ADVERTISEMENT

മാസങ്ങളായി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കാനുള്ള പിഎസ്‌സി തീരുമാനം ഏറെ സ്വാഗതാർഹമാണ്. ഈ വർഷംതന്നെ വിജ്ഞാപനം വരുന്നത്, ഡിസംബർ 31നു പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്നു. ആഴത്തിലും വൈവിധ്യമാർന്നതുമായ പരിശീലനത്തിലൂ‌‌‌‌ടെ ഉദ്യോഗാർഥികൾക്കു വഴിതെളിക്കാൻ തൊഴിൽവീഥി മുൻപേ തുടക്കമിട്ടു കഴിഞ്ഞു.

ക്ലാർക്ക് എന്നാണ് ഇപ്പോൾ തസ്തികയുടെ പേരെങ്കിലും എൽഡി ക്ലാർക്ക് എന്നുതന്നെ വിളിക്കാനാണ് തൊഴിലന്വേഷകർക്കു താൽപര്യം. പതിനായിരത്തിലധികം പേർക്കു നിയമനം ലഭിക്കാവുന്ന ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുക മുൻപത്തെപ്പോലെ എളുപ്പമല്ല. ചോദ്യമാതൃകയിലെ മാറ്റങ്ങൾ, കൂടുതൽ ചിട്ടയായ പരിശീലനത്തിന്റെ ആവശ്യം എടുത്തുപറയുന്നു. മുൻകാല ചോദ്യ പേപ്പറുകളും അനുബന്ധ വിഷയങ്ങളും വിശകലനം ചെയ്ത് തൊഴിൽവീഥിയിലൂടെ വിദഗ്ധർ തയാറാക്കുന്ന പരിശീലനം റാങ്ക് ലിസ്റ്റിലേക്ക് ഉദ്യോഗാർഥികളെ കൈപിടിച്ചു നയിക്കാൻ ലക്ഷ്യമിടുന്നതായിരിക്കും. മുൻകാല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ ഇത് അടിവരയിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

2019ലെ വിജ്ഞാപനപ്രകാരം എൽഡി ക്ലാർക്ക് തസ്തികയിലേക്ക് 17,58,338 പേർ അപേക്ഷ നൽകിയിരുന്നു. എസ്എസ്എൽസി മുതൽ മുകളിലേക്കു യോഗ്യത നേടിയവർക്കെല്ലാം അപേക്ഷിക്കാമെന്നതിനാൽ ഇത്തവണ അപേക്ഷകർ 18 ലക്ഷം കടക്കുമെന്നുറപ്പ്. ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരമില്ലാത്തതിനാൽ എൽഡിസിയുടെയത്ര അപേക്ഷർ ഉണ്ടാവില്ല. കഴിഞ്ഞ തവണ 6,98,797 പേരാണ് അപേക്ഷ നൽകിയത്. ഇത്തവണ അപേക്ഷകർ 7 ലക്ഷം കടന്നേക്കും. എൽപിഎസ്ടി, യുപിഎസ്ടി, സിപിഒ, എസ്ഐ തുടങ്ങി നൂറോളം വിജ്ഞാപനങ്ങൾകൂടി ഡിസംബറിൽ പ്രതീക്ഷിക്കുന്നു.

ഈ വർഷം ഡിസംബർ 31 വരെ പ്രസിദ്ധീകരിക്കുന്ന എല്ലാ വിജ്ഞാപനങ്ങളുടെയും പരീക്ഷാതീയതി ജനുവരി ഒന്നിനു പ്രഖ്യാപിക്കും. ഉദ്യോഗാർഥികൾക്കു മുൻകൂട്ടി തയാറെടുക്കാൻ ഇത് ഉപകരിക്കും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ അടുത്ത വർഷം പകുതിയോടെ നടത്താനാണു സാധ്യത. ഇനിയുള്ള ദിവസങ്ങൾ തീവ്രപരിശീലനത്തിനായി മാറ്റിവയ്ക്കാം. സിലബസിന്റെ എല്ലാ മേഖലകളെയും സ്പർശിച്ച് തൊഴിൽവീഥി തയാറാക്കുന്ന പരിശീലനം പിന്തുടർന്ന് ആശിച്ച സർക്കാർ ജോലി സ്വന്തമാക്കാൻ ഉദ്യോഗാർഥികളെ സ്വാഗതം ചെയ്യുന്നു. എല്ലാ പ്രിയ വായനക്കാർക്കും വിജയാശംസകൾ.

English Summary:

LDC LGS Notification PSC Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com