ADVERTISEMENT

ന്യൂഡൽഹി ∙ റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവൻസമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവർത്തിക്കും. രണ്ടിടത്തുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ പങ്കെടുക്കും. ബൂത്തുതല ഏകോപനം മുതൽ പ്രചാരണം നിയന്ത്രിക്കും.

അമേഠിയിൽ പ്രിയങ്ക മത്സരിക്കാനെത്തുമെന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തൽക്കാലം മത്സരത്തിനിറങ്ങുന്നില്ലെന്നു പ്രിയങ്ക തീരുമാനിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് നറുക്കുവീണത്. ഇതിൽ പ്രവർത്തകർ നിരാശ അറിയിച്ചതുകൂടി കണക്കിലെടുത്താണ് പ്രിയങ്ക തന്നെ അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.

അതേസമയം, അനുഭവപരിചയമുള്ള രാഷ്ട്രീയക്കാരനാണു താനെന്നും ഗാന്ധി–നെഹ്റു കുടുംബത്തിന്റെ പരിചാരകനല്ലെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.എൽ. ശർമ പറഞ്ഞു. ഗാന്ധികുടുംബം അവരുടെ ശിപായിയെയാണ് അമേഠിയിൽ സ്ഥാനാ‍ർഥിയാക്കിയതെന്നു റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ്ങിന്റെ ആരോപണത്തോ‌‌‌ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ‘യൂത്ത് കോൺഗ്രസ് പ്രവർത്തകനായി 1983 മുതൽ ഞാനിവിടെയുണ്ട്. കറകളഞ്ഞൊരു രാഷ്ട്രീയക്കാരനാണു ഞാൻ’– ശർമ പറഞ്ഞു.

English Summary:

Priyanka Gandhi to campaign in Rae Bareli and Amethi constituencies in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com