ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയെ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പാക്ക്, ചൈന അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നതു ഭൂഷണമല്ലെന്നാണു വിലയിരുത്തൽ. 

അനശ്വരതയിലേക്ക്... സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്നലെ ന്യൂഡൽഹിയിൽ നടന്നപ്പോൾ. ചിത്രം: മനോരമ
അനശ്വരതയിലേക്ക്... സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്നലെ ന്യൂഡൽഹിയിൽ നടന്നപ്പോൾ. ചിത്രം: മനോരമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സീനിയോറിറ്റി പരിഗണിച്ചാണു നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ എം.എം. നരവനെയ്ക്കാണ് (കരസേന) സാധ്യത. 

റാവത്തും കരസേനയിൽ നിന്നായിരുന്നതിനാൽ അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. എന്നാൽ, ഇരുവരും സേനാ മേധാവികളായത് അടുത്തിടെയാണെന്നതിനാൽ സംയുക്ത സേനാ മേധാവിയാക്കുന്നത് ഉചിതമാവില്ലെന്ന ചിന്തയുണ്ട്. 

റാവത്ത് ഏതാനും വർഷങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നെങ്കിൽ പിൻഗാമിയാവാൻ ഹരികുമാറിനു സാധ്യതയേറെയായിരുന്നു. 3 സേനകളുടെയും സംയുക്ത കമാൻഡ് രൂപീകരണത്തിൽ (തിയറ്റർ കമാൻഡ്) റാവത്തിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട് ഹരികുമാറിന്. സേനകളുടെ സംയുക്ത ഘടകമായ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ മേധാവിയായി ഹരികുമാർ സേവനമനുഷ്ഠിച്ച വേളയിലാണു റാവത്തിന്റെ നേതൃത്വത്തിൽ മിലിറ്ററികാര്യ വകുപ്പ് കേന്ദ്രം രൂപീകരിച്ചത്. തുടർന്ന് ഏതാനും നാൾ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. 

അടുത്തിടെ സേനയിൽ നിന്നു വിരമിച്ച മേധാവികളിലൊരാളെ റാവത്തിന്റെ പിൻഗാമിയായി നിയമിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് വിരമിച്ച നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങിനെ നിയമിച്ചുകൂടേ എന്നു പ്രതിരോധ വൃത്തങ്ങളിൽ ചോദ്യമുയരുന്നു. 

രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായിരുന്ന റാവത്തിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ വിടവ് നികത്താനാവശ്യമായ നിയമനത്തിൽ കേന്ദ്രം ഏതു വഴി സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണു പ്രതിരോധ സേനകൾ. 

English Summary: Anxiety over successor of General Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com