ADVERTISEMENT

മംഗളൂരു ∙ അവധിക്കാല തിരക്കു കുറയ്ക്കാനെന്നു പറഞ്ഞ് അതിവേഗം വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുക, ഒരു സർവീസോടു കൂടി അവസാനിപ്പിക്കുക.  മംഗളൂരു സെൻട്രൽ-കോട്ടയം വീക്കിലി സ്പെഷൽ 06075–76 ട്രെയിൻ ഒറ്റ സർവീസോടു കൂടി റദ്ദാക്കിയ റെയിൽവേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റെയിൽവേ സ്വീകരിക്കുന്ന ഇത്തരം നടപടികൾ യാത്രക്കാരോടുള്ള കൊടുംക്രൂരതയാണെന്ന വിമർശനമാണ് പ്രധാനം. ഈ ശനിയാഴ്ച ഉൾപ്പെടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ഇപ്പോൾ പെരുവഴിയിലാണ്.

പ്രായോഗിക കാരണങ്ങളാൽ സർവീസ് നിർത്തുന്നു എന്നാണ് റെയിൽവേയുടെ അറിയിപ്പ്. എന്നാൽ വ്യക്‌തമായ വിശദീകരണം ഉണ്ടായില്ല. ലോക്കോ പൈലറ്റുമാരുടെ കുറവാണു സർവീസ് നിർത്താൻ കാരണം എന്നും വിവരങ്ങളുണ്ട്. എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ തിടുക്കപ്പെട്ട് സർവീസ് എന്തിനു തുടങ്ങിയെന്ന ചോദ്യമാണ് യാത്രക്കാരുടേത്. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച മാത്രമായി ഒറ്റ സർവീസാണ് ട്രെയിൻ നടത്തിയത്.

സർവീസ് തുടങ്ങുന്നതിന് മുൻപ് ആവശ്യമായ പ്രചാരണം നൽകിയിരുന്നു എങ്കിൽ മംഗളൂരുവിൽ നിന്ന് കൂടുതൽ യാത്രക്കാർ ഉണ്ടാകുമായിരുന്നു. യാതൊരു അറിയിപ്പും ഇല്ലാതെ സർവീസ് നിർത്തലാക്കിയത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ് 

വൈകിയ വേളയിൽ വെള്ളിയാഴ്‌ച സർവീസ് പ്രഖ്യാപിച്ചത് കാരണം ആദ്യ യാത്രയിൽ മംഗളൂരുവിൽ നിന്ന് 15 % സീറ്റുകൾ മാത്രമാണ് റിസർവ് ചെയ്‌തിരുന്നത്. അവധിക്കാല തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആയിരുന്നു ട്രെയിൻ പ്രഖ്യാപിച്ചത്. എന്നാൽ ജോലി ദിവസം കൂടിയായ ശനിയാഴ്‌ചകളിൽ പകൽ സമയം മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത് യാത്രക്കാർ ട്രെയിൻ തിരഞ്ഞെടുക്കാതിരിക്കാൻ കാരണമായോ എന്ന സംശയങ്ങളും ഉണ്ട്. 

ധാരാളം കോളജുകളും ആശുപത്രികളും ഉള്ള മംഗളൂരുവിലേക്കും തിരിച്ചുമുള്ള വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുഗ്രഹമാകുന്ന ഘട്ടത്തിൽ ഇത്തരം നടപടികൾ ക്ലേശകരമാണ്.

രാത്രി 9.45ന് തിരിച്ച് മംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രെയിനിനെ തെക്കു നിന്നുള്ള യാത്രക്കാർ കൂടുതൽ പരിഗണിക്കും എന്നായിരുന്നു കരുതിയിരുന്നത്. രാവിലെ 6.55ന് ആണ് ട്രെയിൻ മംഗളൂരുവിൽ എത്താൻ നിശ്ചയിച്ചിരുന്ന സമയം. അതുകൊണ്ട് തന്നെ എറണാകുളം, കോട്ടയം ഭാഗങ്ങളിൽ നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ഗുണകരമാകും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com