ADVERTISEMENT

അഹമ്മദാബാദ്∙ കളി വിജയിപ്പിക്കാൻ വിൽ ജാക്സ് തുനിഞ്ഞിറങ്ങിയപ്പോൾ ഗുജറാത്ത് ബോളർമാര്‍ക്ക് ഒരു കാര്യം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു, വെറുതെ നിന്ന് തല്ലു വാങ്ങുക. അവസാന പന്തുകളിൽ വിൽ ജാക്സ് സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ നടത്തിയ മത്സരം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒന്‍പതു വിക്കറ്റിനു വിജയിച്ചു. 201 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 24 പന്തുകൾ ബാക്കിനിൽക്കെയാണ് ആർസിബി അനായാസം കുതിച്ചത്.

41 പന്തുകൾ നേരിട്ട വിൽ ജാക്സ് 100 റൺസുമായി പുറത്താകാതെനിന്നു. പത്ത് സിക്സുകളാണ് വിൽ ജാക്സ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഓപ്പണർ വിരാട് കോലി 44 പന്തുകളിൽ 70 റൺസുമായി വിൽ ജാക്സിനു ശക്തമായ പിന്തുണയേകി. സ്കോർ: ഗുജറാത്ത്- മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200, ബെംഗളൂരു– ഒരു വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ 206. ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 24 റൺസെടുത്തു പുറത്തായി.മൂന്നാം വിജയം നേടിയെങ്കിലും ആറു പോയിന്റുമായി പത്താം സ്ഥാനത്താണ് ആർസിബി.

24 പന്തുകളില്‍ 31 റൺസെടുത്ത്, താളം കണ്ടെത്താൻ ഒരു ഘട്ടത്തിൽ ബുദ്ധിമുട്ടിയ വിൽ ജാക്സ് മോഹിത് ശർമയെറിഞ്ഞ 15–ാം ഓവറിലാണ് ബാറ്റിങ്ങിൽ ‘ഗിയർ മാറ്റിയത്’. മൂന്നു സിക്സുകളും രണ്ടു ഫോറുകളും ഈ ഓവറിൽ താരം ബൗണ്ടറി കടത്തി. റാഷിദ് ഖാൻ എറിഞ്ഞ 16–ാം ഓവറിലെ ആദ്യ പന്തിൽ കോലി എടുത്ത് നോൺ സ്ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനായി. നാലു സിക്സുകളും ഒരു ഫോറും നേടി വിൽ ജാക്സ് കളി നേരത്തേ തീർത്തുകൊടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. സായ് സുദർശനും (49 പന്തില്‍ 84), ഷാറുഖ് ഖാനും (30 പന്തിൽ 58) ഗുജറാത്തിനായി അർധ സെഞ്ചറി നേടി. ഓപ്പണർ വൃദ്ധിമാൻ സാഹ (അഞ്ച്), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (16) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സായ് സുദർശൻ– ഷാറൂഖ് ഖാൻ കൂട്ടുകെട്ട് ടൈറ്റൻസിനെ തുണച്ചു. 24 പന്തുകളിൽ ഷാറൂഖ് ഖാൻ ഐപിഎല്ലിലെ താരത്തിന്റെ ആദ്യ അർധ സെഞ്ചറി തികച്ചു. സ്കോർ 131 ൽ നിൽക്കെ ഷാറുഖിനെ മുഹമ്മദ് സിറാജ് ബോൾഡാക്കി.

shahrukh-khan-1248
അർധ സെഞ്ചറി നേടിയ ഷാറുഖ് ഖാന്റെ ആഹ്ലാദം. Photo: X@IPL

അവസാന പന്തുകളിൽ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് സായ് സുദർശൻ ആക്രമണം ശക്തമാക്കിയതോടെ ഗുജറാത്ത് സ്കോർ അതിവേഗം കുതിച്ചു. അവസാന അഞ്ചോവറിൽ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. യാഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിലെ അവസാന പന്തിൽ സിക്സർ പറത്തി ‍ഡേവിഡ് മില്ലർ സ്കോർ‌ 200 ൽ എത്തിച്ചു. 19 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 26 റൺസെടുത്തു പുറത്താകാതെനിന്നു. ആർസിബിക്കു വേണ്ടി സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. 

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ, സായ് സുദർശൻ, അസ്മത്തുല്ല ഒമർസായി, ഡേവിഡ് മില്ലര്‍, രാഹുൽ തെവാത്തിയ, ഷാറൂഖ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, നൂർ അഹമ്മദ്, മോഹിത് ശർമ.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ– വിരാട് കോലി, ഫാഫ് ഡുപ്ലേസി (ക്യാപ്റ്റന്‍), വിൽ ജാക്സ്, രജത് പട്ടീദാർ, ഗ്ലെൻ മാക്സ്‍വെൽ, കാമറൂൺ ഗ്രീൻ, ദിനേഷ് കാർത്തിക്ക്, കരൺ ശർമ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, സ്വപ്നിൽ സിങ്

English Summary:

IPL 2024, Royal Challengers Bengaluru vs Gujarat Titans Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com