ADVERTISEMENT

 നമ്മുടെ അതേ സാധനങ്ങള്‍ വില്‍ക്കുന്ന തൊട്ടടുത്ത കടക്കാരന്‍ കടയ്ക്കു മുന്നില്‍ ഏറ്റവും വിലക്കുറവുള്ള കട എന്ന ബോര്‍ഡു വച്ചാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങളുടെ കടയ്ക്കുമുന്നില്‍ പ്രധാന കവാടം എന്നൊരു ബോര്‍ഡു വച്ചാല്‍ മാത്രം മതിയാവില്ലേ. എങ്ങനെയുണ്ട് ഐഡിയ. 

അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന കെയ്‌ല്‍ വാറിങ് നടത്തിയ ആലോചന അദ്ദേഹത്തെപ്പോലും പൊട്ടിച്ചിരിപ്പിച്ചു. പക്ഷേ, കളി കാര്യമായത് കെയ്ൽ തന്റെ ‘വിഡ്ഢിത്തം’ പരീക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ്. എന്താണ് ആ തലയില്‍ വിരിഞ്ഞ ആശയം എന്നല്ലേ? ബോസ്റ്റണിലെ മഞ്ഞെടുത്തു പൊതിഞ്ഞ് ചൂടുള്ള സ്ഥലത്തു വില്‍ക്കുക. ഇതു കേട്ടാല്‍ ആരാണ് ചിരിച്ചു വശംകെടാത്തത്. പക്ഷേ, കെയ്ൽ ചിരിയോടൊപ്പം ചിന്തകൂടി കലര്‍ത്തി. തമാശയ്ക്കാണെങ്കിലും ആ കച്ചവടം തുടങ്ങി. പക്ഷേ, മഞ്ഞു വിൽപന പൊടിപൊടിച്ചു. ആദ്യ ആഴ്ചതന്നെ വരുമാനം അയ്യായിരം ഡോളര്‍! 

‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്നാണ് പ്രമാണം. കച്ചവടത്തിന്റെ ത്രാസിലിട്ടാല്‍ ഈ പ്രമാണം കൂടുതല്‍ പ്രാമാണികമാകും എന്നതാണ് കച്ചവടക്കാരുടെ പ്രമാണം. എന്നാല്‍ കച്ചവടം എന്തായാലും എവിടെയായാലും ആസ്തിയെക്കാള്‍ ആശയത്തിനാണ് പ്രാധാന്യമെന്ന് ലോകത്തിലെ ചെറുതും വലുതുമായ എല്ലാ കച്ചവടങ്ങളും കാണിച്ചുതരുന്നുണ്ട്. പുതിയ ആശയങ്ങള്‍ കണ്ടെത്തി അതു നടപ്പാക്കുന്നവർക്കൊപ്പമാണ് ലോകത്തിന്റെ മനസ്സ്.

അതിനു കാലവും ചരിത്രവും സാക്ഷി. എല്ലാ ആശയങ്ങളും അത്ര ഗഹനമാകണമെന്നുണ്ടോ? ഒരു നിര്‍ബന്ധവുമില്ല. ചിലരുടെ വേറിട്ട ആശയങ്ങള്‍ കേള്‍ക്കുന്നവരെ പൊട്ടിച്ചിരിപ്പിച്ചെന്നിരിക്കും. പരക്കെയുള്ള കളിയാക്കലിനും കാരണമാകാം. പക്ഷേ, തമാശ കാര്യമാകില്ലെന്നും അത് അന്നുവരെ നടത്തിവന്ന വ്യാപാരത്തെ പുതിയ തലങ്ങളിലേക്കു വളര്‍ത്തില്ലെന്നും ആരു കണ്ടു! വാറിങ്‌തന്നെ ഉദാഹരണം. ബന്ധുക്കളെയും കൂട്ടുകാരെയും ആശംസകളറിയിക്കാന്‍ വേറിട്ടൊരു വിദ്യയാണ് മറ്റൊരു വിദ്വാന്‍ ആലോചിച്ചത്. 

ഒടുവില്‍ ആ ചിന്ത ഉരുണ്ടുപിരണ്ടെത്തിയത് ഉരുളക്കിഴങ്ങിലായിരുന്നു. ജന്മദിനത്തിനും വിവാഹത്തിനും മംഗളാശംസകളുമായി ഒരു ഉരുളക്കിഴങ്ങ് പാഴ്‌സല്‍ നിങ്ങളുടെ വീട്ടിലെത്തുന്നത് ആലോചിച്ചു നോക്കൂ. എന്തൊരു കൗതുകമായിരിക്കും! കേട്ടവരെല്ലാം ചിരിച്ചെങ്കിലും വൈകാതെ, ആശംസാസന്ദേശങ്ങളുമായി ഉരുളക്കിഴങ്ങു പാഴ്‌സലുകള്‍ പറന്നു. ഒടുവിലത് എല്ലാവരും ഏറ്റെടുത്തു. വേറിട്ട ചിന്തകളുടെ ചന്തം കണ്ടില്ലേ!

പണംകൊണ്ടു വിജയം എത്തിപ്പിടിക്കാമെന്ന് ഒരു കച്ചവടക്കാരനും കരുതരുത്. പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് പ്രധാനം. ആശയങ്ങള്‍ ഉടമയില്‍നിന്നുണ്ടാകണം എന്നും കരുതേണ്ട. കടയിലെ കണക്കെഴുത്തുകാരനും എടുത്തുകൊടുപ്പുകാരനും ആശയങ്ങളുടെ ഉറവിടങ്ങളാകാം. 

അവരെ പ്രോത്സാഹിപ്പിക്കാനും നടപ്പാക്കാനുമുള്ള ആര്‍ജവമാണ് കടയുടമയ്ക്കു വേണ്ടത്. ‘ഒത്തു നാം നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ഒട്ടേറെ ദൂരമില്ല,’ എന്നാണല്ലോ. നല്ല ആശയം കിട്ടിയാല്‍ വിജയിപ്പിക്കുക എന്നത് നിങ്ങള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പണമില്ലാത്തവന്‍ പിണം എന്ന പഴഞ്ചൊല്ല് പുതിയ കാലത്ത് കൂടുതല്‍ പഴഞ്ചനായിരിക്കുന്നു. പണത്തിനു മീതെ പറക്കുന്ന ആശയങ്ങളാണ് പുതിയകാല വിജയത്തിന്റെ നട്ടെല്ല്. 

അപ്പോള്‍ മറക്കണ്ട: സ്‌മൈല്‍സ് ടു ഗോ ബിഫോര്‍ യു ലീപ്പ് •

(മനോരമ സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com