ADVERTISEMENT

പരീക്ഷയ്ക്കുശേഷം ഒഎംആർ ഉത്തരക്കടലാസിന്റെ കാർബൺ കോപ്പി ഉദ്യോഗാർഥികൾക്കു ലഭ്യമാക്കുന്ന രീതി ഒക്ടോബർ 8നു നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയോടെ നിർത്തലാക്കുന്ന സൂചനയിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ്.

കോപ്പി ലഭിക്കാത്തത് ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രത്തിൽ സൂചിപ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഉത്തരക്കടലാസിന്റെ കാർബൺ കോപ്പി നൽകേണ്ടെന്നതു പുതിയ തീരുമാനമാണെന്നും പിഎസ്‌സിയുടെ മാതൃകയിൽ ഉത്തരക്കടലാസ് പരിഷ്കരിച്ചെന്നുമായിരുന്നു പരീക്ഷാ ബോർഡിൽനിന്നു ലഭിച്ച മറുപടി. എന്നാൽ, ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

അര മാർക്കിന്റെ 160 ചോദ്യങ്ങൾ എന്ന കണക്കിൽ 80 മാർക്കിന്റെ പരീക്ഷയാണ് ജൂനിയർ ക്ലാർക്ക് തസ്തികയിൽ നടത്തിയത്. ജയിക്കുന്നവർക്ക് 20 മാർക്കിന്റെ അഭിമുഖംകൂടി നടത്തിയശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട സഹകരണ സ്ഥാപനമാണ് ഇന്റർവ്യൂ നടത്തുക.

മാറ്റം പരിഷ്കരണത്തിന്റെ ഭാഗം: ബോർഡ് സെക്രട്ടറി

പരീക്ഷാസമ്പ്രദായത്തിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഉത്തരക്കടലാസിന്റെ കാർബൺ കോപ്പി നൽകാതിരുന്നതെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി വ്യക്തമാക്കി. പരീക്ഷാരീതിയിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനുള്ള ചട്ടഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലാണ്. കരടുചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേയ് 18നു ചേർന്ന ബോർഡ് യോഗം പിഎസ്‌സി മാതൃകയിൽ ഒഎംആർ ഉത്തരക്കടലാസ് പരിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

പിഎസ്‌സി പോലെയുള്ള സ്ഥാപനങ്ങൾ കാർബൺ കോപ്പി നൽകാറില്ല. പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിശ്ചിത ദിവസത്തിനകം 100 രൂപ ഫീസ് അടച്ച് അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു. 

English Summary:

OMR Answersheet Carbon Copy Stopped PSC Newsupdates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com