ADVERTISEMENT

'അയാൾ കഥയെഴുതുകയാണ്' സിനിമയിൽ ലാലേട്ടന്റെ സാഗർ കോട്ടപ്പുറം അറിയാതെ വീടുമാറിക്കയറി, വീട്ടുകാരിയുടെ വസ്ത്രവുമിട്ട് കട്ടിലിൽ കിടന്നുറങ്ങുന്ന രംഗം ഓർമയില്ലേ? 'അറിയാതെയല്ല' എന്നതൊഴിച്ചാൽ സമാനമായ ഒരു സംഭവം അടുത്തിടെ അമേരിക്കയിലെ ടെന്നസിയിലുണ്ടായി. വീട്ടുകാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ തക്കത്തിൽ ഒരാൾ വീട്ടിൽ അതിക്രമിച്ചു കടന്നു. വീട്ടിൽ വച്ചിരുന്ന സിസിടിവി ക്യാമറ വഴി വീട്ടുകാരന്റെ മൊബൈൽ ആപ്പിൽ ഉടൻ 'മോഷൻ ഡിറ്റക്‌ഷൻ' നോട്ടിഫിക്കേഷനെത്തി. എന്നാൽ വളർത്തു നായയുടെ സാന്നിധ്യം മൂലമാവാം നോട്ടിഫിക്കേഷൻ ലഭിച്ചതെന്നായിരുന്നു ഇവരുടെ ആദ്യ അനുമാനം. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ അമ്പരന്നത്. 

വീടിന്റെ പിൻഭാഗത്തെ വാതിൽ ചവിട്ടിത്തുറന്ന് ഒരാൾ അകത്തു കയറുന്ന കാഴ്ചയായിരുന്നു അത്. ഉടൻതന്നെ പൊലീസിന്റെ സഹായം തേടി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് ഇവരുടെ വീട്ടിലേയ്ക്ക് എത്തുകയും ചെയ്തു. എന്നാൽ ആ സമയത്ത് സ്വന്തം വീട്ടിൽ എന്നപോലെ ടൗവൽ മാത്രം ധരിച്ച് ലിവിങ് റൂമിൽ വിശ്രമിക്കുകയായിരുന്നു അതിക്രമി. സാമുവൽ സ്മിത്ത് എന്നയാളാണ് ഇതെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. 

കുടുംബാംഗങ്ങൾ സംഭവം തിരിച്ചറിഞ്ഞത് മുതൽ പൊലീസ് അവിടേക്ക് എത്തുന്നത് വരെയുള്ള സമയത്തിനിടയിൽ ആകാവുന്ന അതിക്രമങ്ങളൊക്കെ ഇയാൾ ചെയ്തുകൂട്ടിയിരുന്നു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കിടയിൽ വിലപിടിപ്പുള്ളവ തിരഞ്ഞത് മൂലം ആകെ അലങ്കോലമായി. ഇതൊന്നും പോരാഞ്ഞിട്ട് സാമുവൽ ബാത്റൂമിനുള്ളിൽ കയറി ഒരു കുളിയും പാസാക്കി. അതിനുശേഷം വീടിനുള്ളിൽ കണ്ട ടൗവൽ തന്നെയാണ് ഇയാൾ പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് ധരിച്ചിരുന്നത്.

സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധിക ക്യാമറകളും വാതിലിനു സമീപം ബാരിക്കേഡുകളും സ്ഥാപിച്ചു. വീട് എത്ര സുരക്ഷിതമാണെന്ന് തോന്നിയാലും നൂതന സെക്യൂരിറ്റി സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇവർ നൽകുന്നത്.

English Summary:

Intruder who had a lavish bath in house caught by CCTV App- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com