ADVERTISEMENT

ഒരുതരത്തിലും രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോകുന്ന സാഹചര്യം വന്നാൽ അതിജീവിക്കാനായി ആരും ചിന്തിക്കാത്ത രക്ഷാമാർഗങ്ങൾ വരെ മനുഷ്യൻ കണ്ടെത്തിയെന്ന് വരും. അങ്ങനെ ഒരു അസാധാരണ മാർഗത്തിലൂടെ രക്ഷപ്പെട്ട കഥയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ക്രിസ്റ്റീന ഇൽക്കോയുടേത്. മണിക്കൂറുകളോളം ബാത്റൂമിനുള്ളിൽ കുടുങ്ങിപ്പോയ ക്രിസ്റ്റീന പുറത്തുവന്നത് അധികമാരും ചിന്തിക്കാത്ത രക്ഷാമാർഗങ്ങൾ  ഉപയോഗിച്ചാണ്. 

ഒരു പഴയ കെട്ടിടത്തിനുള്ളിലാണ് ക്രിസ്റ്റീനയുടെ താമസസ്ഥലം. ബാത്റൂമിലെ ഷവർ നന്നാക്കാൻ വന്ന പ്ലമർ അബദ്ധത്തിൽ ബാത്റൂമിന്റെ വാതിലിന്റെ ലോക്ക് തകർത്തിരുന്നു. പ്ലമറാകട്ടെ ഇക്കാര്യം ക്രിസ്റ്റിനയെ അറിയിക്കാനും മറന്നു. ഇതൊന്നുമറിയാതെ ബാത്റൂമിൽ കയറിയ ക്രിസ്റ്റീന പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്. ബാത്റൂമിനുള്ളിൽ ജനാലകൾ ഇല്ലാത്തതുമൂലം പുറത്തുള്ള ആരെയും വിവരം അറിയിക്കാൻ സാധിക്കുമായിരുന്നില്ല. വാതിൽ തുറക്കാനാവുന്നത്ര ശ്രമിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെ സഹായത്തിനായി ക്രിസ്റ്റീന ഉച്ചത്തിൽ നിലവിളിച്ചു. എന്നാൽ വീതിയേറിയ ഭിത്തിക്കുള്ളിൽനിന്ന് ശബ്ദം പുറത്തേക്ക് പോയില്ല.

ഏഴുമണിക്കൂറുകൾ പിന്നിട്ടു. ഇനി പുറത്തിറങ്ങണമെങ്കിൽ വീട്ടിലേക്ക്  മറ്റാരെങ്കിലും ക്രിസ്റ്റീനയെ തേടിയെത്തണം. എന്നാൽ വീട് വൃത്തിയാക്കാൻ ഇനി ആളെത്തുന്നത് നാലുദിവസത്തിനുശേഷമാണ്. 

ബാത്റൂമിലെ വെള്ളം മാത്രം കുടിച്ച് എത്ര ദിവസം കഴിയാനാകും? അവിടെ തന്റെ ജീവിതം അവസാനിക്കുമോ എന്ന് ഭയന്നിടത്തുനിന്ന് അതിജീവനത്തിനുള്ള ശ്രമം ആരംഭിച്ചു. 

തടിവാതിൽ ഇടിച്ചു തകർക്കുക  എളുപ്പമായിരുന്നില്ല. അപ്പോഴാണ് ബാത്റൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന മേക്കപ്പ് സാധനങ്ങളും മറ്റും ക്രിസ്റ്റീനയുടെ കണ്ണിൽ പെട്ടത്. അവ ഉപയോഗിച്ച് പൂട്ട് തുറക്കാനായി അടുത്ത ശ്രമം. അങ്ങനെ പേനയുടെ രൂപത്തിലുള്ള ഐലെെനറും കോട്ടൺ ബഡ്സും ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ ഒരു കള്ള താക്കോൽ ഉണ്ടാക്കി. ഐലൈനർ പൂട്ടിൻ്റെ കൊളുത്തിനുള്ളിലേക്ക് കടത്തിയപ്പോൾ അത് അല്പം താഴ്ത്താൻ സാധിച്ചു. ശേഷം ഹുക്കിനുള്ളിൽ കോട്ടൺ ബഡ് തിരുകി തിരിച്ചതോടെ പൂട്ട് തുറക്കുകയായിരുന്നു. എന്നാൽ പലതവണ ശ്രമിച്ചതിനു ശേഷമാണ് ഇത് സാധ്യമായത്.

ഇങ്ങനെയൊരു ഐഡിയ എങ്ങനെ മനസ്സിൽ വന്നെന്ന് ഇപ്പോഴും ക്രിസ്റ്റീനയ്ക്കു അദ്‌ഭുതമാണ്. വിജയിക്കുമെന്ന പ്രതീക്ഷയോടെ അല്ലെങ്കിലും രക്ഷപ്പെടാനുള്ള ഏത് കച്ചിത്തുരുമ്പും പരീക്ഷിക്കുക എന്നത് മാത്രമാണ് അവർ ചെയ്തത്. തൻ്റെ അസാധാരണമായ രക്ഷപ്പെടലിന്റെ കഥ ക്രിസ്റ്റീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ അനുഭവകഥ വൈറലായി.. ഇനി വീട്ടിൽ തനിച്ചുള്ള സമയത്ത് ബാത്റൂമിൽ കയറുമ്പോൾ ഐലൈനറും കോട്ടൺ ബഡ്സും കയ്യിൽ കരുതുമെന്ന തരത്തിൽ രസകരമായ കമന്റുകളുമുണ്ട്.

English Summary:

Woman Trapped in Bathroom survival story- Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com