ADVERTISEMENT

പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെയും (33) പെരുമണ്ണ സ്വദേശിയായ 31 വയസ്സുകാരിയായ അതിജീവിതയുടെയും ജീവിതം ഒരേ പോലെ തുന്നിക്കെട്ടിയ മുറിവുകളാണ്. മരുന്നു തേയ്ക്കണ്ടവർ തന്നെ ഉപ്പു പുരട്ടി വേദനിപ്പിച്ചവർ. ഒടുവിൽ നീതി തേടി സമരത്തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന സാധാരണക്കാരായ രണ്ടു സ്ത്രീകൾ.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചതിനെത്തുടർന്ന് 5 വർഷം ജീവിതം ദുരിതത്തിലായ കെ.കെ.ഹർഷിന, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അർധ അബോധാവസ്ഥയിൽ ഐസിയുവിൽ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിത. 

ഹർഷിനയുടെ സമരം രണ്ടു വർഷം പിന്നിടുമ്പോൾ അതിജീവിതയുടെ സമരം ഒരു വർഷം പിന്നിടുന്നു. ഇരകൾക്കൊപ്പമെന്ന് ആവർത്തിച്ചു പറയുമ്പോഴും വേട്ടക്കാർക്കൊപ്പം ഓടുന്ന സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ നടത്തിയ സമരങ്ങളുടെ പൊള്ളുന്ന അനുഭവങ്ങളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു.

വയറ്റിലെ കത്രികയുമായി നാലേമുക്കാൽ വർഷം

നാലേമുക്കാൽ വർഷം. കൃത്യമായി പറഞ്ഞാൽ 1736 ദിവസങ്ങൾ. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവച്ച കത്രികയുമായി ഹർഷിന അത്രയും കാലം ദുരിതം അനുഭവിച്ചു. വേദന കൊണ്ട് ജീവിതം മടുത്ത് മരണം ആഗ്രഹിച്ച ദിവസങ്ങൾ.

കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30നു നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് (ഒരിനം കത്രിക) കുടുങ്ങിയെന്നായിരുന്നു ഹർഷിനയുടെ പരാതി.

‘‘മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷം നിരന്തരം വയറുവേദനയും അണുബാധയുമായി. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വയറ്റിലെ തുന്നൽ ഉണങ്ങാത്ത പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. 2021ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വയറ്റിൽ കത്രികയുണ്ടെന്നു സ്ഥിരീകരിച്ചു. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ 6 സെന്റീമീറ്റർ നീളമുള്ള കത്രിക നീക്കം ചെയ്തു.’’–ഹർഷിന ദുരിതകാലം ഓർക്കുന്നു.

വേദനയുടെ രണ്ടാംഘട്ടം

എന്നാൽ അതിനെക്കാൾ വേദന നേരിടേണ്ടി വന്നതു നീതിക്കായി തെരുവിൽ ഇറങ്ങിയപ്പോഴാണെന്നാണ് ഹർഷിനയുടെ അനുഭവം. കുറ്റക്കാരായ ആരോഗ്യപ്രവർത്തകരെ ശിക്ഷിക്കണമെന്നും തനിക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹർഷിന സമരത്തിനിറങ്ങി. ആദ്യം മെഡിക്കൽ കോളജിനു മുന്നിൽ, പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിൽ. കത്രിക താഴോട്ടിറങ്ങി മൂത്രസഞ്ചിക്കു കേടു സംഭവിച്ചിരുന്നു. അരയ്ക്കു താഴെയുള്ള നിരന്തര മരവിപ്പ്. അൽപ സമയം പോലും നിൽക്കാനാകാത്ത അവസ്ഥ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം സഹിച്ച് , പൊരിവെയിലിലും മഴയത്തും പറക്കമുറ്റാത്ത മക്കളെയും കൊണ്ടാണ് ഹർഷിന സമരപ്പന്തലിൽ ഇരുന്നത്.

ആരോഗ്യമന്ത്രി അടക്കമുള്ളവർ ഹർഷിനയുടെ സമരത്തെ പൂർണമായും അവഗണിക്കുന്ന സാഹചര്യമായിരുന്നു ആദ്യഘട്ടത്തിൽ. എല്ലാ തെളിവുകളും എതിരായിട്ടും വീഴ്ച സമ്മതിക്കാൻ മെഡിക്കൽ കോളജ് അധികൃതർ ആദ്യം തയാറായിട്ടില്ല. മറ്റേതോ ആശുപത്രിയിൽ നിന്നാണു കത്രിക കുടുങ്ങിയതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. കത്രികയുടെ യാഥാർഥ്യം കണ്ടെത്താൻ 3 അന്വേഷണ കമ്മിറ്റികളെ ആരോഗ്യവകുപ്പ് നിയോഗിച്ചു. കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതൊന്നും പോരാഞ്ഞ് കുറ്റസമ്മതം നടത്തുന്ന മെഡിക്കൽ കോളജ് അധികൃതരുടെ വിഡിയോ പകർത്തിയതിന് ഹർഷിനയുടെ കുടുംബത്തിനെതിരെ പൊലീസിൽ പരാതിയും നൽകി. ഒടുവിൽ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളജിലേതു തന്നെയെന്നു സ്ഥിരീകരിച്ചു. സംഭവത്തിൽ അന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അടക്കമുള്ളവരെ പ്രതികളാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

നീതി ആവശ്യപ്പെട്ട് 110 ദിവസം ഹർഷിന കോഴിക്കോട്ടും തിരുവനന്തപുരത്തുമായി സമരം നടത്തി. ആരോഗ്യം മോശമായതിനെത്തുടർന്നു ഹർഷിന അടുത്തമാസം 11ന് വീണ്ടും ശസ്ത്രക്രിയ ടേബിളിലേക്കു പോവുകയാണ്. അതിനുള്ള ചികിത്സച്ചെലവ് ഇനി എവിടെ നിന്നു കണ്ടെത്തുമെന്ന ആശങ്കയിലാണു കുടുംബം.

5 വർഷത്തെ ദുരിതത്തിനും തീരാത്ത വേദനകൾക്കും ഏറെ സമരങ്ങൾക്കും ശേഷം ഹർഷിനയ്ക്കു സർക്കാർ ആകെ സഹായധനമായി പ്രഖ്യാപിച്ചത് 2 ലക്ഷം രൂപയാണ്. ‘‘പത്തു ലക്ഷത്തോളം രൂപ ചികിത്സയ്ക്കു മാത്രമായി ചെലവായി. ഒരാളുടെ ജീവിതത്തിലെ ഏറ്റവും ആരോഗ്യപൂർണമായ 25 വയസ്സു മുതലുള്ള 5 വർഷമാണ് എനിക്കു നഷ്ടമായത്. അതിനു മാന്യമായ നഷ്ടപരിഹാരം എനിക്കു കിട്ടേണ്ടേ?– ഹർഷിന ചോദിക്കുന്നു. ഇതുവരെയുള്ള രോഗവും ചികിത്സയും കൊണ്ടു ഹർഷിനയുടെ കുടുംബം തകർന്നു. നിത്യമായ ആശുപത്രിവാസം കൊണ്ട് ഭർത്താവിന്റെ കച്ചവടം പൂട്ടി. കുട്ടികളുടെ പഠനം മുടങ്ങി. ഇനിയും എത്രനാൾ ആശുപത്രി ജീവിതം വേണ്ടി വരുമെന്ന് അറിയില്ല.

‘‘ 2 ലക്ഷം രൂപയിൽ കൂടുതൽ സഹായധനം അനുവദിക്കുന്നതിനു കീഴ്‌വഴക്കമില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ എന്നോടു പറഞ്ഞത്. ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്കു മാത്രമേ കീഴ്‌വഴക്കം ബാധകമുള്ളൂ?. വേണ്ടപ്പെട്ടവരാണെങ്കിൽ 10 ലക്ഷവും 25 ലക്ഷവും  കൊടുത്ത സംഭവങ്ങളുണ്ടല്ലോ കേരളത്തിൽ .’– ഹർഷിനയുടെ ചോദ്യം നീറി നീറി ജീവിക്കുന്ന ഒരു സ്ത്രീയുടേതാണ്.

ഇനിയും സമരത്തിലേക്കു നിർബന്ധിച്ചു വിട്ടാൽ ആ സമരപ്പന്തലിൽ ഇരുന്നു തന്നെ താൻ മരിക്കുന്നതു സർക്കാർ കാണേണ്ടി വരുമെന്നും ഹർഷിന പറയുന്നു.

ആശുപത്രി വരുത്തിയ മുറിവുകൾ

ശസ്ത്രക്രിയ കഴിഞ്ഞുള്ള മുറിവിന്റെ വേദനയുണങ്ങും മുൻപു ഞാൻ ലൈംഗിക അതിക്രമത്തിനിരയായി. എനിക്കൊപ്പമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പ്രതികൾക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആരോഗ്യവകുപ്പ് ഇടപെട്ടു. 

കോഴിക്കോട് നഗരത്തിൽ കത്തുന്ന വെയിലിൽ നടുറോഡിൽ സമരത്തിലിരിക്കുകയാണ് ലൈംഗിക അതിക്രമത്തിലെ അതിജീവിത. സ്വാഭാവിക നീതിക്കായി ഒരു വർഷമായി തുടരുന്ന അവരുടെ സമരത്തിന്റെ തുടർച്ചയാണ് പൊരിവെയിലിലെ ഇരിപ്പ്.

‘‘ ഏറ്റവും കടുത്ത ദുഃസ്വപ്നത്തിൽ പോലും ഒരു സ്ത്രീ പ്രതീക്ഷിക്കാത്ത ദുരനുഭവമാണ് എനിക്ക് മെഡിക്കൽ കോളജിൽ നിന്നുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞുള്ള മുറിവിന്റെ വേദനയുണങ്ങും മുൻപു ഞാൻ ലൈംഗിക അതിക്രമത്തിനിരയായി. എനിക്കൊപ്പമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പ്രതികൾക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ടു ആരോഗ്യവകുപ്പ്. ഇനിയൊരു സ്ത്രീക്കും ഈ അനുഭവമുണ്ടാകരുത്. അതിനാണ് എന്റെ സമരം’’– അതിജീവിത പറയുന്നു.

2023 മാർച്ചിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിൽ അർധമയക്കത്തിൽ കിടക്കുകയായിരുന്ന യുവതി ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ആശുപത്രി അറ്റൻഡർ എം.എം.ശശീന്ദ്രനാണു പ്രതിയെന്നു കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തതോടെ പരാതി പിൻവലിക്കാൻ സഹപ്രവർത്തകർ അതിജീവിതയെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിലും അതിജീവിത പരാതി നൽകിയതോടെ ഭീഷണിപ്പെടുത്തിയവരെ സസ്പെൻഡ് ചെയ്തു, കേസെടുത്തു. എന്നാൽ ഭരണാനുകൂല സർവീസ് സംഘടനയുടെ പിന്തുണയിൽ ഇവരെ സംരക്ഷിക്കാനുള്ള നടപടികളാണു പിന്നീടുണ്ടായത്. ‌ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ ഭാഗത്തു നിന്നു കാലതാമസമുണ്ടായി. പിന്നീട് ഇവരെ സർവീസിൽ തിരിച്ചെടുക്കാനും ശ്രമമുണ്ടായി. ഇതിനെതിരെയെല്ലാം സമരം ചെയ്യേണ്ടി വന്നു.

അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ ഹെഡ് നഴ്സ് പി.ബി. അനിക.െ ആരോഗ്യവകുപ്പ് ഇടുക്കിയിലേക്കു സ്ഥലം മാറ്റി. കോടതി വഴി മെഡിക്കൽ കോളജിൽ ജോലിക്കു തിരിച്ചെത്താൻ ശ്രമിച്ച നഴ്സിനെതിരെ ചെയ്യാവുന്ന കുതന്ത്രങ്ങളെല്ലാം ആരോഗ്യവകുപ്പ് ചെയ്തെന്ന് അതിജീവിത പറയുന്നു. കോടതി ഉത്തരവുണ്ടായിട്ടും അവർക്കു തിരിച്ചു മെഡിക്കൽ കോളജിൽ നിയമനം നൽകുന്നതു നീട്ടിക്കൊണ്ടു പോയപ്പോൾ അവർക്കു വേണ്ടിയും അതിജീവിത സമരമിരുന്നു. ഒടുവിൽ കോടതിയലക്ഷ്യ ഹർജിയിൽ തിരിച്ചടി നേരിടുമെന്ന് ഉറപ്പായതോടെയാണ് നഴ്സിങ് ഓഫിസറെ തിരിച്ച് മെഡിക്കൽ കോളജിൽ നിയമിച്ചത്. സംഭവത്തിൽ പീഡനക്കേസിലെ പ്രതി ശശീന്ദ്രനെതിരെയും ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകർക്കെതിരെയും ഇപ്പോൾ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

പീഡനത്തെത്തുടർന്നു തന്റെ മൊഴി രേഖപ്പെടുത്തിയ ഡോക്ടർ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. പ്രതിയെ സഹായിക്കുന്ന വിധത്തിലാണ് ഡോക്ടർ ഈ മൊഴി രേഖപ്പെടുത്തിയതെന്നാണ് ഇവരുടെ പരാതി. എന്നാൽ ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പൊലീസ് ഇതുവരെ പുറത്തു വിട്ടില്ല. നിർണായകമായ കണ്ടെത്തലുകൾ ഉള്ളതു കൊണ്ടാണ് പുറത്തുവിടാത്തതെന്ന് അതിജീവിത പറയുന്നു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറായില്ല. ഒന്നര മാസം മുൻപ് വിവരാവകാശ കമ്മിഷണർക്ക് അതിജീവിത അപ്പീൽ ഹർജിയും നൽകി . അതിലും നടപടിയുണ്ടായില്ല. ഇതോടെയാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിക്കാൻ അതിജീവിത കമ്മിഷണർ ഓഫിസിനു മുന്നിൽ സമരത്തിനിറങ്ങിയത്.

റിപ്പോർട്ട് പുറത്തുവിടാത്ത സിറ്റി പൊലീസ് കമ്മിഷണർക്ക് എതിരെയാണ് അതിജീവിതയുടെ ഒറ്റയാൾ പോരാട്ടം. മേടച്ചൂടിലെ പൊരിവെയിലിൽ നടുറോഡിൽ പ്ലക്കാർഡും പിടിച്ച് ഇരിക്കുമ്പോഴും അതുവഴി പോകുന്ന സർക്കാർ ഔദ്യോഗിക വാഹനങ്ങൾക്കൊന്നും അതൊരു കാഴ്ചയേ അല്ല. ആരും കൂടെയില്ലെങ്കിലും സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഇവർ.

English Summary:

Sunday special about the story of two women's wounds in mind and body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com