ADVERTISEMENT

മലയാളി മറന്നുപോയ പേരുകളിൽ ഒന്നാണു തരവത്ത് അമ്മാളു അമ്മയുടേത്. തിരുവിതാംകൂറിൽനിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കും കുടുംബത്തിനും പാലക്കാട്ട് അഭയം നൽകിയത് അമ്മാളു അമ്മയാണ്. മലയാളത്തിലെ ആദ്യത്തെ വനിതാ കുറ്റാന്വേഷണ നോവലിസ്റ്റ് കൂടിയാണ് അമ്മാളു അമ്മ.

പാലക്കാട് വടക്കുന്തുറയിൽ 1873 ഏപ്രിൽ 26നാണ് അമ്മാളു അമ്മയുടെ ജനനം. മുൻസിഫായിരുന്ന കൊടുവായൂർ ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായർ, തരവത്ത് കുമ്മിണി അമ്മ എന്നിവർ മാതാപിതാക്കൾ. ചെന്നൈയിലെ ജസ്റ്റിസ് പാർട്ടി (നീതികക്ഷി) നേതാവും തമിഴ്‌നാട്ടിലെ അബ്രാഹ്‌മണ പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായ ഡോ.ടി.എം. നായർ ഇളയ സഹോദരനായിരുന്നു.

മൈസൂർ സുൽത്താന്മാരുടെ പടയോട്ടകാലത്ത് ഉത്തര മലബാറിൽനിന്ന് പറളിയിലെത്തിയവരായിരുന്നു അമ്മാളു അമ്മയുടെ പൂർവികർ. സംസ്‌കൃതവും സംഗീതവും വീട്ടിലിരുന്നു പഠിച്ചു. സ്വപ്രയത്‌നത്താൽ മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം നേടി. 15-ാം വയസ്സിൽ പുന്നത്തൂർ കോവിലകത്തെ തമ്പുരാൻ അമ്മാളു അമ്മയെ വിവാഹം കഴിച്ചു. പക്ഷേ പിന്നീട് തമ്പുരാൻ ബന്ധം ഉപേക്ഷിച്ചതോടെ രണ്ടു മക്കളും അമ്മാളു അമ്മയും തനിച്ചായി. വർഷങ്ങൾക്കു ശേഷം

വൈദ്യനായ കൃഷ്ണവാര്യർ അമ്മാളു അമ്മയെ ജീവിതസഖിയാക്കി. മൂന്നു പെൺമക്കൾ പിറന്നതിനു പിന്നാലെ വാര്യർ അന്തരിച്ചു. ആദ്യ രണ്ടു വിവാഹങ്ങളിലെ സന്തതികൾ പല സമയങ്ങളിലായി മരിച്ച തീവ്രദുഃഖവും അനുഭവിക്കേണ്ടിവന്നു. മൂന്നാമത്തെ വിവാഹം വടക്കുംതറ വാര്യത്ത് ഉണ്ണിക്കൃഷ്ണ വാര്യരുമായിട്ടായിരുന്നു.

സ്വദേശാഭിമാനിക്ക് അഭയം

1910 സെപ്റ്റംബർ 26നാണ് സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ടത്. ശേഷം 1913ൽ രാമകൃഷ്ണപിള്ളയും കുടുംബവും പാലക്കാട്ടെത്തി. ഇക്കാലത്താണ് രാമകൃഷ്ണപിള്ള ‘എന്റെ നാടുകടത്തൽ’, ‘ദ ട്രാവൻകൂർ ഡീ പോർട്ടേഷൻ’ എന്നീ കൃതികൾ രചിച്ചത്. 1915ൽ കല്യാണിയമ്മയ്ക്ക് കണ്ണൂരിൽ സർക്കാർ ബാലികാപാഠശാലയിൽ ഉദ്യോഗം ലഭിക്കുംവരെ ആ കുടുംബത്തിന് അമ്മാളു അമ്മയാ തുണയായത്. സ്വദേശാഭിമാനിയുടെ മരണശേഷം ഭാര്യ ബി. കല്യാണിയമ്മ രചിച്ച 'വ്യാഴവട്ട സ്മരണകൾ' എന്ന കൃതിയിൽ അമ്മാളു അമ്മയുടെ സ്‌നേഹവാത്സല്യങ്ങളെപ്പറ്റി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

‘സാഹിത്യസഖി’ നിരസിച്ചു

സംസ്‌കൃതം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലെ ഉൽകൃഷ്ട കൃതികൾ അമ്മാളു അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 1907ൽ സംസ്‌കൃത നാടകമായ ഭക്തമാല മൊഴിമാറ്റം ചെയ്തു. സംസ്‌കൃതത്തിൽനിന്ന് ശിവശക്തിവിലാസവും തമിഴ് നോവലായ ലീലയും പരിഭാഷപ്പെടുത്തി. തമിഴ് സാഹിത്യത്തിലെ ബാലകഥകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച വിവർത്തനകൃതിയാണ് ബാലബോധിനി. എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ ബുദ്ധഗാഥ എന്ന പേരിൽ പരിഭാഷപ്പെടുത്തി. കോമളവല്ലി, സർവ വേദാന്ത സംഗ്രഹം, കൃഷ്ണഭക്തിചന്ദ്രിക തുടങ്ങിയവ മറ്റു കൃതികളാണ്.

1914ൽ കമലാഭായി അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകം എന്ന കുറ്റാന്വേഷണ നോവൽ അമ്മാളു അമ്മ രചിച്ചു. മലയാള അപസർപ്പക നോവൽ രചിച്ച ആദ്യ വനിത എന്ന ഖ്യാതി ഈ കൃതിയിലൂടെ അവർ സ്വന്തമാക്കി. 1929, 1930 വർഷങ്ങളിൽ നടന്ന സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അമ്മാളു അമ്മ അധ്യക്ഷത വഹിച്ചു. കൊച്ചി മഹാരാജാവ് 'സാഹിത്യസഖി' എന്ന ബഹുമതി നൽകി ആദരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോൾ അവർ വിനയപൂർവം അത് വേണ്ടെന്നു അറിയിച്ചു. കൊച്ചി രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ഈ പുരസ്‌കാരം നിരസിച്ച ഏക എഴുത്തുകാരികൂടിയാണ് അമ്മാളു അമ്മ. 1936 ജൂൺ 6ന് തരവത്ത് അമ്മാളു അമ്മ അന്തരിച്ചു. 

English Summary:

Sunday Special about Ammalu amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com