ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിൽ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യം, മുടിയുടെ ആരോഗ്യം തുടങ്ങിയവയൊക്കെയാണ് കൂടുതലായി നമ്മൾ ശ്രദ്ധിക്കാറുള്ളത്. എന്നാൽ സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേക സ്ഥാനം. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. നഖങ്ങളില്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
പാത്രം കഴുകുമ്പോഴും പൂന്തോട്ടത്തിലെ പണികള്‍ക്കും പെയിന്റിങ്ങിനും മറ്റും പോകുമ്പോൾ ഒക്കെ കയ്യുറകള്‍ നിർബന്ധമായും ധരിക്കുക. പ്രൈസ് ടാഗ് ചുരണ്ടിക്കളയാന്‍ നഖത്തിനു പകരം സ്പൂണോ മറ്റെന്തെങ്കിലുമോ ഉപയോഗിക്കുക. ബാര്‍ സോപ്പിനു പകരം ഹാന്‍ഡ് വാഷ് ശീലിക്കാം. ക്യൂട്ടിക്കിള്‍ മൃദുലമായിരിക്കാന്‍ ലോഷന്‍ ഉപയോഗിക്കാം. 

ഇതൊന്നും കൂടാതെ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകും. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല പദാർഥങ്ങളും നഖത്തിന് ദോഷം വരുത്തുന്നവയാണ്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും, ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടും നഖങ്ങൾ പൊട്ടിപ്പോകുകയാണെങ്കിൽ അത് ചില ആരോഗ്യപ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.

നിരന്തരം കൈകൾ കഴുകുന്നതും അത്ര നല്ലതല്ല. ഇത് ചർമവും നഖവും മൃദുവാക്കുന്നു. ഇടയ്ക്കിടെ കൈ കഴുകുന്ന പ്രകൃതക്കാരാണ് എങ്കിൽ കൈ കഴുകിയ ശേഷം തുടച്ചു ഉണക്കുക. നഖത്തിൽ ഈർപ്പം നിൽക്കുന്നത് നല്ലതല്ല. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളിഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.  

ചെറിയ പൊടിക്കൈകൾ 
ഒരു കപ്പിൽ ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍, ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വരണ്ട ചര്‍മക്കാര്‍ അല്‍പം മോയ്‌സ്ച്റൈസർ ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കുന്നതാണ് നല്ലത്.  നഖങ്ങളിലെ പോളിഷ് നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ. നഖം കുതിര്‍ന്നാല്‍ അതിലെ അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങള്‍ നീക്കം ചെയ്യുക. കൈകള്‍ സ്‌ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. പിന്നീട് നന്നായി കഴുകി ക്രീം ഉപയോഗിച്ച്  മസാജ് ചെയ്യുക. ഇത് ആഴ്ചയിൽ രണ്ട്‍ തവണ ചെയ്യുന്നത് നല്ല ഫലം നൽകും.

English Summary:

Essential Nail Care Tips for a Complete Beauty Regimen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com