ADVERTISEMENT

നേര്, ഏബ്രഹാം ഓസ്‌ലർ... ഈ വിജയകഥകൾ കാണുന്ന പ്രേക്ഷകർ പറയും: നേരാണ്, അനശ്വര രാജന്റെ ടൈം. മലയാളം കടന്നു തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമറിയിച്ച അനശ്വര ‘മനോരമ’യോട് സംസാരിക്കുന്നു

നേരിനും ഓസ്‌ലറിനുമൊപ്പം

ഓസ്‌ലർ സിനിമയിൽ ഫ്ലാഷ്ബാക്കിലാണ് ഞാൻ. അന്നത്തെ കാലത്തെ വസ്ത്രധാരണരീതി മുതൽ കഥാപാത്രത്തിന്റെ മാനറിസങ്ങൾ വരെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു അധ്യാപകനെപ്പോലെ നിന്നാണു പഠിപ്പിച്ചിരുന്നത്. 

കാഴ്ചപരിമിതിയുള്ള ഒരാളെ അവതരിപ്പിക്കുക; അതും വളരെയേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നയാളെ – ‘നേരി’ൽ ഞാൻ നേരിട്ട വെല്ലുവിളി ഇതാണ്. കഥാപാത്രമാകാൻ ഏറെ തയാറെടുപ്പുകൾ നടത്തി. സിനിമയിലെ കാഴ്ചപരിമിതരായ കഥാപാത്രങ്ങളെ കാണാൻ ശ്രമിക്കുന്നതിനു പകരം, ജീവിതത്തിൽ കാഴ്ചപരിമിതിയുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു. അവരുടെ അഭിമുഖങ്ങൾ കണ്ടു; മാനറിസങ്ങൾ പഠിച്ചു. കഥാപാത്രം കടന്നുപോയ അവസ്ഥ ചിന്തിക്കുമ്പോൾ ഞാനും അസ്വസ്ഥയായി.

anawara-222

എന്നും പ്രിയം ഉദാഹരണം സുജാത

കണ്ണൂരിലെ ചെറിയൊരു ഗ്രാമത്തിൽനിന്നാണ് എന്റെ വരവ്. ഉദാഹരണം സുജാതയുടെ സെറ്റിലെത്തിയപ്പോൾ അദ്ഭുതമായിരുന്നു എനിക്ക്. ഇന്നും എന്റെ പ്രിയപ്പെട്ട സിനിമ അതുതന്നെയാണ്.

anawara-rajan-122

പക്വത നൽകിയ സിനിമ

വളരെപ്പെട്ടെന്നു പ്രതികരിക്കുന്ന ആളായിരുന്നു ഞാൻ. ‘എന്നോടൊന്നും പറയേണ്ട’ എന്ന മട്ടിലാണ് പലപ്പോഴും കാര്യങ്ങളെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോഴതു മാറി. പ്രത്യേകിച്ച്, സമൂഹമാധ്യമങ്ങളിലെ കമന്റുകളും മറ്റും കാണുമ്പോൾ. പ്രതികരിക്കാതിരിക്കുന്നത് അവർ പറയുന്നതു ശരിയായതുകൊണ്ടല്ല; അത്തരം കമന്റുകൾ പറയുന്നവർക്ക് അത്രയും വില നൽകിയാൽ മതി എന്നുള്ളതുകൊണ്ടാണ്. അതിനർഥം എന്തും സഹിക്കും എന്നല്ല കേട്ടോ. പ്രതികരിക്കേണ്ടിടത്തു മാത്രം പ്രതികരിച്ചാൽ പോരേ? പക്വമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സിനിമ സഹായിച്ചിട്ടുണ്ട്.

anawara-rajan-12
‘നേര്’ സിനിമയുടെ ചിത്രീകരണത്തിനിടെ ജീത്തു ജോസഫിനൊപ്പം

യാത്രകളേറെ, ഒപ്പം വായനയും

ബോളിവുഡിലെ അരങ്ങേറ്റമായിരുന്നു യാരിയാൻ. പുതിയ ആളുകൾ, പരിചിതമല്ലാത്ത ഭാഷ, പുതിയ സ്ഥലം... പുതിയ പാഠങ്ങളും അനുഭവവുമായിരുന്നു അത്. യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം യാത്ര ചെയ്യാറുണ്ട്. സിനിമയും യാത്രയും കഴിഞ്ഞാൽ പിന്നെ ഇഷ്ടം വായിക്കാനാണ്. ഫിക്​ഷനാണ് കൂടുതൽ വായിക്കാറുള്ളത്.

അനശ്വര രാജൻ
അനശ്വര രാജൻ

പ്രേക്ഷകർ മാറുമ്പോൾ‍ സിനിമയും മാറും

സമൂഹം ഇപ്പോൾ എന്തു ചിന്തിക്കുന്നോ എന്നതിന്റെ പ്രതിഫലനമല്ലേ സിനിമ. ഇന്നു നാം ശരിയല്ലെന്നു പറയുന്ന സിനിമകളൊക്കെ കണ്ട് പണ്ടു പലരും കയ്യടിച്ചിട്ടുണ്ട്. ഇന്നു നമുക്കതിനു സാധിക്കാത്തത് നമ്മുടെയുള്ളിൽ വന്ന മാറ്റം മൂലമാണ്. സിനിമ‌ വിനോദോപാധിയാണ്. എന്നുകരുതി, തെറ്റായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യേണ്ടതില്ലല്ലോ. എന്റെ സിനിമയിലൂടെ അതുണ്ടാകരുതെന്ന് നിർബന്ധമുണ്ട്.

anawara-22

പുതിയ പ്രോജക്ടുകൾ

നിവിൻ പോളിക്കൊപ്പമുള്ള മലയാളി ഫ്രം ഇന്ത്യ, എന്റെ സ്വന്തം പുണ്യാളൻ, ഗുരുവായൂർ അമ്പലനടയിൽ, ഒരു പെരുങ്കളിയാട്ടം തുടങ്ങിയവയാണ് പുതിയ മലയാള ചിത്രങ്ങൾ. രണ്ടു തമിഴ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. തമിഴിൽ ‘ലക്കി’യുടെ റിലീസായിരിക്കും ആദ്യം. ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.

English Summary:

Chat with Anaswara Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com