായ 6.79 ശതമാനം കുറവ് ആരെ, എങ്ങനെയൊക്കെയാകാം ബാധിക്കുക എന്നതിൽ ചർച്ചകൾ സജീവം. തങ്ങളുടെ വോട്ടുകൾ കൃത്യമായി പെട്ടിയിലായിട്ടുണ്ടെന്നും ശക്തി കേന്ദ്രങ്ങളിലെല്ലാം നല്ല പോളിങ്ങുണ്ടായെന്നും യുഡിഎഫും പോൾ ചെയ്യാതെ പോയതിലധികവും യുഡിഎഫ് വോട്ടുകളാണെന്ന് എൽഡിഎഫും വാദിക്കുന്നു. പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകൾ അതിന് ആനുപാതികമായി ഇത്തവണ കുറഞ്ഞിട്ടില്ല. 2019ലെ തിരഞ്ഞെടുപ്പിൽ‌ ആകെയുള്ള‍ 13,57,819 വോട്ടർമാരിൽ 10,89,899 പേരാണു ബൂത്തിലെത്തിയത്. 80.27 ശതമാനത്തിന്റെ റെക്കോർഡ് പോളിങ്. 

ഇക്കുറി പോളിങ് ശതമാനം 73.48 ആയി കുറഞ്ഞെങ്കിലും 10,74623 പേർ ബൂത്തിലെത്തി. പോളിങ് ശതമാനത്തിന് ആനുപാതികമായി വോട്ടുകൾ വൻതോതിൽ കുറഞ്ഞില്ലെന്നതിനാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒട്ടും കുറയാത്തതാകും തങ്ങളുടെ നേട്ടം എന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടത്തുക എന്ന ലക്ഷ്യം വച്ചായിരുന്നു യുഡിഎഫിന്റെ പ്രവർത്തനം.  യുഡിഎഫിനു കോട്ടയായ ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലും ശക്തികേന്ദ്രങ്ങളേറെയുള്ള നിലമ്പൂരിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകൾ കൂടി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ച കൽപറ്റ, ബത്തേരി മണ്ഡലങ്ങളിലെ വോട്ടുകുറവു തുച്ഛവുമാണ്.

തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞതവണ പി.പി. സുനീർ നേടിയ വോട്ടുകളെക്കാൾ കുറഞ്ഞത് ഒരു ലക്ഷമെങ്കിലും ആനി രാജയ്ക്കു കൂടുതലായി പിടിക്കാൻ കഴിയുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പരമാവധി പാർട്ടി വോട്ടുകൾ സമാഹരിക്കാനായെന്നും പോൾ ചെയ്ത വോട്ടുകളിൽ 12 മുതൽ 15ശതമാനം വരെയെങ്കിലും നേടാനാകുമെന്നുമാണ് എൻഡിഎയുടെ വിലയിരുത്തൽ.

ബൂത്തിലെത്താതെ 3,89,849 വോട്ടർമാർ
കൽപറ്റ ∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 7 നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ബൂത്തിലെത്താതെ പോയത് 3,89,849 വോട്ടുകൾ. മണ്ഡലത്തിൽ ആകെ 14,64,472 വോട്ടർമാരുള്ളതിൽ 10,74,623 വോട്ടുകളാണ് പോൾ ചെയ്തത്. ദേശീയ നേതാക്കൾ മത്സരിച്ച മണ്ഡലവും വാശിയേറിയ പ്രചാരണം നടത്തിയിട്ടും വലിയ ശതമാനം വോട്ടുകൾ ആണു പോൾ ചെയ്യപ്പെട്ടിട്ടില്ല. വാശിയേറിയ പോരാട്ടമായിട്ടും വോട്ടർപട്ടികയിൽ പേരു ചേർക്കാനോ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും വോട്ടുകൾ ഒഴിവാക്കാനോ കാര്യമായ ശ്രമം മുന്നണികൾ നടത്തിയില്ലെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. വോട്ടർപട്ടികയിൽ പേരുള്ള പുതുതലമുറയിൽപെട്ടവരിൽ കുറെപ്പേർ വിദേശരാജ്യങ്ങളുൾപ്പെടെ പുറംനാടുകളിലാണെന്നതും പോളിങ് കുറയാനിടയാക്കി. 

മലപ്പുറത്തെ ഏറനാട് മണ്ഡലത്തിലാണു കൂടുതൽ പോളിങ് നടന്നത് 77.76%, തൊട്ടു പിന്നിൽ കൽ‍പറ്റയും 73.56 വണ്ടൂരും 73.41% ആണ്. ഏറ്റവും കുറവ് പോളിങ് നടന്നതു നിലമ്പൂരിൽ ആണ് 71.35% തൊട്ടു പിന്നിൽ ബത്തേരിയും 72.52%. ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തതു മണ്ഡലത്തിൽ വോട്ടർമാർ കൂടുതലുള്ള വണ്ടൂരിൽ ആണ്. ആകെയുള്ള 2,32,839 വോട്ടർമാരിൽ 1,70,933 പേർ വോട്ട് രേഖപ്പെടുത്തി. രണ്ടാമതു കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയതു ബത്തേരിയിൽ ആണ്. 2,25,635 വോട്ടർമാരിൽ 1,63,638 പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവു പോൾ ചെയ്തതു വോട്ടർമാർ കുറവുള്ള തിരുവമ്പാടിയിൽ ആണ്. 1,83,283 വോട്ടർമാരിൽ 1,34,503 പേരാണു വോട്ട് ചെയ്തത്.

നിയോജക മണ്ഡലം, ആകെ വോട്ടർമാർ, പോൾ ചെയ്തത്, പുരുഷ വോട്ടർ, സ്ത്രീ വോട്ടർ,  ശതമാനം എന്നിങ്ങനെ
മാനന്തവാടി      2,01,383     1,47,218    72,347    74,871   73.10  
ബത്തേരി         2,25,635     1,63,638    80,233    83,405   72.52
കൽപറ്റ           2,08,912     1,53,691    74,347    79,343   73.56 
തിരുവമ്പാടി     1,83,283     1,34,503    65,244    69,258   73.38
ഏറനാട്          1,84,363     1,43,379    70,559    72,820   77.76
നിലമ്പൂർ         2,26,008     1,61,261    76,148    85,112   71.35
വണ്ടൂർ            2,32,839     1,70,933    81,944    88,989   73.41

"നല്ല കെട്ടുറപ്പോടെയും ചിട്ടയായും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ തുണയ്ക്കും. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞതവണത്തെക്കാൾ ഉയരുമെന്നു തന്നെയാണു പ്രതീക്ഷ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലെല്ലാം വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാനായിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകൾ അതുപോലെ കുറഞ്ഞിട്ടില്ലെന്നതും യുഡിഎഫിനെയാണു സഹായിക്കുക".

"പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നല്ല മുന്നേറ്റമാണ് എൽഡിഎഫ് സ്ഥാനാർഥി നടത്തിയത്. അതു തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്നുറപ്പ്. കഴിഞ്ഞതവണത്തെ അനുകൂലഘടകങ്ങളൊന്നും ഇക്കുറി യുഡിഎഫിനുണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫിനു മുന്നേറ്റമുണ്ടായത്.  അന്തിമ വിലയിരുത്തൽ ഇനിയും നടത്താനിരിക്കുന്നതേയുള്ളൂവെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിൽത്തന്നെയാണ്  ". 

"ഇതുവരെയുണ്ടാകാത്തത്ര അനുകൂലമായാണ് ബിജെപിയോടും സ്ഥാനാർഥിയോടും പ്രചാരണരംഗത്തുട നീളം ജനങ്ങളുടെ പ്രതികരണമുണ്ടായത്. ന്യൂനപക് ഷമേഖലയിലും കാർഷിക മേഖലയിലുമടക്കമുണ്ടായ സ്വീകാര്യത കണക്കിലെടുക്കുമ്പോൾ വയനാട് ചരിത്രവിജയം സമ്മാനിക്കുമെന്നാണു വിലയിരുത്തൽ".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com