ADVERTISEMENT

കെജിഎഫിലെ കോലാർ സ്വർണ ഖനിയിൽ അധീരയായി സ്കാർ കിങ്ങും റോക്കിയായി കിങ് കോങ്ങും എത്തിയാൽ എങ്ങനെയുണ്ടാകും. കൂടെ അതിഥി താരമായി ‘സലാറി’ലെ ദേവയെപ്പോലൊരു സ്ക്രീൻ പ്രസൻസുമായി ഗോഡ്സില്ലയും. ഇതാണ് മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയായ ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയറിന്റെ അവതരണരീതി. തട്ടുപൊളിപ്പൻ തെലുങ്ക്–തമിഴ് ആക്‌ഷൻ സിനിമകളുടെ ശൈലിയിലെടുത്ത ‘മോൺസ്റ്റർ എന്റർടെയ്നറാണ്’ ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയർ.

മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിൽ ഇതുവരെ വന്നതിൽ വച്ച് ഏറ്റവും മികച്ച സിനിമയെന്ന് ഉറപ്പിച്ചു പറയാം. ഓരോ കഥാപാത്രത്തിനും അർഹിക്കുന്ന പരിഗണന നൽകിയിരിക്കുന്നു എന്നത് എടുത്തു പറയണം. ക്ലീഷേ രംഗങ്ങൾ ഒഴിവാക്കിയുള്ള മോൺസ്റ്റർ ഫൈറ്റ് സീക്വൻസുകളും സിനിമയെ കൂടുതൽ ആകർഷമാക്കുന്നു. ഇവി വംശത്തിൽപെട്ട ജിയ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളെന്തെന്നും ഈ സിനിമയിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

മെക്കാ ഗോഡ്സില്ലയെ കാലപുരിക്ക് അയച്ചതോടെ ഹോളോ എർത്തിലാണ് കിങ് കോങ് തന്റെ വാസസ്ഥലം ഉറപ്പിച്ചിരിക്കുന്നത്. ഗോഡ്സില്ലയാകട്ടെ സില്ല എന്ന ടൈറ്റനെ വകവരുത്തി ഭൂമിയില്‍ തുടരുകയാണ്. റോമൻ കോളോസിയമാണ് കക്ഷിയുടെ വിശ്രമസ്ഥലം. ഇതിനിടെ ഹോളോ എർത്തിൽ ചില അപകട സൂചനകൾ മൊണാർക്കിനു ലഭ്യമാകുന്നു. ജിയയ്ക്കും ഇതുമായി ബന്ധപ്പെട്ട് വെളിപാടുകൾ ഉണ്ടാകുന്നുണ്ട്. ഇതേ അപായസൂചന ഗോഡ്സില്ലയ്ക്കും ലഭിക്കുന്നതോടെയാണ് സിനിമ അതിന്റെ ആവേശത്തിലെത്തുന്നത്.

അതിശക്തനായ സ്കാർ കിങ് എന്ന വില്ലൻ തന്നെയാണ് ഈ ഗോഡ്സില്ല–കിങ് കോങ് സിനിമയുടെ മറ്റൊരു ‘ഹീറോ’. സുകോ എന്ന കുട്ടി കോങ്ങിനൊപ്പം കോങ് എത്തിപ്പെടുന്നത് സ്കാര്‍ കിങ്ങിന്റെ ‘കെജിഎഫി’ലേക്കാണ്. അവിടെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നൊരു ‘റോക്കി ഭായി’ മൊമന്റും പ്രേക്ഷകർക്കായി കരുതിവച്ചിട്ടുണ്ട്. സ്കാർ കിങ്ങിന്റെ കൂട്ടാളികളെ നിഷ്കരുണം തല്ലിയോടിക്കുന്ന കോങ്ങിനെ നേരിടാൻ മറ്റൊരു ഭീകരൻ കൂടി അവിടെ ഉണ്ടായിരുന്നു. ഗോഡ്സില്ലയുടെ അറ്റോമിക് ബ്രീത്ത് പോലെ മാരകമായ ഐസ് ബ്രീത്ത് പുറപ്പെടുവിക്കുന്ന ഷിമോ എന്ന ടൈറ്റൻ. അവനെ ഒരു ക്രിസ്റ്റൽ കൊണ്ട് നിയന്ത്രിക്കുന്ന സ്കാർ കിങ്ങിനോടു മുട്ടാൻ തനിക്ക് ഒറ്റയ്ക്കാകില്ലെന്ന് മനസ്സിലാകുന്നതോടെ കോങ് അവിടെനിന്നു രക്ഷപ്പെടുന്നു.

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

സ്കാർ കിങഅങിനെ തളയ്ക്കണമെങ്കിൽ ഷിമോയെ തടവിൽനിന്നു മോചിപ്പിക്കണം. അതിനായി കിങ് കോങ്ങിനു ഗോഡ്സില്ലയുടെ സഹായം കൂടിയേ തീരൂ. അതിനായി ഗോ‍ഡ്സില്ലയ്ക്ക് ഇപ്പോഴുള്ള ശക്തി മാത്രം മതിയോ, എന്തുകൊണ്ടാണ് സിനിമയുടെ ട്രെയിലറിൽ പിങ്ക് നിറമുള്ള ഗോഡ്സില്ലയെ കാണുന്നത്. ഗോഡ്സില്ലയും കിങ് കോങ്ങും നേരിട്ടു കണ്ടാൽ കീരിയും പാമ്പുമായതിനാൽ ആരാണ് ഇവരുടെ ഇടയിൽ നിൽക്കുക. ഇതിനൊക്കെയുള്ള ഉത്തരമാണ് രണ്ടാം പകുതി പറയുന്നത്.

അത്യുഗ്രൻ സിജിഐ, സ്പെഷൽ ഇഫക്ട് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആദം വിങാർടിന്റെ സംവിധാനമികവിനും ആവിഷ്കാരത്തിനുകൊടുക്കാം കയ്യടി. ടോം ഹോൾകെൻബെർഗിന്റെ പ്രകമ്പനം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും ജോഷിന്റെ എഡിറ്റിങ്ങും പ്രേക്ഷകരെ ഹരംപിടിപ്പിക്കും. ഗോഡ്സില്ല േവഴ്സസ് കോങ് സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയ്ക്കു പിന്നിലും.

3–ഡിയിൽ ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. തിയറ്ററിൽത്തന്നെ സിനിമ ആസ്വദിക്കാൻ ശ്രമിക്കുക.

വാൽകഷ്ണം: ചിത്രം കാണുന്നതിനു മുമ്പ് ഗോഡ്‌സില്ല വേഴ്സസ് കോങ് ഒന്നുകൂടി കാണുന്നത് നന്നായിരിക്കും. ഗോഡ്സില്ല–കോങ്: ദ് ന്യൂ എംപയറിൽ പോസ്റ്റ് ക്രെഡിറ്റ് സീൻ ഇല്ല എന്ന കാര്യവും പ്രത്യേകം ഓർമിപ്പിക്കുന്നു.

English Summary:

Godzilla x Kong The New Empire review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com