ADVERTISEMENT

രുചി പെരുമയിൽ ലോകത്തിൽ തന്നെ പുകൾപെറ്റ സദ്യയാണ് ആറന്മുള വള്ളസദ്യ. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, വിളമ്പുന്ന കറികളുടെ ബാഹുല്യത്തിലും മറ്റെങ്ങും കാണാത്ത വൈവിധ്യം ഇവിടെയുണ്ട്. ഏകദേശം രണ്ടുലക്ഷത്തോളം പേരാണ് വർഷാവർഷം തിരുവാറന്മുളയപ്പനെ കാണാനും ഈ സദ്യയുടെ രുചിയറിയാനും എത്തുന്നത്. കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് അഭീഷ്ടസിദ്ധിക്കായി ഈ വഴിപാട് നടത്തപ്പെടുന്നത്. ആചാരങ്ങളുടെ അകമ്പടിയോടെയാണ് വള്ളസദ്യയുടെ ആരംഭം. ഏതു പള്ളിയോട കരയിൽ നിന്നുമാണോ വഴിപാട് സമർപ്പിക്കുന്നത് അവരിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യ തയാറാക്കുന്നത്. ഏതു ഭക്തനാണോ വഴിപാട് നടത്തുന്നത്, ആ ഭക്തൻ ക്ഷേത്രത്തിലെത്തി കൊടിമര ചുവട്ടിൽ പറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

ആരാധകരെ ശാന്തരാകുവിൻ! ഇനി എളുപ്പത്തിൽ ഡ്രീം കേക്ക് വീട്ടിലുണ്ടാക്കാം

വിഭവങ്ങളുടെ വൈവിധ്യം മാത്രമല്ല, ഓരോന്നിലും പിന്തുടർന്ന് പോരുന്ന ആചാരങ്ങൾ ഇപ്പോഴും നിലനിർത്തിപ്പോരുകയും ചെയ്യുന്നുണ്ട്. അതിനേറ്റവും വലിയ ഉദാഹരണമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെങ്കിലും സദ്യക്ക് വേണ്ട തൈര് എത്തുന്നത് കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നുമാണ്. ചേനപ്പാടി ചേകവന്റെ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് വിളമ്പ്...എന്നിങ്ങനെ നീട്ടിപ്പാടുമ്പോഴേയ്ക്കും ഇലയരികിൽ തൈര് എത്തും. വള്ളപ്പാട്ടിന്റെ താളത്തിൽ ചോദിക്കുന്ന ഏതു വിഭവവും ''ഇല്ല'' എന്ന് പറയാതെ ഉടനടി വിളമ്പണം. അതാണ് വള്ളസദ്യയുടെ ഭംഗിയും കീഴ്‍‍വഴക്കവും. 

 

 64 തരം കറികളാണ് ഇലയിട്ട് വിളമ്പുന്നത്. അതിൽ അച്ചാറിൽ നിന്നും തുടങ്ങുകയാണെങ്കിൽ, കടുമാങ്ങയും ഉപ്പുമാങ്ങയും നാരങ്ങയും അമ്പഴങ്ങയും ഇഞ്ചിയും നെല്ലിക്കയും പുളിയിഞ്ചിയും. ഇലയറ്റത്ത് വിളമ്പുന്ന ഉപ്പേരികളിൽ കായ വറുത്തതും ശർക്കര വരട്ടിയും മാത്രമല്ല, ചക്ക വറുത്തതും ഉണ്ണിയപ്പവും ഉഴുന്നുവടയും എള്ളുണ്ടയുമുണ്ട്. അവിയലും ഓലനും പച്ച എരിശ്ശേരിയും വറുത്ത എരിശ്ശേരിയും മാമ്പഴ പച്ചടിയും കൂട്ടുകറിയും സദ്യയിലെ പ്രധാനികളായി ഇലയ്ക്ക് അലങ്കാരമാകുന്നു. കൂർക്കയും ചേനയും പയറും കോവയ്ക്കുമാണ് മെഴുക്കു പുരട്ടികളായി വിളമ്പുന്നത്. ഇഞ്ചി തൈരും കിച്ചടിയും ചമ്മന്തിപൊടിയും തകരത്തോരനും ചീര തോരനും ചക്ക തോരനുമാണ് തൊടുകറികൾ. നെയ്യ്, പരിപ്പ്, സാമ്പാർ, കാളൻ, പുളിശ്ശേരി, പാളത്തൈര്, രസം, മോര് എന്നിവയാണ് ചോറിനൊപ്പം വിളമ്പുന്ന ഒഴിച്ചുകറികൾ. പായസങ്ങളിലുമുണ്ട് വൈവിധ്യം അമ്പലപ്പുഴ പാൽപ്പായസം, പാലട, കടലപായസം, ശർക്കരപായസം, അറുനാഴിപായസം. പുത്തരി ചോറിനൊപ്പം ചെറിയ പപ്പടവും വലിയ പപ്പടവും ലഭിക്കും. പായസത്തിനൊപ്പം കൂട്ടികഴിക്കാൻ പൂവൻപഴമുണ്ട്. കൂടാതെ അട, ഉപ്പ്, ഉണ്ടശർക്കര, കൽക്കണ്ടം/പഞ്ചസാര,മലർ, മുന്തിരിങ്ങ, കരിമ്പ്,തേൻ തുടങ്ങി എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങൾ ഒറ്റയിലയിൽ ഭക്തർക്ക് മുമ്പിൽ അണിനിരക്കും.

 

സദ്യ കഴിയുന്നതോടെ വഴിപാട് സമർപ്പിച്ച ഭക്തൻ കൊടിമര ചുവട്ടിൽ വന്നു ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചുവച്ചിരിക്കുന്ന പറ മറിയ്ക്കുകയും ചെയ്യും. പള്ളിയോട കരക്കാർ ദക്ഷിണ സ്വീകരിച്ചു, വഴിപാടുകാരനെ അനുഗ്രഹിച്ചു കൊണ്ട് മടങ്ങും. വള്ളക്കാരെ യാത്രയാക്കിയതിനു ശേഷമാണ് വഴിപാടു സമർപ്പിച്ച വീട്ടുകാർ സദ്യ കഴിക്കുക. അതോടെ വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുകയും ചെയ്യും.

English Summary: The legend of Aranmula and a grand feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com