ADVERTISEMENT

റഫ (ഗാസ) ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രി സമുച്ചയത്തിലെ കൂട്ടക്കുഴിമാടത്തിൽനിന്നും 200 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആഴ്ചകളോളം ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയാണിത്. രണ്ടാഴ്ച മുൻപാണു സൈന്യം പിൻവാങ്ങിയത്. അഞ്ഞൂറോളം പലസ്തീൻകാരെ ഇവിടെ കാണാതായിരുന്നു. ഇന്നലെ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതും കുട്ടികളുടേതുമാണ്.

തെക്കൻ ഗാസയിലെ റഫയിൽ വീടുകൾക്കുനേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 13 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. അഭയാർഥികൾ താമസിക്കുന്ന പാർപ്പിടസമുച്ചയങ്ങളിലാണു ബോംബിട്ടത്.

ആക്രമണപരമ്പരയിൽ ആദ്യത്തേതിൽ ദമ്പതികളും 3 വയസ്സുള്ള കുഞ്ഞും കൊല്ലപ്പെട്ടു. മരിച്ച യുവതി ഗർഭിണിയായിരുന്നെന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടാമത്തെ വ്യോമാക്രമണത്തിലാണ് ഒരു കുടുംബത്തിലെ 13 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച റഫയിൽ ബോംബാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടിരുന്നു.

ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. വടക്കൻ ഗാസയിൽ ഭക്ഷണവിതരണം ഇതിനിടെ പുനരാരംഭിച്ചു. ഒക്ടോബറിനു ശേഷം ഇതാദ്യമാണ് ഇവിടെ സഹായവിതരണം സാധ്യമാകുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം ആക്രമിച്ച നൂർഷാംസ് അഭയാ‍ർഥി ക്യാംപിൽ 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി പലസ്തീൻ റെഡ് ക്രെസന്റ് അറിയിച്ചു. 

വെസ്റ്റ് ബാങ്കിലെ ഹെബ്രണിൽ ഇസ്രയേൽ സൈന്യം 2 പലസ്തീൻ യുവാക്കളെ വെടിവച്ചുകൊന്നു. 18 വയസ്സും 19 വയസ്സും പ്രായമുള്ള ബന്ധുക്കളായ ഇവർ ചെക്ക് പോയിന്റിൽ ആക്രമണത്തിനു ശ്രമിച്ചെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം. ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിൽ ഇതുവരെ 485 പലസ്തീൻകാർ കൊല്ലപ്പെട്ടു.

ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,097 ആയി. 48 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. 79 പേർക്കു പരുക്കേറ്റു.

ഹനിയയുടെ സഹോദരിക്കെതിരെ കുറ്റം ചുമത്തി

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ സഹോദരി സാബ അൽ സലം ഹനിയ (57) യ്ക്ക് എതിരെ തീവ്രവാദ അനുകൂല പ്രസ്താവനകളുടെ പേരിൽ ഇസ്രയേൽ കുറ്റം ചുമത്തി. തെക്കൻ ഇസ്രയേലിലെ ടെൽ ഷേവയിൽ താമസിക്കുന്ന സാബ ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ പ്രശംസിച്ചിരുന്നു. ഏപ്രിൽ 1ന് അറസ്റ്റിലായിരുന്നു. സാബയുടെ ഭർത്താവ് ഖത്തറിലാണുള്ളത്.

English Summary:

13 children killed in Israeli bombing in Rafah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com