ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി മുന്‍ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഓൾറൗണ്ടറായി അറിയപ്പെടുന്ന പാണ്ഡ്യയിൽനിന്ന് പ്രധാനപ്പെട്ടൊരു ഓൾറൗണ്ട് പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇർഫാന്‍ പഠാൻ വ്യക്തമാക്കി.

‘‘ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ആവശ്യത്തിൽ അധികം പ്രാധാന്യം നൽകുന്നതായി എനിക്കു തോന്നുന്നു. രാജ്യാന്തര തലത്തിൽ എടുത്തുപറയത്തക്ക ഒരു ഓൾറൗണ്ട് പ്രകടനം ഹാർദിക് ഇതുവരെ നടത്തിയിട്ടില്ല. ഹാർദിക്കിന്റെ കഴിവിൽ ആർക്കും സംശയമില്ല. പക്ഷേ, മത്സരത്തിൽ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഇന്നിങ്സുകൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നില്ല.’’

‘‘ഐപിഎലിലെയും രാജ്യാന്തര മത്സരങ്ങളിലെയും പ്രകടനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്നു മനസ്സിലാക്കണം. ഹാർദിക് ആദ്യം രാജ്യാന്തര മത്സരങ്ങളിൽ സ്ഥിരതയോടെ കളിച്ചു തെളിയിക്കട്ടെ.’’- ഇർഫാൻ പഠാൻ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പഠാന്റെ വിമർശനം. പാണ്ഡ്യ ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മികച്ചൊരു ഓള്‍റൗണ്ടറെ ഐപിഎല്ലിൽനിന്ന് ഇതുവരെ കണ്ടെത്താൻ ബിസിസിഐയ്ക്കു സാധിച്ചിട്ടില്ല. പാണ്ഡ്യയെ ഒഴിവാക്കി തകർപ്പൻ ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെയെ ടീമിലേക്കു പരിഗണിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലിൽ പന്തെറിഞ്ഞ് കഴിവു തെളിയിക്കാൻ ശിവം ദുബെയ്ക്ക് അധികം അവസരം ലഭിച്ചിട്ടില്ല. ബാറ്ററായാണ് ചെന്നൈ ശിവം ദുബെയെ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ കാര്യമായ വെല്ലുവിളികളില്ലാതെ പാണ്ഡ്യ ലോകകപ്പ് കളിക്കാനാണു സാധ്യത.

English Summary:

Irfan Pathan slams Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com