ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ പരാമർശത്തിന്റെ പേരിൽ ക്ഷത്രിയവിഭാഗത്തിൽ നിന്നുള്ള എതിർപ്പും പ്രജ്വൽ രേവണ്ണ വിവാദവും ആത്മവിശ്വാസത്തിനു മങ്ങൽ വീഴ്ത്തുമ്പോഴും നാളെ മൂന്നാംഘട്ട വോട്ടെടുപ്പിൽ ബിജെപിയുടെ ധൈര്യം അവരുടെ ഉറച്ച കോട്ടകളാണ്. വോട്ടെടുപ്പു നടക്കുന്ന 94ൽ 43 മണ്ഡലങ്ങളിലും കഴിഞ്ഞ 3 തവണയായി വിജയിക്കുന്നതു ബിജെപിയാണ്. ഇതിൽ ഏഴു മണ്ഡലങ്ങളൽ ബിജെപി വൻഭൂരിപക്ഷത്തിന് (40 ശതമാനത്തിലേറെ) ജയിച്ചു. 2009 മുതൽ കോൺഗ്രസ് നിലനിർത്തുന്നതാകട്ടെ ഒരു സീറ്റും; ബംഗാളിലെ ദക്ഷിണ മാൽഡ. 

സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട ബേതുൽ, ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സൂറത്ത്, തിരഞ്ഞെടുപ്പു മാറ്റിവച്ച അനന്ത്നാഗ്–രജൗരി എന്നിവിടങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കേണ്ടതായിരുന്നു.

ഗുജറാത്തിലെ ആത്മവിശ്വാസം

തങ്ങളുടെ അക്കൗണ്ടിൽ ബിജെപി ഉറപ്പിച്ച ഗുജറാത്തിലെ മുഴുവൻ സീറ്റുകളിലേക്കും നാളെയാണു വോട്ടെടുപ്പ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ കോൺഗ്രസിനും സഖ്യകക്ഷിയായ ആംആദ്മി പാർട്ടിക്കും കാര്യമായ വോട്ടുബലമുണ്ടെങ്കിലും വിജയത്തിലേക്കു ദൂരമേറെ. ജുനഗഡ്, രാജ്കോട്ട്, ബനാസ്ഗട്ട, ബറൂച്, ബാവ്‌നഗർ എന്നിങ്ങനെ 5 മണ്ഡലങ്ങളിൽ ബിജെപി കനത്ത മത്സരം നേരിടുന്നു. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ രജപുത്രവിരുദ്ധ പരാമർശമാണു പ്രധാന വെല്ലുവിളി. കർണാടകയിലെ ശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നാളെത്തന്നെ. സഖ്യകക്ഷിയായ ജെഡിഎസിന്റെ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന വിവാദത്തെ ബിജെപി ഭയക്കുന്നു.

പോരാട്ടം നയിച്ച് കുടുംബം

യുപിയിൽ നാളെ വോട്ടെടുപ്പു നടക്കുന്ന 10 സീറ്റുകളിൽ  ബിജെപിയുമായി നേർക്കുനേർ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടിക്കു നിർണായകം. 2019ൽ എട്ടും ബിജെപിയാണുനേടിയത്.

അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് (മെയ്ൻപുരി), മുലായം സിങ്ങിന്റെ അനന്തരവന്മാരായ അക്ഷയ് യാദവ് (ഫിറോസാബാദ്), ആദിത്യ യാദവ് (ബദൗൻ) എന്നിവരെ സ്ഥാനാർഥികളാക്കിയതു കുടുംബാധിപത്യമാണെന്നാണ് ബിജെപിയുടെ ആരോപണം. 

11 സീറ്റിൽ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്ര ശ്രദ്ധേയമാകുന്നതു കുടുംബത്തിനുള്ളിലെ പോരു കൊണ്ടാണ്. ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയിൽ മകൾ സുപ്രിയ സുളെക്കെതിരെ ഭാര്യ സുനേത്രയെ ഇറക്കിയാണ് അജിത് പവാർ മത്സരം കടുപ്പിച്ചനത്.  

മോഹവുമായി സിപിഎമ്മും

മധ്യപ്രദേശിൽ നാളെ വോട്ടെടുപ്പു നടക്കുന്ന 9 സീറ്റും ബിജെപിയുടേതാണ്. ഒന്നോ രണ്ടോ സീറ്റിൽ അദ്ഭുതം സംഭവിച്ചാലായി എന്ന മട്ടാണു കോൺഗ്രസിന്. ബംഗാളിൽ തൃണമൂലിനെതിരെ പരാമവധി നേട്ടം ബിജെപി പ്രതീക്ഷിക്കുമ്പോൾ, മുർഷിദാബാദിൽ പാർട്ടി സെക്രട്ടറി മുഹമ്മദ് സലീമിലൂടെ സിപിഎമ്മും ഒരുകൈ നോക്കുന്നു. ഇന്ത്യാസഖ്യം ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത് ബിഹാറിലെ 5 സീറ്റുകളിലാണ്. 

ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലടക്കം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ തട്ടകമായ ദുർഗിൽ പാർട്ടി നല്ല മത്സരം പ്രതീക്ഷിക്കുന്നു. അസമിലെ ഗുവാഹത്തിയിലും കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. ഗോവയിൽ ആകെയുള്ള 2 സീറ്റിൽ നിലവിലെ ഒരുസീറ്റ് നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നു. 

English Summary:

Third phase of the Loksabha elections 2024 will be held tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com