ADVERTISEMENT

ഇനി എഴുതേണ്ട വാക്കുകളുടെ വിചാരം ഞാൻ കൊണ്ടുനടക്കുന്നു. ഒരു ഭാവനാപ്രതലത്തിൽ അവ തെളിയുന്നതും അർധവിരാമങ്ങൾ മാത്രം പിന്നിട്ട്‌ മുന്നോട്ടു പോകുന്നതുമായ ആ കാഴ്ച മെല്ലെ ഇല്ലാതാകുന്നു, ഒന്നും എഴുതപ്പെടുന്നില്ല. എന്നാൽ, ഇനി വായിക്കേണ്ട എഴുത്തുകാരുടെ പുസ്തങ്ങളുടെ പട്ടിക ഞാൻ സൂക്ഷിക്കാറുണ്ട്. ഇടയ്ക്കിടെ ആ പട്ടിക പുതുക്കുകയും ചെയ്യും. എത്ര ചിട്ടയോടെ പിന്തുടർന്നാലും അതിൽ ചിലർ ജീവിതത്തിലേക്കു വരാൻ  മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കണം. അതിനിടെ നമ്മുടെ ജീവിതത്തിൽനിന്നു കുറേപ്പേർ പിരിഞ്ഞുപോയിട്ടുണ്ടാകും. വായന ഏകാന്തതയിലിരുന്നു ചെയ്യുന്നതാണെങ്കിലും സൗഹൃദവുമായി അതിനെ ബന്ധിപ്പിക്കാതെ കഴിയുന്നവർ കുറവാണ്. സമൂഹമാധ്യമങ്ങളിലെ വിളംബരം അല്ല,  മറ്റെവിടെയെങ്കിലുമിരുന്ന് ഇതേ പുസ്തകം എനിക്കൊപ്പം ഒരു ചങ്ങാതിയും മൂകമായി വായിക്കുന്നുവെന്ന് അറിയുക ആഹ്ളാദകരമാണ്.

ഇതാ, ഞാൻ കണ്ടെത്തിയ എഴുത്താൾ എന്നു വിളിച്ചുപറയുക അഭിമാനകരമാണ്. മനോഹരമായ ഒരു വായനയ്ക്കുശേഷം പോയിക്കാണാൻ ഒരാളില്ലാതെ വരുന്നതോ പ്രയാസകരവും. ഒരു വായനക്കാരി തനിക്കു നഷ്ടമായ ചങ്ങാതിയെ ഓർത്താണു ദുഃഖിക്കുന്നതെങ്കിൽ, എഴുത്താളുടെ ദുഃഖമെന്തായിരിക്കും? തനിക്കു നഷ്ടമായ ആ വായനക്കാരിയെ ഓർത്താകുമോ? 

മനുഷ്യരെ എഴുത്തുകാരാക്കി മാറ്റുന്ന പുസ്തകങ്ങൾ എഴുതാനാണ് എനിക്കിഷ്ടം. നിങ്ങളെഴുതിയതു വായിച്ചിട്ടാണു വീണ്ടും വായന തുടങ്ങിയത്, എഴുത്ത് ആരംഭിച്ചത് എന്നെല്ലാം ചിലർ എന്നോടു പറ‍യുമ്പോൾ, അതുണ്ടാക്കുന്ന ചെറിയ സന്തോഷങ്ങൾ മറക്കാനാവില്ല.  ഇനി യഥാർഥത്തിൽ സഹൃദയത്വത്തെക്കാൾ വെറുപ്പാണു ചുറ്റുമുള്ളത് എന്നു തെളിഞ്ഞാലും അകലെ വസിക്കുന്ന ഒരു  വായനക്കാരിയെ സങ്കൽപിക്കുന്നതാണു ധന്യത. 

ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin
ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin

ഫ്രാൻസ് കാഫ്കയുടെ ജേണലിൽ ഒരിടത്തും അയാളുടെ രചനകൾക്കു ലഭിച്ച അനുമോദനങ്ങളെപ്പറ്റി പറയുന്നില്ല. ജീവിച്ചിരുന്ന കാലത്തു വളരെക്കുറച്ചേ അയാൾ പബ്ലിഷ് ചെയ്തിരുന്നുള്ളുവെന്നതാകുമോ കാരണം? എഴുതുന്നതിൽ മാത്രം നിർവൃതി കണ്ടെത്തിയിരുന്ന ആ യുവാവ്‌ തനിക്ക് ഇതിൽനിന്ന് എന്തെങ്കിലും ഭാവിയിൽ ലഭിക്കുമോ എന്നല്ല, സ്വതന്ത്രമായ എഴുത്തിനുള്ള ഒരു അന്തരീഷം തനിക്കു വീട്ടിലുണ്ടാകുമോ എന്നു മാത്രമാണു വേവലാതിപ്പെട്ടത്‌. മാതാപിതാക്കൾക്കും 2 സഹോദരിമാർക്കുമൊപ്പം ഒരു ചെറിയ ഫ്ലാറ്റിൽ താമസിച്ച് വാതിലുകളില്ലാത്ത നടുമുറിയിലിരുന്നു സാഹിത്യമെഴുതൽ കഠിനമാണ്, എഴുത്തുകാരന്  മറഞ്ഞിരിക്കാനാവുന്നില്ല എന്നതായിരുന്നു കാഫ്കയുടെ പ്രശ്നം. വിവാഹിതനായാൽ ഉള്ള ഏകാന്തത കൂടി നഷ്ടമാകുമെന്നും അതോടെ എഴുത്തു മുടിയുമെന്നും അയാൾ പേടിച്ചു. (I must be alone a great deal. What I accomplished was only the result of being alone എന്നാണു കാഫ്ക ഡയറിയിൽ എഴുതിയത്‌. കല്യാണമില്ലെങ്കിൽ ഒരിക്കൽ തനിക്ക് ഈ ജോലിതന്നെ ഉപേക്ഷിച്ചു തീർത്തും തനിച്ചാവാം എന്നും അയാൾ കരുതി).

 വിറ്റോൾഡ് ഗൊംബ്രോവിച്ച്, Picture Credit: Miguel- Grinbergarchiwum-Klementyny-SuchanowFotonova
വിറ്റോൾഡ് ഗൊംബ്രോവിച്ച്, Picture Credit: Miguel- Grinbergarchiwum-Klementyny-SuchanowFotonova

അനുമോദനങ്ങളെക്കാൾ വലുതാണ് നാം ഇരിക്കുന്ന നിശ്ശബ്ദത നൽകുന്ന ആത്മവിശ്വാസം എന്നു ഞാൻ കരുതുന്നു. സൈലന്റ് മോഡിലുള്ള  ഒരു മൊബൈൽ ഫോണിന്റെ വിറയൽ മാത്രമേ അതിനെ ദുർബലമാക്കുകയുള്ളൂ. ഒരു വേനലിൽ ഉച്ചയ്ക്ക്‌ മൃദുവായി കാറ്റൂതുന്ന പിൻവരാന്തയുടെ മൂലയിൽ ഇരുന്നു വേലിപ്പടർപ്പിൽ വെയിലും നിഴലും ഇളകിക്കളിക്കുന്നത്‌ മനോഹരമായ ഒരു അഭിവാദ്യവാക്യം പോലെ, മതിപ്പു പ്രകടിപ്പിക്കുന്ന ആംഗ്യം പോലെ കാണുന്ന വായനക്കാർ ഉണ്ടെങ്കിൽ ഞാൻ അവരോടു കഥ പറയാൻ ഇഷ്ടപ്പെടുന്നു. പോളിഷ് എഴുത്തുകാരനായ വിറ്റോൾഡ് ഗൊംബ്രോവിച്ചിന്റെ ഡയറി അദ്ദേഹം പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. 

1953 മുതൽ 1969ൽ അദ്ദേഹത്തിന്റെ മരണം വരെ, പുസ്തകനിരൂപണവും സാഹിത്യവർത്തമാനങ്ങളും ആത്മഗതങ്ങളുമടങ്ങിയ പ്രതിമാസ പംക്തിയായി ഈ ഡയറി വെളിച്ചം കണ്ടു. രണ്ടാം ലോകയുദ്ധ, യുദ്ധാനന്തര യൂറോപ്പിലെ കലുഷിതമായ സാമൂഹിക, രാഷ്ട്രീയാന്തരീഷത്തിൽ സാഹിത്യം എന്താണു ചെയ്തുകൊണ്ടിരുന്നതെന്നും ഈ ഡയറി വ്യക്തമാക്കുന്നുണ്ട്. ട്രാൻസ്‌ അറ്റ്‌ലാന്റിക്‌ എന്ന തന്റെ നോവലിന്റെ നിരൂപണം എഴുതിയ ചെസ്ലോഫ്‌ മീവാഷിനു മറുപടിയായി നൽകിയ കത്തും ഇതേ ഡയറിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നുണ്ട്.

karl-ove

എന്നാൽ ഒരിടത്ത് എഴുത്തുകാരൻ ഒരു ആത്മഗതം നടത്തിപ്പോയി: ‘ഞാൻ മനസ്സില്ലാമനസ്സോടെയാണ് ഈ ഡയറി എഴുതുന്നത്. ഇതിന്റെ കാപട്യപൂർണമായ സത്യസന്ധത എന്നെ മടുപ്പിക്കുന്നു. ഞാൻ ആർക്കുവേണ്ടിയാണ് എഴുതുന്നത്?  എനിക്കുവേണ്ടിയാണ് എഴുതുന്നതെങ്കിൽ പിന്നെന്തിനാണിതു പബ്ലിഷ് ചെയ്യുന്നത്? വായനക്കാർക്കുവേണ്ടിയാണെങ്കിൽ, ഞാൻ എന്നോടു തന്നെ സംസാരിക്കുകയാണെന്നു  നടിക്കുന്നതെന്തിനാണ്? മറ്റുള്ളവരും കേട്ടോട്ടെ എന്നു വിചാരിച്ചാണോ നിങ്ങൾ നിങ്ങളോടുതന്നെ സംസാരിക്കുന്നത്?’ സ്വന്തം ഉദ്ധതിക്കായി കലാകാരൻ മറ്റുള്ളവരുമായി നടത്തുന്ന യുദ്ധമല്ലാതെ മറ്റൊന്നുമല്ല എഴുത്ത് എന്നു കൂടി ഗൊംബ്രോവിച്ച്‌ എഴുതുന്നു. 

മറ്റുള്ളവർ താനെഴുതുന്നതിനെപ്പറ്റി എന്തു വിചാരിക്കും, താനൊരു മണ്ടനാണെന്നു കരുതുമോ എന്ന പേടി ഉപേക്ഷിച്ചിടത്തുനിന്നാണു തനിക്ക് ബൃഹത്തായ നോവലെഴുതാൻ കഴിഞ്ഞതെന്ന് നോർവീജിയനായ കാൾ ഓവ് ക്നോസ്‌ഗാഡ് പറയുകയുണ്ടായി. 2009നും 2011നുമിടയിൽ 6 വോള്യം ആയിട്ടാണു My Struggles എന്ന നോവൽപരമ്പര ക്നോസ്‌ഗാഡ് എഴുതിയത്. അതിവ്യയമായ ഈ നോവൽ എങ്ങനെ എഴുതാനായി എന്ന ചോദ്യത്തിനു നോവലിസ്റ്റ് നൽകിയ മറുപടി ഇതാണ്. ‘..എഴുതുന്നതു നല്ലതോ ചീത്തയോ എന്ന ചിന്തിക്കുന്നതു നിർത്തിയിട്ടു നിങ്ങളുടെ മോഹത്തെ മാത്രം പിന്തുടരുക. ഇത്‌ കഠിനമാണ്‌. ഒരു മണ്ടനായി കാണപ്പെടാതിരിക്കാൻ ഗുണനിലവാരം സംബന്ധിച്ച ശക്തമായ സമ്മർദം എപ്പോഴുമുണ്ടാകും. പക്ഷേ അതു മറികടന്നാൽ എഴുത്ത് വളരെ എളുപ്പമാണ്..’ 

കാൾ ഓവ് ക്നോസ്‌ഗാഡ്, Image Credit: Chester Higgins Jr—The New York Times/Redux
കാൾ ഓവ് ക്നോസ്‌ഗാഡ്, Image Credit: Chester Higgins Jr—The New York Times/Redux

മറ്റുള്ളവരുടെ താൽപര്യം എന്തായാലും അതു തന്നെ ബാധിക്കില്ലെന്ന് എഴുത്തുകാർക്ക് ഉറച്ചുപറയാനാകണമെന്നില്ല. താനെഴുതിയ കടലാസുകളത്രയും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും അതിനുവേണ്ടി വാദിക്കാനുമുള്ള ആത്മവിശ്വാസം പ്രധാനം തന്നെയാണ്. ഓസ്ട്രേലിയൻ എഴുത്തുകാരനായ ജെറാൾഡ് മർനേൻ 1973ൽ  ഒരു വലിയ നോവലുമായി പ്രസാധകനു മുന്നിലെത്തുന്നു. ആ നോവൽ മൂന്നിലൊന്നായി ചുരുക്കിയാൽ പ്രസിദ്ധീകരിക്കാമെന്ന മറുപടിയാണു ലഭിക്കുന്നത്. മർനേൻ അതനുസരിച്ചു വളരെ ശ്രമം ചെയ്ത്‌ നോവൽ ചുരുക്കിക്കൊടുക്കുന്നു. അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

40 വർഷത്തിനുശേഷം ഒരു പ്രസാധക സുഹൃത്ത്‌ മർനേനിന്റെ വസതിയിലെത്തുമ്പോൾ, ആ പഴയ നോവൽ പൂർണരൂപത്തിൽ കയ്യിലുണ്ടോ എന്ന് ചോദിക്കുന്നു. മർനേൻ അയാളെ തന്റെ പ്രസിദ്ധീകരിക്കാത്ത കടലാസുകളുടെ ആർക്കേവ്സിലേക്ക് കൊണ്ടുപോകുന്നു. പൂർണരൂപത്തിലുള്ള ആ നോവൽ എടുത്തുകൊടുക്കുന്നു.ഇതാണു A Season on Earthഎന്നപേരിൽ 2017 ൽ പുറത്തിറങ്ങിയത്‌. എ സീസൺ ഓൺ എർത്തിന്റെ എഴുത്തിന്റെ പിന്നാമ്പുറം 'ലാസ്റ്റ് ലെറ്റർ ടു എ റീഡർ' എന്ന പുസ്തകത്തിൽ മർനേൻ വിശദീകരിക്കുന്നുണ്ട്. എന്തുകൊണ്ടാണ്‌ ഒരു നോവൽ നീണ്ടുപോകുന്നത്‌, അതിലെ ഭാഷ എങ്ങനെയാണു രൂപം കൊള്ളുന്നത്‌ എന്നെല്ലാം നാം വായിക്കുന്നു.

ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley
ജെറാൾഡ്‌ മർനേൻ, Picture Credit: ABC-Arts-Zan-Wimberley

താനെഴുതിയത് അതിന്റെ പൂർണ്ണ രൂപത്തിൽ പ്രസിദ്ധീകരണ യോഗ്യമാണ്‌ എന്നും അത്‌ ഒരു ദിവസം വായനക്കാരിലെത്തുമെന്നുമുള്ള എഴുത്തുകാരന്റെ ആത്മവിശ്വാസം മൗഢ്യം നിറഞ്ഞതല്ലെന്ന് നാം അറിയുന്നു.

ഈ ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ എന്ന ചോദ്യം ഞാൻ കേൾക്കുന്നുണ്ട്‌. പ്രസാധകർ നിരസിക്കുന്ന ഒരു സാഹചര്യമുണ്ടായാൽ തുടർന്നെഴുതാനുള്ള ഉത്സാഹം എനിക്ക്‌ കുറഞ്ഞുപോയേക്കാം. എന്നാൽ അച്ചടിക്കപ്പെടാത്ത, വായനക്കാരില്ലാത്ത ഒരെഴുത്തുകാരനായി അവസാനിച്ചുപോകുമോ എന്ന ഭയം എഴുത്തിൽ ഉറച്ചുനിൽക്കാനുള്ള ഒരു ത്വരഎന്നിലുണ്ടാക്കിയിരുന്നു. അപ്പോഴും ഈ മനോനില ഒരു ആത്മവിശ്വാസമല്ല, എഴുതാതിരിക്കാനാവില്ലെന്ന നിസ്സഹായതയാണെന്നും  തോന്നുന്നു. 

ഓരോ പുസ്തകം (വായിച്ചോ എഴുതിയോ) കഴിയുമ്പോഴും എനിക്കറിയാം ഇതല്ല എന്റെ പുസ്തകം എന്ന്. ഞാൻ സങ്കൽപിച്ച പുസ്തകം ഇതല്ല; ഇതിൽനിന്നല്ല നീ വായിക്കാൻ പോകുന്നത്, ഇതിൽനിന്നല്ല ഞാനും വായിച്ചുകേൾക്കാൻ കാത്തിരിക്കുന്നത്. എന്നിട്ടും എനിക്ക്‌ പ്രതീക്ഷയുണ്ട്‌, പണ്ടെന്നോ എഴുതി വീണുപോയ ഒരു കവിതയോ കഥയോ കത്തോ ഇപ്പോഴും അവിടെയുണ്ടാകും. അല്ലെങ്കിൽ ഏതോ താളിനിടയിൽ പെട്ടുപോയ ഒരു ഷോപ്പിങ് ലിസ്റ്റ്, ബസ് ടിക്കറ്റ്, അതുമല്ലെങ്കിൽ അടയാളം വച്ച ഒരു സ്ലേഡ്... 

book-thamizhppava-by-vijayalakshmi

കയ്യെത്തുന്ന ദൂരത്തുവയ്ക്കേണ്ട പുസ്തകങ്ങളിൽ വിജയലക്ഷ്മിയുടെ കവിതകളും ഉണ്ടാവണമെന്നത്‌ എന്റെ ആഗ്രഹമാണ്. എത്ര താണുപോയാലും മനസ്സ് വെള്ളത്തിനുമീതേ പന്ത് എന്നപോലെ പൊങ്ങിയിളകുന്നതു ആ കവിതകൾ വായിക്കുമ്പോഴാണ്. തന്റെ കവിത പഴയമട്ടിൽ ഉള്ളതാണെന്നും അതിനു വായനക്കാർ കുറവാണെന്നും തമിഴ്‌പ്പാവ എന്ന പുതിയ സമാഹാരത്തിനുള്ള മുഖക്കുറിപ്പിൽ വിജയലക്ഷ്മി എഴുതുന്നു. അതിനാൽ ഇതു തന്റെ അവസാന സമാഹാരമായേക്കുമെന്നും. വായനക്കാർ കുറവാണെന്നത്‌ കവിയെ അലട്ടുന്നതായി, അതിൽ  ദുഃഖം ഉള്ളതുപോലെ എനിക്കു തോന്നി. ഞാൻ അതെപ്പറ്റി ഓർത്തുകൊണ്ടിരുന്നു. വിരമിക്കുന്ന ക്വിയുടെ മൂകതയിലേക്ക്‌ കവിതകൾ കൂട്ടത്തോടെ ഒരു തേനീച്ചക്കൂട്ടം പോലെ പ്രവേശിക്കുന്നതും കവിതയുടെ തേൻകൂടുകൾ കടലാസിനോ കംപ്യൂട്ടറിലോ ശേഷിക്കുന്നതും. മോഹം കവിയെ ഏറ്റവും വിസ്താരമായ വന്യതയിലേക്കു കൊണ്ടുപോകുമെന്നതാണു സത്യം. 

Vijayalakshmi
വിജയലക്ഷ്മി, ചിത്രം: മനോരമ

‘അതു മാഞ്ഞാകാശംപോൽ പരന്നും  പടർന്നും താ– 

ണവളെപ്പൊതിഞ്ഞപ്പോൾ, മൗനിയാണെന്നാലെന്തേ 

കടലാണവൾ,കാണാനില്ലതിർ, നീലപ്പച്ച– 

ക്കയവും മുങ്ങിത്താണ മാർകഴിത്തിങ്കൾച്ചേലും 

ഇരുമെയ്യല്ലാതൊരേ പ്രാണനായ്–അഴിഞ്ഞേ പോം 

സമയക്രമങ്ങൾ തൻ പാതയും കാണാതായി.’ 

(വിജയലക്ഷ്മി – മാർകഴി)

English Summary:

Ezhuthumesha Column about Writing process by writers and their diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com